തൃശൂര്‍: ചിയ്യാരം സ്വദേശി കൊച്ചുത്രേസ്യയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കരുമത്തില്‍ സുധിയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലാക്കിയിരുന്നു. കൊച്ചുത്രേസ്യ വധക്കേസുമായി ബന്ധപ്പെട്ട് പിടികൂടിയ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ മറ്റൊരു കൊലക്കേസുകൂടി തെളിയുകയായിരുന്നു. പുത്തൂര്‍ സ്വദേശി ശാന്ത എന്ന സ്ത്രീയെ ഒരു മാസം മുമ്പ് കൊന്ന് വരടിയം ചാലില്‍ ചാക്കില്‍കെട്ടി താഴ്ത്തിയതായി ഇയാള്‍ പറഞ്ഞു.
അസാന്മാര്ഗിക സ്വഭാവിയായിരുന്ന ഈ സ്ത്രീയെ പ്രതി സുധി പുതിയ വാടകവീട് കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുവന്ന് ഉറക്കഗുളിക ജ്യോൂസില് കലക്കിക്കൊടുത്ത് മയക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയാണുണ്ടായത്. കഴുത്തും കയ്യും കാലും ഒടിച്ച് ഗോളാകൃതിയിലാക്കി ചാക്കില്‍ കെട്ടി ഓട്ടോറിക്ഷയില്‍ 35 കിലോമീറ്റര്‍ അകലെയുള്ള വരടിയം പുഴയില്‍ കല്ലുകെട്ടി ചാക്ക് താഴ്ത്തുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ഈ സംഭവത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു. പൂജചെയ്ത കല്ലും പുഷ്പങ്ങളുമാണ് എന്നാണ് പ്രതി ധരിപ്പിച്ചിരുന്നത്.
വരടിയത്ത് ഇന്നലെ വൈകുന്നേരം മൂന്നു മുതല്‍ സന്ധ്യയാവും വരെ ഫയര്‍ഫോഴ്സും പോലീസ് ഉദ്യോഗസ്ഥരും ഒഴുക്കുള്ള ചാലില്‍ പരതിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. തിരച്ചില്‍ ഇന്നും തുടരുമെന്നാണ് പോലീസ് അധികാരികള്‍ അറിയിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് വന്ന അസി.പോലീസ് കമ്മീഷണര്‍ ചന്ദന്‍ ചൗധരി, വെസ്റ്റ് സി.ഐ രാമചന്ദ്രന്, പേരാമംഗലം സിഐ ബിജുകുമാര്‍, ഒല്ലൂര്‍ സിഐ സുരേന്ദ്രന് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്കി. നിരവധി കൊലപാതങ്ങളുടെ ചുരുളഴിയാനും സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: