തിരുവനന്തപുരം: എയ്ഡഡ് ഹയര്‍സെക്കന്ററി സ്കൂളുകളിലെ അധ്യാപക നിയമനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വിദ്യാഭ്യാസ മന്ത്രി അറിയാതെ. താന്‍ അറിയാതെയെന്ന് ഉത്തരവിറങ്ങിയതെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പ്രതികരിച്ചു. ഇതുസംബന്ധിച്ച് ഹയര്‍സെക്കന്ററി ഡയറക്ടറോട് മന്ത്രി വിശദീകരണം ചോദിക്കുകയും ചെയ്തു.
എയ്ഡഡ്മേഖലയില്‍ നിയമനത്തില്‍ വലിയതോതില്‍ ക്രമക്കേടുകള്‍ നടക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു സര്‍ക്കുലര്‍ ഇറക്കിയതെന്ന് ഹയര്‍സെക്കന്ററി ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ പറഞ്ഞു. എന്നാല്‍ പുതിയ സര്‍ക്കുലര്‍ ഇറക്കുന്നകാര്യം വിദ്യാഭ്യാസമന്ത്രിയുമായി ആലോചിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുമായി ആലോചിച്ചില്ലെങ്കിലും സര്‍ക്കുലര്‍ എല്ലാ എയിഡഡ് സ്കൂള്‍ മാനേജ്മെന്റിനും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് എല്ലാവരും പാലിക്കണം. എയിഡഡ് ഹയര്‍സെക്കന്ററി സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട് 2004 മുതലുള്ള നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. അതുകൊണ്ടാണ് മന്ത്രിയുമായി കൂടിയാലോചിക്കാതിരുന്നത്. നിയമനങ്ങളിലെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡയറക്ടര്‍ പ്രതികരിച്ചു.
എയ്ഡഡ് ഹയര്‍സെക്കന്ററി സ്കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്ക് കര്‍ശനനിയന്ത്രണങ്ങള്‍ കൊണ്ടുവന്നു കൊണ്ടുള്ള സര്‍ക്കുലറാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. എല്ലാ നിയമനങ്ങള്‍ക്കും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നതടക്കമുള്ള നിര്ദ്ദേശങ്ങളാണുണ്ടായിരുന്നത്. സര്‍ക്കാര്‍ പ്രതിനിധി അടങ്ങുന്ന ബോര്‍ഡ് ഇന്റര്‍വ്യൂ നടത്തണമെന്നും വ്യവസ്ഥയുണ്ട്. മുന്‍കൂട്ടി ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തുന്ന രീതി അവസാനിപ്പിക്കുകയും ചെയ്തു.
വിവാദഉത്തരവിനെതിരെ എന്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ രംഗത്തുവരികയും മാനേജ്മെന്റുകളില്‍ നിന്നും പ്രതിഷേധം വ്യാപിക്കുകയും ചെയ്തതോടെയാണ് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉത്തരവ് താന്‍ അറിഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി രംഗത്ത് വന്നത്. ഉത്തരവിറക്കാന്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ക്ക് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു. ഇതോടെ ഹയര്‍സെക്കന്ററി ഡയറക്ടറും വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ തുറന്നപോരിനുള്ള അവസരമാണുണ്ടായിരിക്കുന്നത്.
ഐഎഎസ് ഉദ്യോഗസ്ഥരുടെ അധികാരങ്ങളുടെ വ്യാപ്തി രാഷ്ട്രീയ നേതൃത്വത്തിന് ബോധ്യപ്പെടുത്തി കൊടുക്കുന്നതാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. മന്ത്രിയറിയാതെ ഉത്തരവിറക്കിയതാണെന്നും അതിനുള്ളഅധികാരമുണ്ടെന്നും ഉത്തരവുപാലിക്കാന് എല്ലാവരും ബാധ്യസ്ഥരാണെന്നും ഡയറക്ടര്‍ വ്യക്തമാക്കിയത് അതിനാലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: