അമൃതയും പ്രസാദും വന്ന് കാളിങ് ബെല്ലില്‍ വിരലമര്‍ത്തി. അതിന്റെ കിളി ശബ്ദവും ക്ലോക്കിലെ ഒമ്പതു മണിക്കുള്ള കിണി ശബ്ദവും ഒരുമിച്ചാണ് മുഴങ്ങിയത്.
ഞാന്‍ വീടിന് വെളിയില്‍ വന്നു. കുട്ടികള്‍ കൗതുകത്തോടെ കഥ കേള്‍ക്കാന്‍ ഇരുന്നു. ചങ്ങമ്പുഴ ഇപ്പോള്‍ എവിടെയുണ്ട്? എന്ന എന്റെ ചോദ്യത്തിന് പ്രസാദിന്റെ മറുപടി ഉടന്‍ ഉണ്ടായി.
“പ്രൈമറി ക്ലാസില്‍ പഠിക്കുകയാണമ്മാവാ.”
ഞാന്‍ ചിരിച്ചു. അക്കാലത്ത് കൊച്ചുകുട്ടന് ധാരാളം അമളികള്‍ പറ്റിയിരുന്നു. എല്ലാം പറയുക വയ്യ. ഒരെണ്ണം തല്ക്കാലം കേട്ടോളൂ.
സ്കൂളിന്റെ തെക്കുവശത്ത് വിശാലമായ ഒരു പറമ്പുണ്ട്. പലതരം മരങ്ങള്‍ കാണാം. അതില്‍ വണ്ണം കുറഞ്ഞു നല്ല ഉയരത്തില്‍ വളരുന്ന ഒരു അരണമരം നില്‍പ്പുണ്ട്. കാലത്തും ഉച്ചഭക്ഷണത്തിന് വിട്ടാലും മണിയടി കേള്‍ക്കുംവരെ തിമര്‍പ്പന്‍ കളിയാണ് പറമ്പില്‍.
അരണമരമാണ് മുതിര്‍ന്ന കുട്ടികളുടെ പ്രിയപ്പെട്ട കളിമരം. മെലിഞ്ഞു നീണ്ട തടിയാണ്. ഉയരത്തിലെത്തുമ്പോള്‍ ചെറുശാഖകളുള്ള ആ മരത്തില്‍ അഞ്ചാറ് കുട്ടികള്‍ പിന്നാലെ പിന്നാലെ അള്ളിപ്പിടിച്ചു കയറും.
ആദ്യത്തെ കുട്ടി ഉയരത്തിലെത്തുമ്പോള്‍ മരം വളയാന്‍ തുടങ്ങുകയായി. മറ്റുള്ളവരും പിറകേ എത്തുമ്പോള്‍ മരത്തിന്റെ അറ്റം ഭൂമിയില്‍ വന്നു തൊടും. എല്ലാവരും ചാടിയിറങ്ങി ആര്‍ത്തു ചിരിക്കും.
മരമോ? പഴയപോലെ നടുനിവര്‍ത്തി തലകുലുക്കിയാവും ചിരിക്കുക! വളയാം ഞാന്‍; എന്നെ ആരും ഒടിക്കാന്‍ നോക്കണ്ട എന്നാണ് ഭാവം! ആ ചിരിയുണ്ടോ വല്ലവരും കേള്‍ക്കുന്നു!
അല്‍പ്പം മുതിര്‍ന്ന, തേഡ് ഫോറത്തില്‍ പഠിക്കുന്ന കുട്ടികളുടേതാണ് ഈ മരംകേറി കളിക്കല്. കൊച്ചു കുട്ടന് അത് നോക്കി രസിക്കാറുണ്ട്. ഒരിക്കല്‍ അവന് ഒരു മുതിര്‍ന്ന പയ്യനോട് ചോദിച്ചു.
“ഞാനും ഒന്നു കേറിക്കോട്ടെ?”
“പോടാ. കൊച്ചുപിള്ളേര്ക്കൊന്നും ഇത് പറ്റില്ല. വീണുചത്താല് ഞങ്ങള്‍ക്ക് സാക്ഷിപറയാന്‍ വയ്യ” എന്നു പറഞ്ഞു അവര്‍ കൊച്ചു കുട്ടനെ തള്ളിമാറ്റി.
അടുത്ത ദിവസങ്ങളിലും കൊച്ചു കുട്ടന് വന്നു. മുതിര്‍ന്നവരുടെ അരണ മരക്കസര്ത്ത് അസൂയയോടെ, കൊതിയോടെ ആസ്വദിച്ചു. കൊതി തീര്‍ക്കാന്‍ എന്താണൊരു മാര്‍ഗ്ഗം എന്നായി ആലോചന. മുതിര്‍ന്നവരുടെ കൂട്ടത്തിലെ പ്രമാണിയായ കൊച്ചുണ്ണിയെ സ്വകാര്യമായി കണ്ടു കാര്യം പറഞ്ഞു. കൈക്കൂലിയെന്നോണം മൂന്ന് പൈസയുടെ മിഠായിയും കൊടുത്തു.
വീട്ടില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ നല്കിയ കാശില്‍നിന്ന് മോഷ്ടിച്ചതാണ് മിഠായിക്കാശ്. നോക്കണേ! ഒരാഗ്രഹം സാധിക്കാന്‍ ഇപ്പോള്‍ മോഷണവും കൈക്കൂലിയുമായില്ലേ?
മിഠായി വാങ്ങിക്കഴിച്ചുവെങ്കിലും മരച്ചുവട്ടിലെത്തിയപ്പോള്‍ കൊച്ചുണ്ണി വാക്കു മാറി. പഴയ പാടു ആവര്‍ത്തിച്ചു: “പോടാ. പിള്ളേര് കേറിയാല്‍ വീഴും. എല്ലുപോലും പെറുക്കാന്‍ കിട്ടൂല്ല!”
കൊച്ചുകുട്ടന് അതോടെ വാശിയായി. എങ്ങനേയും കാര്യം സാധിച്ചേ അടങ്ങൂ എന്ന് ശപഥം ചെയ്തു!
ക്ലാസിലെ ‘മോണിട്ട’റാണ് കൊച്ചുകുട്ടന്. ഒരു ദിവസം രണ്ടാമത്തെ പീരേഡില് ഡ്രോയിങ് മാസ്റ്റര്‍ വന്നു. ഒരു അയ്യങ്കാര്‍ സ്വാമി. അദ്ദേഹം ചില സ്വന്തം കാര്യങ്ങള്‍ക്കായും കൊച്ചുകുട്ടനെ നിയോഗിക്കാറുണ്ട്. അത്തരത്തില്‍ ഒരടുപ്പമുള്ളതിനാല്, ഡ്രോയിങ് പുസ്തകങ്ങളെല്ലാം വേഗത്തില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. കൊച്ചു കുട്ടന് മാഷിനെ സമീപിച്ചു പറഞ്ഞു:
“ഒന്നു പുറത്തുപോകണം, സാര്‍!”
“എളുപ്പം പോയിട്ടു വാടാ.” മാഷ് കല്പ്പിച്ചു.
കൊച്ചുകുട്ടന് നേരെ പോയത് കളിപ്പറമ്പിലെ അരണമരച്ചുവട്ടിലേക്കാണ്. മുണ്ടുമുറുക്കിത്തറ്റുടുത്തു, മരത്തടിയില്‍ പൊത്തിപ്പിടിച്ചു കേറാന്‍ തുടങ്ങി. പലവട്ടം ഊര്‍ന്നുവീണു. വീണ്ടും വീണ്ടും ശ്രമിച്ചു. ഒടുവില്‍ ഉയരത്തിലെ ശാഖയില്‍ പിടികിട്ടി. അവിടുന്ന് അടുത്ത കൊമ്പില്‍ പിടിക്കുക എളുപ്പമായിരുന്നു. പിന്നെയും കയറിയപ്പോള്‍ മരം കുറച്ചൊന്നു വളഞ്ഞുവെങ്കിലും നിലത്തേക്ക് മുട്ടുന്നില്ല! എന്തു ചെയ്യും?
കവരത്തില്‍ അല്‍പ്പം വിശ്രമിച്ചു. പക്ഷെ, ക്ലാസില്‍ തിരികെ എത്തണമല്ലോ. അതിനാല്‍ വരുന്നതുവരട്ടെ എന്നു കരുതി മുതിര്‍ന്ന കുട്ടികള്‍ ചെയ്യുന്നത് പോലെ കവരത്തില്‍ നിന്ന് കാല് വിടുവിച്ചും കൊമ്പില്‍ പിടിമുറുക്കിയും മരത്തില്‍ തൂങ്ങി നോക്കി.
പക്ഷെ മരം നിലത്തുമുട്ടിയില്ല! അതിന് നാലഞ്ചുപേരുടെ ഭാരം കൂടി ഉണ്ടായാലേ സാധിക്കൂ എന്ന് ചിന്തിക്കാനുള്ള ബുദ്ധിയൊന്നും അന്ന് കൊച്ചുകുട്ടന് ഉണ്ടായിരുന്നില്ല.
ഇങ്ങനെ എത്രനേരം തൂങ്ങിക്കിടക്കും? കാല്‍വളച്ചു തടിയിലേക്ക് വീണ്ടും കേറിയിരിക്കാനായി അടുത്ത ശ്രമം. അതും സാധിക്കുന്നില്ല. ഈ പരാക്രമങ്ങള്‍ക്കിടയില്‍ മുണ്ടഴിഞ്ഞു താഴേക്ക് വീണുപോയിരുന്നു. കോണകത്തിന്റെ രണ്ടറ്റവും പാറിക്കളിക്കുകയാണ്. ഷര്ട്ടിനാണെങ്കില് നഗ്നത മറക്കാനുള്ള ഇറക്കവുമില്ല. എന്തൊരു നാണക്കേട്!
ഈ വിവരണം കേള്‍ക്കേ, അമൃതയും പ്രസാദും പൊട്ടിച്ചിരിച്ചുപോയി. വളഞ്ഞ മരത്തില്‍ വവ്വാല് തൂങ്ങിയപോലെ, ഉറിയില്‍ തൂങ്ങിയ ഉണ്ണികൃഷ്ണനെപ്പോലെ അവര്‍ ആ രംഗം ഭാവനയില്‍ കണ്ടു രസിക്കുന്നതായി എനിക്ക് തോന്നി.
“എന്നിട്ടോ അമ്മാവാ? കൊച്ചുകുട്ടനെ എങ്ങനെയാ ഇറക്കുമതി ചെയ്തത്?” പ്രസാദ് അങ്ങനെ ചോദിക്കുമ്പോഴും അമൃത വായ പൊത്തി ചിരിക്കുകയായിരുന്നു. ചിരിച്ചു ചിരിച്ചു കണ്ണില്‍ വെള്ളം നിറഞ്ഞിരിക്കുന്നു!
പിടിവിട്ടാല്‍ വീണ് നടുവൊടിഞ്ഞതു തന്നെ! കൊച്ചുകുട്ടന് ഭയത്തോടെ നിലവിളിയായി. അതുകേട്ട് ക്ലാസ്സുകളില്‍ നിന്ന് കുട്ടികള്‍ എത്തിനോക്കി. ഹെഡ്മാസ്റ്ററും ചില മാസ്റ്റര്‍മാരും പറമ്പിലേക്ക് വന്നു; ചുറ്റുമുള്ള ജനങ്ങളും.
ഹെഡ്മാസ്റ്റര് തേഡ്ഫോറത്തിലെ കുട്ടികളില്‍ ചിലരെ വിളിച്ചുകൊണ്ടുവന്നു സാവധാനം മരത്തില്‍ കയറാന്‍ കല്‍പ്പന നല്കി. നേരത്തെ കൈക്കൂലി വാങ്ങി പറ്റിച്ച കൊച്ചുണ്ണിയുള്പ്പെടെ നാലഞ്ചുപേരുണ്ട്. അവര്‍ക്ക് ആ കല്‍പ്പന പാല്‍പ്പായസം! അവര്‍ കേറിവന്നതോടെ വൃക്ഷവീരന് നടുവളച്ചു, തലകുനിച്ചു കൊച്ചുകുട്ടനെ താഴെയിറക്കി.
കൊച്ചുകുട്ടന് ഓടിച്ചെന്ന് വീണുകിടക്കുന്ന ഉടുമുണ്ടെടുത്ത് അരയില്‍ ചുറ്റി. അകലെ ക്ലാസുകളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ എത്രപേരാണ് നോക്കിനില്ക്കുന്നത്! തൊലിയുരിഞ്ഞു പോകുന്നതുപോലുള്ള സങ്കടവും ലജ്ജയും കൊണ്ട് അവന് ചൂളിപ്പോയി. അസൂയ മുഴുത്തും വാശി പിടിച്ചും വേണ്ടത്ര ചിന്തയില്ലാതെ ഒരാഗ്രഹത്തില്‍ ചാടിക്കയറി അപമാനവും പരിഹാസവും ഏറ്റുവാങ്ങേണ്ടിവന്നില്ലേ? കഷ്ടം!
എന്നാല്‍ അതിനേക്കാള്‍ കഷ്ടം തോന്നിയ ചിലര്‍ ഉണ്ടായിരുന്നു. തേഡ്ഫോറത്തിലെ മരം കേറികളായ കുട്ടികള്‍! അവര്‍ക്ക് കൊച്ചുകുട്ടനോട് വലിയ ദേഷ്യമാണ് തോന്നിയത്. ഇനി ആരും ആ മരത്തില്‍ കയറിപ്പോകരുത് എന്ന കടുത്ത ആജ്ഞ ഹെഡ്മാസ്റ്ററില്‍ നിന്ന് അപ്പോള്‍ തന്നെ ഉണ്ടായി.
അതുകേട്ട് അരണമരം അവരെ നോക്കി ചിരിച്ചുവോ? അതോ തന്നില്‍ അള്ളിപ്പിടിച്ചു കയറാന്‍ കുട്ടികള്‍ വരില്ല എന്നോര്‍ത്ത് സങ്കടപ്പെട്ടുവോ? അറിയില്ല. നിങ്ങള്‍ക്ക് എന്തു തോന്നുന്നു?
“ഞങ്ങളുടെ മനസ്സില്‍ ഒരു ചിത്രമാണ് തെളിയുന്നത്. മായാത്ത ചിരിയുണര്‍ത്തുന്ന ഒരു ചിത്രം. ഒപ്പം ഓരോ കാര്യങ്ങളില്‍ വാശി പിടിച്ചാല്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളെക്കുറിച്ച് ചില ചിന്തകളും” പ്രസാദ് പറഞ്ഞു.
“നല്ല നിരീക്ഷണം പ്രസാദ്! ഇന്ന് ഈ ചിരിക്കുടുക്കയുമായി പോകൂ. ബാക്കി നാളെയാവാം” ഞാന്‍ കുട്ടികളെ യാത്രയാക്കി.
(തുടരും)
പി.ഐ.ശങ്കരനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: