ഹരാരെ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ടീം ഇന്ത്യ സിംബാബ്വേയില് കളിക്കുന്നത്. മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം നല്കി വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള യുവനിരയാണ് സിംബാബ്വെയില് കളിക്കുന്നത്.
ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി, ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ആര്. അശ്വിന് എന്നിവരില്ലാതെയാണ് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ കളിക്കാനിറങ്ങുന്നത്. തന്റെ ടീം പരീക്ഷണടീമല്ലെന്നും ഏകദിന പരമ്പര വിജയിക്കാന്‍ ശേഷിയുള്ള ടീമാണെന്നും കോലി പറഞ്ഞു. 26, 28, 31, ആഗസ്റ്റ് മൂന്ന് എന്നീ ദിവസങ്ങളിലാണ് മറ്റ് മത്സരങ്ങള്‍. ആദ്യ മൂന്ന് മത്സരങ്ങള്‍ ഹരാരെയിലും ശേഷിച്ച രണ്ട് മത്സരങ്ങള്‍ ബുലവായോയിലുമാണ് നടക്കുക.
മൂന്നുവര്‍ഷം മുമ്പ് സിംബാബ്വെയില് നടന്ന സിംബാബ്വേയും ശ്രീലങ്കയും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയിലാണ് ഇന്ത്യ കളിച്ചത്. അന്ന് സുരേഷ് റെയ്നയായിരുന്നു ടീം ക്യാപ്റ്റന്‍. എന്നാല്‍ ഈ പരീക്ഷണസംഘത്തിന് നാല് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. അന്ന് സിംബാബ്വെയുമായി നടന്ന രണ്ട് മത്സരങ്ങളിലും സുരേഷ് റെയ്നയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ഈ പരാജയത്തിന് പകരം വീട്ടാനുള്ള അവസരമാണ് ഇന്ത്യക്ക്. ജമ്മുതാരം പര്‍വേസ് റസൂലും ഹരിയാന താരം മോഹിത് ശര്‍മ്മയുമാണ് ടീമിലെ പുതുമുഖങ്ങള്‍.
കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാനാണ് വിക്കറ്റ് ബാറ്റ്സ്മാനായ ബ്രണ്ടന്‍ ടെയ്ലറുടെ നേതൃത്വത്തിലുള്ള സിംബാബ്വെ ടീം ഇറങ്ങുന്നത്. എല്‍ട്ടണ്‍ ചിഗുംബര, പ്രോസ്പര്‍ ഉത്സേയ, ഗ്രെയിം ക്രീമര്‍, മൈക്കല്‍ ചിനോയ, റെ പ്രൈസ്,ഹാമില്ട്ടണ് മസാകഡ്സ തുടങ്ങിയവരാണ് സിംബാബ്വെ നിരയിലെ പ്രമുഖര്‍.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, രോഹിത് ശര്‍മ്മ, ദിനേശ് കാര്‍ത്തിക്, ചേതേശ്വര്‍ പുജാര, സുരേഷ് റെയ്ന, അമ്പാട്ടി റായിഡു, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, അമിത് മിശ്ര, പര്‍വേസ് റസൂല്‍, മുഹമ്മദ് ഷാമി, വിനയ്കുമാര്‍, ജയ്ദേവ് ഉനദ്കത്, മോഹിത് ശര്‍മ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: