ഡാംബുള്ള: ശ്രീലങ്കന്‍ അണ്ടര്‍ 19 ടീമിനെതിരായ ചതുര്‍ദ്ദിന ക്രിക്കറ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ യുവ നിരക്ക് കൂറ്റന്‍ സ്കോര്‍. ഒന്നാം ഇന്നിംഗ്സില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സെടുത്ത് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കന്‍ ടീം വെളിച്ചക്കുറവ് മൂലം 23 ഓവര്‍ നേരത്തെ കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെടുത്തിട്ടുണ്ട്. 10 റണ്‍സോടെ ഹഷന്‍ ഡുമിന്ഡുവും 5 റണ്‍സോടെ കവിന്ദു കുലശേഖരയുമാണ് ക്രീസില്‍. ഒമ്പത് വിക്കറ്റ് കയ്യിലിരിക്കെ ശ്രീലങ്ക 479 റണ്‍സിന് പിന്നിലാണ്.
നേരത്തെ 333ന് രണ്ട് എന്ന നിലയില്‍ രണ്ടാം ദിവസം കളി പുനരാരംഭിച്ച ഇന്ത്യക്ക് വേണ്ടി വിജയ് സോള്‍ 173 റണ്‍സും സഞ്ജു വി. സാംസണ് 89 റണ്‍സും ശ്രേയസ്സ് അയ്യര്‍ 65ഉം റണ്‍സ് നേടി. തലേന്നത്തെ സ്കോറിനോട് 15 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത സഞ്ജുവാണ് ഇന്നലെ ആദ്യം പുറത്തായത്. 89 റണ്‍സെടുത്ത് സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന സഞ്ജുവിനെ ചമിക കരുണരത്നെയുടെ പന്തില്‍ കുശല്‍ മെന്‍ഡിസ് പിടികൂടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സെഞ്ച്വറിയടിച്ച് നിന്നിരുന്ന വിജയ് സോള്‍ ഇന്നലെയും മികച്ച ഫോമിലായിരുന്നു. നാലാം വിക്കറ്റില്‍ ശ്രേയസ്സ് അയ്യര്‍ക്കൊപ്പം മുന്നേറിയ വിജയ് ഇന്ത്യന്‍ സ്കോര്‍ 426-ല്‍ എത്തിയപ്പോള്‍ പുറത്തായി. 21 ബൗണ്ടറികളും രണ്ട് സിക്സറുമടക്കം 173 റണ്‍സെടുത്ത സോളിനെ കരുണരത്നയുടെ പന്തില്‍ മെന്‍ഡിസ് തന്നെ പിടികൂടുകയായിരുന്നു. പിന്നീട് സ്കോര്‍ 485 റണ്‍സിലെത്തിയപ്പോള്‍ 65 റണ്‍സെടുത്ത ശ്രേയസ്സ് അയ്യരും മടങ്ങി. ഇതേ സ്കോറില്‍ തന്നെ 17 റണ്‍സെടുത്ത മുഹമ്മദ് സെയ്ഫും മടങ്ങി. സ്കോര്‍ 497-ല്‍ എത്തിയപ്പോള്‍ രണ്ട് റണ്‍സെടുത്ത ആമിര്‍ ഖാനിയും പുറത്തായി. ഒടുവില്‍ സ്കോര്‍ 503-ല്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ നായകന് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 13 റണ്‍സുമായി അങ്കുഷ് ബെയ്നും രണ്ട് റണ്‍സുമായി കുല്‍ദീപ് യാദവും പുറത്താകാതെ നിന്നു. ശ്രീലങ്കക്ക് വേണ്ടി കരുണരത്നെ നാല് വിക്കറ്റുകള്‍ വീഴ്ത്തി.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ശ്രീലങ്കക്ക് സ്കോര്‍ 15 റണ്‍സിലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ആറ് റണ്‍സെടുത്ത കുശല്‍ മെന്‍ഡിസിനെ അതുല്‍ സിംഗ് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് സ്കോര്‍ 24 റണ്‍സിലെത്തിയപ്പോള്‍ വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: