തിരുവനന്തപുരം: എഡിബി വായ്പാതട്ടിപ്പുകേസിലെ പ്രതിയായ മുന്‍ പിആര്‍ഡി ഡയറക്ടര്‍ എ.ഫിറോസ് പോലീസില്‍ കീഴടങ്ങി. തിരുവനന്തപുരം മെഡിക്കല്‍കോളേജ് പോലീസ് സ്റ്റേഷനിലെത്തിയാണു ഫിറോസ് കീഴടങ്ങിയത്. ഫിറോസിനെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഡിസിപി ഡോ ശ്രീനിവാസ്, ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ സാജന് കോയിക്കല്‍, ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ വിമല്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. ഫിറോസിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഫിറോസിന്റെ ജാമ്യപേക്ഷ ഇന്നലെ ഹൈക്കോടതി പരിഗണിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളി മിനുറ്റുകള്‍ക്കകം മെഡിക്കല്‍ കൊളേജ് സ്റ്റേഷനിലേക്ക് ഒറ്റയ്ക്കു ബൈക്കിലെത്തിയാണു ഫിറോസ് കീഴടങ്ങിയത്.
ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കില്‍ നിന്നും 25 കോടി വായ്പ വാങ്ങിത്തരാം എന്നു പറഞ്ഞ് തിരുവനന്തപുരം സ്വദേശി സലീം കബീറില്‍ നിന്നും 40. 20 ലക്ഷം രൂപ വാങ്ങിയ കേസിലാണു ഫിറോസ് പ്രതിസ്ഥാനത്തുള്ളത്. 2009 ലാണു കേസിനാസ്പദമായ സംഭവമുണ്ടായത്. സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളായ ബിജു രാധാകൃഷ്ണന് എഡിബി ഉദ്യോഗസ്ഥനായും സരിത.എസ്. നായര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായും വേഷമിട്ടാണു തട്ടിപ്പു നടത്തിയത്. ഇവരെയും സലീമിനെയും തമ്മില്‍ പരിചയപ്പെടുത്തിയതു ഫിറോസായിരുന്നു. ഫിറോസിന് അഞ്ചുലക്ഷം രൂപ, രണ്ടു സ്വര്‍ണ മോതിരം, ഐ ടെന്‍ കാര്‍ എന്നിവ നല്‍കിയതായി സരിതയും ബിജുവും മൊഴി നല്‍കിയിട്ടുണ്ട്.
കേസില്‍ ഫിറോസിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മെഡിക്കല്‍ കൊളെജ് പൊലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 910/2009 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ 2010 നവംബര്‍ 25 നാണു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കേസ് സംബന്ധിച്ചു രണ്ടു തവണ ഡിജിപി സര്‍ക്കാറിനു കത്തു നല്‍കിയിരുന്നു. കേസില്‍ ബിജുവും സരിതയുമായി ചേര്‍ന്നു ഫിറോസ് ഗൂഢാലോചന നടത്തിയതായി പ്രഥമദൃഷ്ട്യാ തെഴിവുണ്ടെന്നു ഡിജിപിയുടെ കത്തില്‍ വ്യക്തമാക്കിയിരുന്നു.
താന്‍ ഒളിവിലല്ലായിരുന്നെന്നാണു ഫിറോസ് മാധ്യമങ്ങളോടു പറഞ്ഞത്. ഫിറോസിനു മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും സോളാര്‍ തട്ടിപ്പിലെ മറ്റു കേസുകളില്‍ പങ്കുണ്ടോ എന്ന് അറിയാന്‍ അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
ഫിറോസിനു കീഴടങ്ങാന്‍ ഈ മാസം 20 വരെ കോടതി സമയം നല്‍കിയിരുന്നു. എന്നാല്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ കീഴടങ്ങുകയായിരുന്നുവെന്നു ഫിറോസിന്റെ അഭിഭാഷകന് വ്യക്തമാക്കി. അതേസമയം, ഫിറോസ് കീഴടങ്ങിയതറിഞ്ഞെത്തിയ മാധ്യമങ്ങളെ കബളിപ്പിക്കാന്‍ പോലീസ് ശ്രമിച്ചതു സംശയത്തിനു വഴിവയ്ക്കുന്നുണ്ട്. മെഡിക്കല്‍കോളെജ് സ്റ്റേഷനില്‍ നിന്നും കമ്മീഷണര്‍ ഓഫിസിലേക്കെന്നു പറഞ്ഞ് ജീപ്പ്പില്‍ ഫിറോസിനെ കൊണ്ടുപോയി. പിന്തുടര്‍ന്ന മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചു പിന്നീട് മെഡിക്കല്‍കോളേജ് സ്റ്റേഷനിലേക്കു തന്നെ കൊണ്ടുവന്നു ചോദ്യംചെയ്യല്‍ ആരംഭിച്ചു.
തിരുവനന്തപുരത്തുതന്നെ ഉണ്ടായിരുന്നിട്ടും ഫിറോസിനെ അറസ്റ്റുചെയ്യാന്‍ പോലീസിനു കഴിഞ്ഞില്ല എന്ന രീതിയില്‍ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പൊലീസ് നടത്തിയ നാടകത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: