തൃപ്പൂണിത്തുറ: ചമ്പക്കര പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രക്ഷോഭത്തിലേക്ക്. പാലത്തിന്റെ അപകടാവസ്ഥ പലവട്ടം അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ല.
1969-70 കാലഘട്ടത്തില്‍ ഉദ്ഘാടനം ചെയ്ത പാലത്തിന് 43 വര്‍ഷത്തെ പഴക്കമുണ്ട്. പാലത്തിന്റെ ബീമുകളും മറ്റും തകര്‍ന്ന നിലയിലും കമ്പികള്‍ പുറത്തുകാണാവുന്ന വിധത്തില്‍ ശോഷിച്ച നിലയിലുമാണ്. ഈ പാലത്തിന്റെ സമീപ പ്രദേശങ്ങളില്‍ മെട്രോറെയിലിനായി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.
നൂറുകണക്കിനു മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന ചമ്പക്കര കനാലിനും ആയിരക്കണക്കിനു ജനങ്ങള്‍ ദിനംപ്രതി ആശ്രയിക്കുന്ന ചമ്പക്കര മാര്‍ക്കറ്റിനും, ബൈപ്പാസിലേക്ക് എളുപ്പത്തില്‍ ചെന്നെത്തുന്ന ബണ്ടുറോഡിനും മുകളിലൂടെ കടന്നുപോകുന്ന പാലത്തിന്റെ ഇപ്പോഴത്തെ സ്ഥിതി ആയിരക്കണക്കിനു ആളുകളുടെ ജീവനുഭീഷണിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
ഇടയ്ക്കിടയ്ക്ക് കോണ്‍ക്രീറ്റ് കഷണങ്ങള്‍ അടര്‍ന്നു വീഴുന്നത് പതിവാണ്. തലനാരിഴയ്ക്കാണ് അപകടം ഒഴിവാകുന്നത്. ജനങ്ങളുടെ ജീവിക്കാനുള്ള അധികാരത്തെ ചോദ്യം ചെയ്യുന്ന അധികാരികളുടെ ഈ നിഷ്ക്രിയത്വം തുടര്‍ന്നാല്‍ വന്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യുവമോര്‍ച്ച മണ്ഡലം കമ്മറ്റി കണ്‍വീനര്‍ പി.എസ്.രാഹുല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: