പെരുമ്പാവൂര്‍: ഒരു നാടിന്റെ പെരുമായി തലയെടുപ്പോടെ നിലനിന്നിരുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് പ്രവര്‍ത്തന രഹിതമായിട്ട് ഇന്ന് 12 വര്‍ഷം പൂര്‍ത്തിയാകുന്നു. 2001 ജൂലൈ 17നാണ് വൈദ്യുതി ലൈന്‍ വലിക്കുന്നതിന്റെ പേരില്‍ കമ്പനിഅടച്ച് പൂട്ടിയത്. ഒരു വ്യാഴവട്ടക്കാലം പിന്നിടുമ്പോഴും തൊഴിലാളികളുടെ ആനൂകുല്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഭാഗത്ത് നിന്ന് യാതൊരു തീരുമാനവും ആകാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളി കുടുംബങ്ങള്‍ ഇന്ന് മുതല്‍ കമ്പനി വളപ്പില്‍ കുടില്‍കെട്ടി സമരം തുടങ്ങുകയാണ്.
റയോണ്‍സ് തൊഴിലാളികള്‍ തൊഴില്‍ ഇല്ലാതായ 12 വര്‍ഷത്തിനുള്ളില്‍ ഇടത് വലത് മുന്നണികളും മാറിമാറി ഭരണം നടത്തിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. പെരുമ്പാവൂരില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചവര്‍ റയോണ്‍സിന്റെ പേര് പറഞ്ഞ് വോട്ട് തേടിയെങ്കിലും പെരുമ്പാവൂരിന്റെ മുഖ്യസാമ്പത്തിക സ്രോതസായിരുന്ന ട്രാവന്‍കൂര്‍ റയോണ്സിനെയും ഇവിടത്തെ തൊഴിലാളികളെയും പിന്നീട് മറക്കുകയായിരുന്നു. ഇതിനിടയില്‍ വന്ന നായനാര്‍ മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രി സൂശീലാ ഗോപാലന് 15 കോടി റയോണ്‍സിനായി അനുവദിച്ചെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ പണം എന്ത് ചെയ്തെന്ന കാര്യത്തില്‍ ഉത്തരമില്ല.
കമ്പനിയില്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത 2060 തൊഴിലാളികളാണ് നിലവിലുള്ളത്. വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി കോടികളുടെ കടബാധ്യതയാണ് കമ്പനിയുടെ പേരിലുള്ളത്. ഇതില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ 22 കോടിയാണ് ധനകാര്യ സ്ഥാപനങ്ങള്‍ ചോദിക്കുന്നത്. എന്നാല്‍ 67 ഏക്കര്‍ സ്ഥലത്തായി സ്ഥിതിചെയ്യുന്ന ട്രാവന്‍കൂര്‍ റയോണ്‍സിന് ഇപ്പോള്‍ നൂറ് കോടിയോളം രൂപയുടെ ആസ്ഥിയാണുള്ളത്. ഇത്രയും തുകക്ക് കമ്പനിപാട്ടത്തിന് നല്കിയാല് 60 കോടികൊണ്ട് കടങ്ങള്‍ മുഴുവന്‍ തീര്‍ക്കാനാകുമെന്നും ബാക്കിതുകകൊണ്ട് തൊഴിലാളികളുടെ കാര്യങ്ങള്‍ പരിഹരിക്കാനാകുമെന്നും ഇവര്‍ പറയുന്നു.
റയോണ്‍സിന്റെ ക്വാര്‍ട്ടേഴ്സില്‍ ഇന്നും അമ്പതോളം തൊഴിലാളികുടുംബങ്ങള്‍ ബുദ്ധിമുട്ടില്‍ താമസിക്കുന്നുണ്ട്. പെരുമ്പാവൂരില്‍ പലതവണ എത്തിയ വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി റയോണ്‍സ് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഉടര്പരിഹരിക്കുമെന്ന് വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും യാതൊന്നും നടന്നിട്ടില്ല.
യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനും എംഎല്‍എ സാജുപോളും മോഹനവാഗ്ദാനങ്ങള്‍ നിരത്തുമെങ്കിലും ട്രാവന്‍കൂര്‍ റയോണ്‍സ് തൊഴിലാളികളെ വോട്ടുബാങ്കുകളായി മാത്രമാണ് കാണുന്നതെന്നും ആക്ഷേപമുണ്ട്. സംഘടിത യൂണിയനില്‍പ്പെട്ട തൊഴിലാളികള്‍ക്കായി നേതാക്കള്‍ വാദിക്കുന്നുണ്ടെങ്കിലും അസംഘടിത വര്‍ഗ്ഗമായ റയോണ്‍സിലെ കാന്റീന് തൊഴിലാളികളെയും കരാര്‍ തൊഴിലാളികളെയും ആരും ഓര്‍ക്കുന്നില്ലന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: