തിരുവനന്തപുരം: കെ.കരുണാകരന്റെ ധാര്‍മികതയെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡിഷ്യല്‍ അന്വേഷണത്തെ നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന് പറഞ്ഞു. സോളാര്‍ തട്ടിപ്പുകേസില്‍ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാരില്‍ നിന്ന് കനത്ത വിമര്‍ശനമാണ് ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിനും നേരെയുണ്ടായിരിക്കുന്നത്. ആത്മാഭാനത്തിന്റെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവച്ച് ഒഴിയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്നും വിഎസ് ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പു കേസില്‍ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ സെക്രട്ടറിയറ്റിനു മുമ്പില്‍ ആരംഭിച്ച അനശ്ചിതകാല രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് കരുണാകരനെതിരെ ഉമ്മന്‍ചാണ്ടിയും കൂട്ടരും ഉന്നയിച്ച അതേ ന്യായങ്ങള്‍ ഇപ്പോള്‍ തിരിഞ്ഞുകുത്തുകയാണ്. കരുണകാരന് ഉന്നയിച്ച അതേ ന്യായങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുകയാണ്. കോടതി പരാമര്‍ശത്തിന്റേയും വിധിയുടേയും അടിസ്ഥാനത്തില്‍ കരുണാകരന് അന്ന് രാജിവച്ചു. എന്നാല്‍ തൊടു ന്യായങ്ങള്‍ പറഞ്ഞ് രക്ഷപ്പെടാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുകയാണ്. കോടികളുടെ വമ്പന്‍ തട്ടിപ്പാണ് സോളാര്‍ ഇടപാടില്‍ നടന്നിട്ടുള്ളത്. ഈ തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് കൂടുതല്‍ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൊാളിയം തട്ടിയെടുക്കാന്‍ കള്ളകമ്പനിയുണ്ടാക്കി തട്ടിപ്പുനടത്തിയവര്ക്ക് ഉമ്മന്‍ചാണ്ടി കൂട്ടുനിന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവരെ കൊള്ളക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ രാജിയെങ്കില്‍ നന്നെന്ന് വിഎസ് പറഞ്ഞു. സോളാര്‍ കേസില്‍ കോടികളുടെ വ്യക്തമായ അഴിമതിയാണ് നടന്നതെന്ന് പി.സി.ജോര്‍ജ് ആവര്‍ത്തിച്ചു പറയുന്നത്. തൊടുന്യായങ്ങള്‍ പറഞ്ഞ് അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന ഉമ്മന്‍ചാണ്ടിയുടെ ബോധം തെളിയിക്കുന്നതാണ് ജോര്‍ജിന്റെ നിലപാട്. സോളാര്‍ കുംഭകോണത്തിന് നേതൃത്വം നല്കിയ ഉമ്മന്‍ചാണ്ടി രാജിവക്കും വരെ പ്രക്ഷോഭം തുടരുമെന്നും വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: