കൊച്ചി: സ്റ്റാര്‍ട്ടപ്പ് വില്ലേജ് സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് ഞായറാഴ്ച അവസരമൊരുങ്ങുന്നു. പ്രവര്‍ത്തനമാരംഭിച്ച് 15 മാസം കൊണ്ട് ഇന്ത്യയിലെ മികച്ച ബിസിനസ് ഇന്‍കുബേറ്ററായി മാറിയതിന്റെ സന്തോഷം പങ്കുവച്ച് നടത്തുന്ന സംരംഭകത്വ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ഒരു ദിവസം സ്റ്റാര്‍ട്ടപ്പ് വില്ലേജ് സന്ദര്‍ശിക്കാനുള്ള അവസരം പൊതുജനങ്ങള്‍ക്കു നല്‍കുന്നത്.
സംരംഭകര്‍ക്ക് സഹായകമാകുന്ന ശില്പശാലകളും കൃത്യമായ ലക്ഷ്യബോധത്തോടെയുള്ള സെമിനാറുകളും, നെറ്റ്വര്‍ക്കിംഗിനുള്ള അവസരങ്ങളും ഉള്‍പ്പെടെ വിപുലമായ പരിപാടികളോടെ രണ്ടുദിവസം നീളുന്ന പരിപാടികളാണ് ശനിയും ഞായറുമായി സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ നടക്കുന്നത്. ‘വീക്കെന്‍ഡ് @ സ്റ്റാര്‍ട്ടപ്’ എന്ന പരിപാടിയുടെ രണ്ടാംദിനം ഇന്ത്യയിലെ ആദ്യ ടെലികോം ടെക്നോളജി ഇന്‍കുബേറ്ററായ സ്റ്റാര്‍ട്ടപ്പ് വില്ലേജിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ടെലികോം ടെക്നോളജിയുടെ നവീനമുഖത്തെപ്പറ്റി മനസ്സിലാക്കാനും കലാപരിപാടികള്‍ ആസ്വദിക്കാനും അവസരമുണ്ട്.
ബിസിനസ്സിലേക്കു കടന്നുവരുന്ന വിദ്യാര്‍ഥികളായ സംരംഭകര്‍ക്ക് സഹായകമായ ഒരുപിടി വിഷയങ്ങളിലുള്ള ശില്പശാലകളോടെയാണ് ശനിയാഴ്ച പരിപാടി തുടങ്ങുന്നത്. ഡിസൈനും കോഡിംഗും മുതല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയും ഫിനാന്‍സിംഗും വരെ ഇതിലുണ്ടാകും. ഉച്ചകഴിഞ്ഞ് യുവ സംരംഭകര്‍ക്ക് സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ എയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സിനു മുന്നില്‍ ധനസഹായത്തിനായി സ്വന്തം ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. രാത്രി ഏഴു മുതല്‍ ഒമ്പതു വരെ ഇന്ത്യയിലെ മുന്‍നിര സംരംഭകരില്‍ ചിലര്‍ വിജയത്തിന്റെയും പരാജയത്തിന്റെയും അനുഭവകഥകള്‍ പങ്കുവയ്ക്കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായ ഐടി വകുപ്പു മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ഇന്‍ഫോസിസ് സഹസ്ഥാപകനും സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ ചീഫ് മെന്ററുമായ ക്രിസ് ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഞായറാഴ്ച പകല്‍ 11 മുതല്‍ രണ്ടു മണി വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.
പുതിയ മൂന്നു നൂതന പദ്ധതികള്‍ക്കാണ് അന്ന്സ്റ്റാര്ട്ടപ്പ് വില്ലേജ് തുടക്കമിടുന്നത്. സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ക്ക് ആവശ്യമായ മെന്റര്‍ സപ്പോര്‍ട്ട് നല്‍കാനുള്ള സ്റ്റാര്‍ട്ടപ്പ് വില്ലേജ് പീപ്പിള്‍ നെറ്റ് വര്‍ക്ക്, ആയിരം വിദ്യാര്‍ഥി സംരംഭകരെ പുതിയ സാങ്കേതികവിദ്യയുമായി കൂടിച്ചേരാന്‍ സൗകര്യം ഒരുക്കുന്നതിനായി തയ്യാറാക്കിയ വണ്‍ കെ ഡെവലപ്പര്‍ പ്രോഗ്രാം എന്നിവയും എക്സ്പീരിയന്‍സ് സോണുമാണ് ഇവയില്‍ രണ്ടെണ്ണം. മൂന്നാമത്തേത് പൊതുജനങ്ങള്‍ക്കായുള്ള എക്സ്പീരിയന്‍സ് സോണ്‍ ആണ്. സാങ്കേതികവിദ്യയിലെ പുതിയ വികാസങ്ങള്‍ കാണാനും മനസ്സിലാക്കാനും അവസരമൊരുക്കുന്ന എക്സ്പീരിയന്‍സ് സോണ്‍ ഞായറാഴ്ച രാവിലെ 11നാണ് തുറക്കുക. ഇവിടം സന്ദര്‍ശിക്കാന്‍ താല്പര്യമുള്ളവര് [email protected] എന്ന വിലാസത്തില്‍ ഇ മെയില്‍ അയച്ച് സ്റ്റാര്‍ട്ടപ്പ് വില്ലേജിനെ മുന്‍കൂട്ടി അറിയിക്കണം.
സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ സംരംഭകത്വ സംസ്കാരം പൊതുജനങ്ങള്‍ വന്നു കാണണമെന്നും അവരുടെ സ്മാര്‍ട്ട്ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പ്രവര്‍ത്തിക്കുന്നതിന്റെ സാങ്കേതികവിദ്യ നേരിട്ടു മനസ്സിലാക്കണമെന്നുമാണ് ആഗ്രഹമെന്ന് സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്മാന് സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. സന്ദര്‍ശകരിലെ ചിലരെയെങ്കിലും സാങ്കേതികവിദ്യയില്‍ തല്പരരാക്കിമാറ്റാനും അങ്ങിനെ അടുത്ത തലമുറയെ സംരംഭകത്വത്തിലേക്കു പ്രചോദിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നും സഞ്ജയ് പറഞ്ഞു.
ശക്തമായ സംരംഭകത്വാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പ് വില്ലേജിനെ പിന്തുണയ്ക്കുന്ന മുഴുവന്‍ പങ്കാളികളെയും ഒന്നിച്ചു കൊണ്ടുവരാനും ഇവിടുത്തെ സംരംഭകസമൂഹത്തിനുള്ള പിന്തുണ രേഖപ്പെടുത്താനുമുള്ള വീക്കെന്‍ഡ് പരിപാടി ഇത്തരത്തിലുള്ള ആദ്യത്തെ ശ്രമമാണെന്ന് സ്റ്റാര്‍ട്ടപ്പ് വില്ലേജ് സിഇഒ സിജോ കുരുവിള ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: