ആര്‍എസ്എസിന്റെ പ്രവര്‍ത്തനം വളര്‍ന്ന് പടര്‍ന്നുപന്തലിച്ച് ലോകവ്യാപകമായതിന്റെ മേന്മ അവകാശപ്പെടാന്‍ ആര്‍ക്കാണ് കഴിയുക? അന്യാദൃശമായ ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ഡോക്ടര്‍ കേശവബലിറാം ഹെഡ്ഗേവാര്‍ മുതല്‍ ഇങ്ങോട്ട് ലക്ഷക്കണക്കിന് സ്വയംസേവകരെല്ലാം തന്നെ അതില്‍ തങ്ങളുടെതായ പങ്കുവഹിച്ചിട്ടുണ്ട്, ഇപ്പോള്‍ വഹിച്ചുകൊണ്ടിരിക്കുന്നു. അവരില്‍ ചിലര്‍ അവിസ്മരണീയരായി ചിലര്‍ക്കുതോന്നും. പലരും ഇന്ന് ജീവിച്ചിരിക്കുന്നുണ്ടാവില്ല. ചിലര്‍ തങ്ങളുടെ ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ അതിഗംഭീരമായ പ്രവര്‍ത്തനത്തിലൂടെ അനേകര്‍ക്ക് പ്രചോദനം നല്കിയ ശേഷം നിശ്ശബ്ദരായിത്തീര്ന്നിരിക്കാം. അത്തരക്കാരെ ഓര്‍ക്കുന്നത് വലിയ ആനന്ദം നല്കുന്ന കാര്യമാണ്.
കഴിഞ്ഞയാഴ്ചയില്‍ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ ചാവക്കാട്ടു ഘടകം രണ്ടുപഴയ സ്വയം സേവകരെ അനുസ്മരിക്കുന്ന ഒരു ചടങ്ങു നടത്തിയ വിവരം ജന്മഭൂമിയില് വായിക്കാനിടയായി. അത് വായിച്ചപ്പോള്‍ അരനൂറ്റാണ്ടിനപ്പുറത്തേക്ക് ചിന്തകള്‍ പാഞ്ഞുപോയി. സംഘപ്രവര്‍ത്തനത്തില്‍ കാര്യമായ അനുഭവമില്ലാതെ പ്രചാരക ജീവിതം ആരംഭിച്ച ഈ ലേഖകന്‍ ആദ്യമായി ലഭിച്ച പ്രവര്‍ത്തന ക്ഷേത്രം ചാവക്കാട്ട് താലൂക്കായിരുന്നു. ഇന്നത്തെപ്പോലെ വൈദ്യുതി ബന്ധമോ, ടാര്‍ റോഡുകളോ ഇല്ലാതിരുന്ന അക്കാലത്തെ കൂട്ടുങ്ങല്‍ അങ്ങാടിക്കാണ് ഇന്ന് ചാവക്കാട് എന്ന് പറയുന്നത്. അന്നത്തെ ചാവക്കാട് പാവര്‍ട്ടി റോഡില്‍ ഒന്നര കിലോമീറ്റര്‍ അകലെയായിരുന്നു. അന്ന് പരമേശ്വര്‍ജിയാണ് എന്നെ അവിടെ ചുമതലയേല്‍പ്പിച്ചത്. ആദ്യ ദിവസം പോകേണ്ടിയിരുന്നത് അവിടുത്തെ ശിവാജി ശാഖയിലായിരുന്നു. കൂട്ടുങ്ങല്നിന്നും പുഴ കടന്ന് പടിഞ്ഞാറ് കടപ്പുറത്തേക്കുള്ള റോഡില്‍ ചാപ്പറമ്പ് എന്നുവിളിച്ചിരുന്ന സ്ഥലത്തായിരുന്നു ശാഖ. സ്വയംസേവകര്‍ മുഴുവന്‍ തന്നെ കടല്‍ പ്രവൃത്തിക്കാരായിരുന്നു. അവരുടെ ഭജനമണ്ഡപം പോലത്തെ സ്ഥലത്തായിരുന്നു ശാഖ നടന്നുവന്നത്.
അന്നത്തെ ശിക്ഷകന് എ.കെ.സുബ്ബയ്യനായിരുന്നു. മഴയായതിനാല്‍ ശാഖാ പരിപാടികള്‍ അകത്തു നടന്നു. പുതിയ പ്രചാരകനായി പരമേശ്വര്‍ജി എന്നെ അവര്‍ക്ക് പരിചയപ്പെടുത്തി. അക്കൂട്ടത്തില്‍ അവര്‍ക്ക് ഏറ്റവും ബഹുമാന്യ സ്വയംസേവകനായിരുന്നു വേലുവേട്ടന്. അദ്ദേഹം മത്സ്യവ്യാപാരം നടത്തിയിരുന്നുവെന്നാണ് എന്റെ ഓര്മ. അവിടത്തെ കടപ്പുറത്തിന് ബ്ലാങ്ങാട് കടപ്പുറമെന്നാണ് പേര്. അവിടെ ഗുരുവായൂര്‍ ക്ഷേത്രം വക വലിയൊരു സങ്കേതം ഇപ്പോഴുണ്ട്. ദ്വാരക ബീജ്ജ് എന്നാണിപ്പോള്‍ പേരെന്ന് തോന്നുന്നു. ഗുരു (ബൃഹസ്പതി)വും വായുവും ചേര്‍ന്ന് ദ്വാരകയില്‍നിന്ന് ശ്രീകൃഷ്ണന്റെ അഞ്ജന വിഗ്രഹം കടല്‍മാര്‍ഗം കൊണ്ടുവന്നത് അവിടെയാണെന്ന് സങ്കല്‍പ്പം.
ബ്ലാങ്ങാട് കടപ്പുറത്ത് അക്കാലത്ത് വേദവ്യാസ ശാഖയുണ്ടായിരുന്നു. വേലായി വേദു, അയിപ്പു മുതലായ ചില സ്വയംസേവകര്‍ അവിടെയുണ്ടായിരുന്നു. കടപ്പുറം മുഴുവന്‍ പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന കശുമാവിന് തോട്ടങ്ങളായിരുന്നു. അതിന്റെ ശിഖരങ്ങള്‍ നിലംപറ്റിക്കിടന്നിരുന്നു. വേലായിയുടെ വീട്ടില്‍ ഒരു ശാഖ കഴിഞ്ഞു താമസിക്കാന്‍ അവസരമുണ്ടായി. കടപ്പുറത്തെ മുക്കുവക്കുടിലില്‍ ആദ്യത്തെ താമസമായിരുന്നു അത്. സസ്യാഹാരം മാത്രം ശീലിച്ച എനിക്ക് അത്താഴം തരാന്‍ ആ കുടുംബം വളരെ വിഷമിച്ചിരിക്കണം. പക്ഷേ മുന്‍പ് ശര്‍മാജിക്കും ആതിഥേയത്വം വഹിച്ചിരുന്നതിനാല്‍ അവര്‍ക്ക് സസ്യാഹാരം എന്തെന്ന് പരിചയമുണ്ടായിരുന്നു. പ്രഭാതകൃത്യങ്ങള്‍ക്ക് പുരുഷന്മാരൊക്കെ കടലിലെ തിരമറിയുന്ന സ്ഥലമുപയോഗിക്കുമായിരുന്നു. ചുറ്റുപാടും ഇരുട്ട് കാണുന്നവര്‍ക്ക് നാണം എന്ന തത്വമാണിവിടെ. ഒരു തിര വന്ന് മടങ്ങിയാല്‍ എല്ലാം ക്ലീനായി കഴിയും. എനിക്ക് ആ തത്വം പ്രയാസമുണ്ടാക്കുമെന്നതിനാല്‍ പന്തലിച്ച് നിലംതൊട്ടു കിടക്കുന്ന ഒരു കശുമാവിന്റെ പടര്‍പ്പിനുള്ളില്‍ കാര്യസാധ്യം നടത്താന്‍ ഉപദേശം ലഭിച്ചു. പക്ഷെ പിന്നെയും കഴുകാന്‍ കടലിനെ ആശ്രയിക്കണമല്ലൊ. കുറെ കഴിഞ്ഞപ്പോള്‍ കടപ്പുറത്തെ പ്രഭാത കൃത്യം അത്ര പ്രയാസമില്ലാ എന്ന് വാടാനപ്പിള്ളിയിലും പയ്യോളിയിലും മറ്റും പോയ അനുഭവത്തില്‍നിന്നു പഠിച്ചു.
വേലുവേട്ടനുമായി സംസാരിച്ചിരുന്നാല്‍ നേരം പോവുകയില്ല. 1950 ല്‍ നാഗപ്പൂരില്‍ പ്രഥമവര്‍ഷ ശിക്ഷണം കഴിഞ്ഞ ആളായിരുന്നു അദ്ദേഹം. കുറച്ചുകാലം പ്രചാരകനായിരുന്ന ഗുരുവായൂരിലെ ബാലകൃഷ്ണന് നായരും വേലുവേട്ടനോടൊപ്പമുണ്ടായിരുന്നുവത്രേ. ആ ശിബിരത്തിലെ നടപടികളില്‍ വേലുവേട്ടന്റെ ഓര്‍മയില്‍ നില്ക്കുന്ന ഒരു കാര്യം പൂജനീയ ഗുരുജിയുടെ അച്ഛന് സംഘസ്ഥാനില്‍ വന്നു പ്രണാം ചെയ്തശേഷം സര്‍സംഘചാലകന്റെ മുമ്പില്‍ ചെന്ന് പ്രണാം കൊടുത്ത സംഭവമായിരുന്നു. അതിന്റെ തത്വം ദഹിക്കാന്‍ തനിക്ക് വളരെ സമയം വേണ്ടിവന്നുവെന്നും മലബാര്‍ പ്രചാരകനായിരുന്ന ശങ്കര്‍ ശാസ്ത്രിയാണ് അത് തീര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. കടല്‍ പ്രവൃത്തിയുടെ അനിശ്ചിതത്വവും സങ്കീര്‍ണതകളും സാഹസികതകളും മനസ്സിലാക്കിത്തന്നതും അദ്ദേഹം തന്നെ ആയിരുന്നു. കടപ്പുറത്തു പോയി തോണികള്‍ ഇറക്കുന്നതും സമുദ്ര മധ്യത്തില്‍ മത്സ്യം പിടിക്കുന്നതും കരയില്‍ നിന്നു കണ്ടു. കടലില്‍ മത്സ്യമുണ്ടെന്ന് മനസ്സിലാക്കുന്ന സൂചനകളും അദ്ദേഹം വിവരിച്ചു. ഞാന്‍ അവിടെയുണ്ടായിരുന്ന വര്‍ഷത്തെ ‘ചാകര’ക്കാലത്ത് അമിതമായി മത്തിക്കൊയ്ത്തുണ്ടായി.
മത്സ്യമെന്ത് ചെയ്യണമെന്നറിയാതെ കടപ്പുറം മുഴുവന്‍ ഉഴറി. വില നിലം പേറ്റ്ത്താണ്. ഇന്നത്തേതുപോലത്തെ സംസ്ക്കരണ സൂക്ഷിപ്പുമാര്ഗങ്ങള് ഇല്ലാതിരുന്നതിനാല്‍ ഉണ്ടായ ദുരിതം ഭയങ്കരമായിരുന്നു. തെങ്ങിന് ചുവട്ടിലും മറ്റും വളമായി മത്തി ഉപയോഗിച്ചു. കുറേ നാളത്തേക്ക് ഭയങ്കരമായ ദുര്‍ഗന്ധം സഹിക്കേണ്ടിവന്നു. അതുകഴിഞ്ഞപ്പോള്‍ ഭയങ്കരമായ ഈച്ച ശല്യമുണ്ടായി. ചായക്കടകളില്‍ ഭക്ഷണം കഴിക്കാന്‍ പ്രയാസമായി. ഈച്ചയെ ആകര്‍ഷിച്ചു കൊല്ലുന്ന ഒരു ദ്രാവകം കലക്കി വെച്ച പാത്രങ്ങള്‍ നിമിഷംകൊണ്ട് നിറയുമായിരുന്നു. വേലുവേട്ടന്റെ താമസസ്ഥലത്ത് സ്ഥിതി അതുതന്നെയായിരുന്നു.
ഒരു ദിവസം അദ്ദേഹത്തിന് ശരീര തളര്‍ച്ച സംഭവിച്ച വിവരം അറിഞ്ഞു. വീട്ടില്‍ ചെന്നപ്പോള്‍ എഴുന്നേല്ക്കാന് വയ്യാത്ത അവസ്ഥയില്‍ കിടക്കുകയായിരുന്നു. സ്വയംസേവകരും ബന്ധുക്കളും ആകാംക്ഷാഭരിതരായി കാത്തുനിന്നു. ആയുര്‍വേദ ചികിത്സയാണ് നടത്തിവന്നത്. വേലുവേട്ടന് സംഘപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത് ഇഷ്ടപ്പെടാത്ത ജ്യേഷ്ഠനുമായി ഒത്തുപോകാന്‍ കഴിയാത്തതിനാല്‍ അദ്ദേഹം വീട്ടില്‍ പോകാറുണ്ടായിരുന്നില്ല. എന്നാല്‍ അവശനിലയിലായപ്പോള്‍ ജ്യേഷ്ഠന് വരികയും ചികിത്സാ ശുശ്രൂഷാദികളുടെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. സകലതും ഗുരുവായൂരപ്പന് സമര്‍പ്പിച്ചുകൊണ്ട്, ഏതാനും മാസത്തെ ചികിത്സ കൊണ്ട് നടക്കാറായി. പിന്നെ ഒരു വര്‍ഷക്കാലത്തോളം ഗുരുവായൂര്‍ താമസിച്ച്, നട തുറക്കുമ്പോള്‍ മുതല്‍ അടക്കുന്നതുവരെ ഗുരുവായൂരപ്പ സന്നിധിയില്‍ കഴിഞ്ഞു. അതുകഴിഞ്ഞ് സാധാരണ ജീവിതം തുടര്‍ന്നു. ഗുരുവായൂരില്‍ പോകുമ്പോള്‍ ഒഴിവാക്കാതെ കാണാന്‍ സാധിച്ചിരുന്ന ആളായിരുന്നു വേലുവേട്ടന്.
സുബ്ബയ്യനായിരുന്നു മറ്റൊരു വ്യക്തി. മണത്തല വിശ്വനാഥ ക്ഷേത്ര സമരക്കാലത്ത് സജീവമായ പങ്കു വഹിച്ചു. അവരിരുവരും ശങ്കര്‍ശാസ്ത്രിജിയുടെ പ്രിയപ്പെട്ടവരായിരുന്നു. ശാസ്ത്രിജി എല്ലാവര്‍ഷവും മലബാര്‍ സന്ദര്‍ശിക്കുമായിരുന്നു. തന്റെ പഴയ ഇഷ്ട സഹപ്രവര്‍ത്തകരെ അവരുടെ സ്ഥലങ്ങളില്‍ ചെന്ന് കണ്ട് കുശലമന്വേഷിക്കുന്നത് പതിവാക്കിയിരുന്ന അദ്ദേഹം ഒരവസരത്തില്‍ ഗുരുവായൂരിലെയും പരിസരങ്ങളിലെയും പഴയ സ്വയംസേവകരെ കാണാന്‍ പോയി. സുബ്ബയ്യനെയും മറ്റും കണ്ടതിന്റെ ആനന്ദം ശാസ്ത്രിജിയും ശാസ്ത്രിജിയെ കണ്ടതിന്റെ ചാരിതാര്‍ത്ഥ്യം സുബ്ബയ്യനും എന്നോട് പറഞ്ഞിട്ടുണ്ട്. 1998 ല്‍ പേരാമംഗലത്തു നടന്ന സംഘശിക്ഷാവര്‍ഗിന്റെ സഹല്‍ ബ്ലാങ്ങാട്ട് ദ്വാരകാ ബീച്ചിലായിരുന്നു. ശിബിരാധികാരിയായിരുന്ന ലേഖകന്‍, ആ അവസരം പഴയ സ്വയംസേവകരുമായി അല്‍പ്പനേരം ചെലവഴിക്കാനുതകി. നേരത്തെ വിവരം കൊടുത്തിരുന്നതിനാല്‍ സുബ്ബയ്യനും മറ്റു ചിലരും വന്നു ഹൃദയം തുറന്നു. വേലുവിനെയും സുബ്ബയ്യനേയും അനുസ്മരിക്കാന്‍ മത്സ്യപ്രവര്‍ത്തക സംഘം ചടങ്ങ് ഏര്‍പ്പെടുത്തിയ വിവരം വായിച്ചപ്പോള്‍ മനസ്സില്‍ ഉണര്‍ന്ന ഓര്‍മകള്‍ വായനക്കാരുമായി പങ്കുവെക്കുകയായിരുന്നു.
അതിനിടെ തൊടുപുഴയിലെ ആദ്യകാല സ്വയംസേവകന് ജനാര്‍ദ്ദന അയ്യര്‍ അന്തരിച്ച വിവരവും അറിയാനിടയായി. ഇന്ന് പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന സരസ്വതി വിദ്യാമന്ദിരത്തിന്റെ പ്രാരംഭം ജനാര്‍ദ്ദനയ്യരുടെ കുടുംബ വീടായ പാറേക്കാട്ട് മഠത്തിന്റെ വളപ്പില്‍ നിര്‍മിച്ച ഒരു ഷെഡിലായിരുന്നു.
തൊടുപുഴയിലെ ആദ്യ ശാഖയിലെ ബാല സ്വയംസേവകരുടെ കൂട്ടത്തിലെ കുസൃതികളില്‍ ഒരാള്‍ എന്ന ഓര്‍മയാണ് ആദ്യം വരിക. അദ്ദേഹത്തിന്റെ രണ്ടു ജ്യേഷ്ഠന്മാര് സജീവമായി രംഗത്തുണ്ടായിരുന്നു. ജനാര്ദ്ദനയ്യരാകട്ടെ തൃതീയ വര്‍ഷ ശിക്ഷണം കഴിഞ്ഞശേഷം മുംബൈയിലേക്കാണ് പോയത്. ജന്മഭൂമിയുടെ ഓഹരിയെടുപ്പിക്കാനായി മുംബൈയില്‍ സ്വയംസേവകരെ കാണാന്‍ പോയപ്പോള്‍ പല ദിവസങ്ങളിലും കൂടെ വരാന്‍ ജനാര്ദ്ദനയ്യരുണ്ടായിരുന്നു. പിന്നീട് തൊടുപുഴയില്‍ തിരിച്ചെത്തി. പറവൂരില്‍ നിന്ന് വിവാഹം കഴിച്ച് അവിടെ താമസമാക്കിയെങ്കിലും ജീവിത വിജയം അദ്ദേഹത്തെ ഒഴിഞ്ഞു നിന്നുവെന്ന് പറയാം. രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് പറവൂരില്‍ പോയപ്പോള്‍ വിവരമറിയിച്ചെങ്കിലും അദ്ദേഹത്തിന് കാണാന്‍ വൈമനസ്യമായിരുന്നു. വളരെ സ്നേഹസമ്പന്നനും ഊര്‍ജ്ജസ്വലനുമായിരുന്ന ഒരു നല്ല സംഘപ്രവര്‍ത്തകനായിരുന്ന ജനാര്‍ദ്ദനയ്യരുടെ ഓര്‍മയും മനസ്സില്‍ ഒരു നനവായി അവശേഷിക്കുകയാണ്.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: