പെരുമ്പാവൂര്‍: പന്ത്രണ്ട് വര്‍ഷക്കാലമായി പൂട്ടിക്കിടക്കുന്ന ട്രാവന്‍കൂര്‍ റയോണ്‍സിലെ 2060 തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ച് റയോണ്‍സ് പടിക്കല്‍ കുടില്‍കെട്ടി സമരവും പ്രതീകാത്മക തൂങ്ങിമരണവും നടത്തി. 2001 ജൂലൈ 17ന് വൈദ്യുതി വല്‍ക്കരണത്തിന്റെ പേരില്‍ കമ്പനി പൂട്ടിയിട്ട് 12 വര്‍ഷം തികഞ്ഞ ഇന്നലെയാണ് സമരം നടന്നത്. ഇതിന്റെ സൂചനയെന്നോണം റയോണ്‍സിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ തൂക്കുമരത്തില്‍ 12 പേര് പ്രതീകാത്മകമായി തൂങ്ങിമരണം നടത്തി.
ഇന്നലെ രാവിലെ 10 മണിക്ക് വല്ലം കവലയില്‍ നിന്നും നൂര്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു. ഇതേ തുടര്‍ന്ന് റയോണ്‍സ് വളപ്പിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രകടനക്കാരെ പ്രധാന ഗേറ്റിനു മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് തൊഴിലാളികള്‍ ഗേറ്റിന് മുന്നില്‍ കുടില്‍കെട്ടി സമരവും പ്രതീകാത്മക മരണവും നടത്തി. വല്ലം ഫെറോന പള്ളിവികാരി ഫാദര്‍ സക്കറിയാസ് പറനിലം അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ സമ്മേളനം ടി.എസ്.നാരായണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി സെക്രട്ടറി ടി.വിജയന് മുഖ്യപ്രഭാഷണം നടത്തി.
സമ്മേളനത്തില്‍ നേതാക്കാളയ ഇ.കെ.ഉസ്മാന്, ജോര്‍ജ് സ്റ്റീഫന്‍, വി.വി.ജോസ്, അഗസ്റ്റിന് കോലഞ്ചേരി, മാത്യൂസ് കോലഞ്ചേരി, എം.മീരാന്‍, എം.പി.മാണി, പി.എം.മോഹനന്, വൈക്കം വിശ്വംഭരന്, നഗരസഭ കൗണ്‍സിലര്‍ എന്‍.എ.ലുക്മാന്, മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് സി.കെ.അബ്ദുള്ള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് സെക്രട്ടറി ജി.ജയപാല്‍, പോള്‍ വര്‍ഗീസ്, സത്യവാന്, ടി.വി.വേണു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: