കൊളംബോ: മഴ ദക്ഷിണാഫ്രിക്കയെ വീണ്ടും ചതിച്ചു. ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിലാണ് മഴ ചതിച്ചതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കക്ക് 17 റണ്‍സിന്റെ പരാജയം രുചിക്കേണ്ടിവന്നത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.2 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് നേടി. മഴയെ തുടര്‍ന്നാണ് നാല് പന്തുകള്‍ ലങ്കന്‍ ഇന്നിംഗ്സില്‍ കുറച്ചത്. പിന്നീട് മഴ മാറി കളി പുനരാരംഭിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 29 ഓവറില്‍ 179 റണ്‍സായി പുനര്‍ നിശ്ചയിച്ചു.
മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 21 ഓവറില്‍ അഞ്ചിന് 104 എന്ന നിലയില്‍ മഴയെത്തുകയായിരുന്നു. പിന്നീട് ഒരു പന്തുപോലും എറിയാന്‍ കഴിഞ്ഞില്ല. ഈ സമയത്ത് ദക്ഷിണാഫ്രിക്ക 17 റണ്‍സിന് പിറകിലായിരുന്നു. 22 റണ്‍സോടെ മില്ലറും 14 റണ്‍സോടെ മക്ലാരനുമായിരുന്നു ക്രീസില്‍. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ശ്രീലങ്ക 2-0ന് മുന്നിലെത്തി.
ഫീല്‍ഡിംഗിനിടയില്‍ കാല്‍മുട്ടിന് പരിക്കേറ്റ ഹാഷിം ആലയുടെ ബാറ്റിംഗിന് ഇറങ്ങാതിരുന്നതും അവര്‍ക്ക് തിരിച്ചടിയായി. ഫീല്‍ഡ് ചെയ്യുന്നതിനിടയില്‍ 43-ാം ഓവറില്‍ തെന്നിവീണ ആംലയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പരിക്കേറ്റ ആംലയ്ക്ക് പകരം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് റോബിന് പീറ്റേഴ്സണായിരുന്നു. ഇതോടെ രാജ്യത്തിന് വേണ്ടി ബാറ്റിംഗും ബൗളിംഗും ഓപ്പണ്‍ ചെയ്ത ആദ്യ സ്പിന്നറായി പീറ്റേഴ്സണ് മാറി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കക്ക് മികച്ച തുടക്കം നല്കാന് ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞില്ല. സ്കോര്‍ബോര്‍ഡില്‍ 7 റണ്‍സ് മാത്രമുള്ളപ്പോള്‍ ഉപുല്‍ തരംഗ (3)യെ അവര്‍ക്ക് നഷ്ടമായി. പിന്നീട് 43 റണ്‍സ് വീതമെടുത്ത ദില്‍ഷനും ക്യാപ്റ്റന്‍ ചണ്ഡിമലും 37 റണ്‍സെടുത്ത കുമാര്‍ സംഗക്കാരയും ചേര്‍ന്നാണ് ലങ്കയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ജയവര്‍ദ്ധനെ (17), തിരിമന്നെ (13), മുബാറക് (8), തീസര പെരേര (11), ഹെറാത്ത് (13) എന്നിവര്‍ക്കും കാര്യമായ സംഭാവന നല്കാന് കഴിഞ്ഞില്ല. സ്കോര്‍ 49.2 ഓവറില്‍ 223 റണ്‍സിലെത്തിയപ്പോള്‍ മഴയെത്തി. പിന്നീട് ശ്രീലങ്കന്‍ ഇന്നിംഗ്സില്‍ ഒരു പന്തുപോലും എറിയാന്‍ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഫാസ്റ്റ് ബൗളര്‍ മോണെ മോര്‍ക്കല്‍ 10 ഓവറില്‍ 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
മഴ മാറി കളി പുനരാരംഭിച്ചതോടെ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 29 ഓവറില്‍ 179 റണ്‍സായി നിശ്ചയിച്ചു. എന്നാല്‍ പരിക്കേറ്റ ആംലയുടെ അഭാവത്തില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത റോബിന് പീറ്റേഴ്സണ് (3) മികച്ച തുടക്കം നല്കാന് കഴിഞ്ഞില്ല. 24 റണ്‍സെടുത്ത ആല്‍വിരോ പീറ്റേഴ്സനാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. 15 റണ്‍സെടുത്ത ജെ.പി. ഡുമ്നിയും 12 റണ്‍സെടുത്ത ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സും എട്ട് റണ്‍സെടുത്ത ഡുപ്ലെസിസും മികച്ച സ്കോര്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതാണ് ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയായത്. ശ്രീലങ്കക്ക് വേണ്ടി ഹെറാത്ത് നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: