പെരുമ്പാവൂര്‍: സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ പ്രധാന പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിത എസ്.നായരെയും കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇന്നലെ പെരുമ്പാവൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍നിന്നാണ് എറണാകുളം തൃശൂര്‍ ജില്ലകളിലായുള്ള കേസുകളുടെ അന്വേഷണച്ചുമതല വഹിക്കുന്ന പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ.ഹരികൃഷ്ണന് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. 20ന് ഉച്ചയ്ക്ക് ഒരുമണിവരെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്.
പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ കീഴില്‍ പതിനൊന്ന് കേസുകളാണ് അന്വേഷണത്തിനുള്ളത്. ഇതില്‍ എറണാകുളം നോര്‍ത്തിലെ ഒരു കേസിന്റെ കാര്യങ്ങളെക്കുറിച്ച് തുടരന്വേഷണം നടത്തുന്നതിനാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. ഈ കേസുകള്‍ കൂടാതെ ചാലക്കുടി, ബിനാനിപുരം, കളമശ്ശേരി, വാഴക്കുളം, പെരുമ്പാവൂരിലെ പരാതിക്കാരന് സജാതിന്റേതടക്കമുള്ള കേസുകളിലായി മൂന്നരക്കോടി രൂപയുടെ തട്ടിപ്പാണ് ബിജുവും സരിതയും ചേര്‍ന്ന് നടത്തിയിരിക്കുന്നതെന്ന് ഡിവൈഎസ്പി ഹരികൃഷ്ണന് പറഞ്ഞു.
പല വ്യക്തികളില്‍നിന്നായി മൂന്ന് ലക്ഷം മുതല്‍ 95 ലക്ഷം വരെയുള്ള തുകകളാണ് ഇരുവരും ചേര്‍ന്ന് തട്ടിച്ചിരിക്കുന്നത്. എറണാകുളം സൗത്തിലെയും നോര്‍ത്തിലെയും ആറ് കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ആവശ്യമെങ്കില്‍ തട്ടിപ്പ് നടത്തിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. ഇവര്‍ പലര്‍ക്കായി എഴുതി നല്‍കിയെന്ന് പറയുന്ന രേഖകളില്‍ കാണുന്ന കയ്യക്ഷരം പ്രതികളുടേതാണെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധനകള്‍ നടത്തുമെന്നും ഇവര്‍ ആളുകളില്‍നിന്നും കൈവശപ്പെടുത്തിയ പണത്തെ സംബന്ധിച്ച വിവരങ്ങളും അന്വേഷവിധേയമാക്കുമെന്നും പോലീസ് പറഞ്ഞു.
എന്നാല്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുള്ള മുടിക്കല്‍ സ്വദേശി സജാതിനെ പറ്റിച്ച നാല്‍പ്പത് ലക്ഷത്തിന്റെ കേസിനെ സംബന്ധിച്ച് ഇപ്പോള്‍ കൂടുതല്‍ അന്വേഷണം നടത്തുന്നില്ലെന്നും ഡിവൈഎസ്പി അറിയിച്ചു. തുടരന്വേഷണം നല്ല രീതിയിലാണെങ്കില്‍ ബിജു രാധാകൃഷ്ണനും സരിതയും ചേര്‍ന്ന് കേരളത്തിലാകമാനം നടത്തിയ തട്ടിപ്പുകളില്‍ സമ്പാദിച്ച പണത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരം പുറത്തുവരുമെന്നാണ് കരുതുന്നത്.
പ്രതികളെ പെരുമ്പാവൂരില്‍ എത്തിക്കുമെന്നറിഞ്ഞ് നിരവധി ആളുകളാണ് പോലീസ്സ്റ്റേഷന് പരിസരത്ത് എത്തിയത്്. അഞ്ചോളം പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് പ്രതികളെ സ്റ്റേഷനിലെത്തിച്ചത്. പിന്നീട് സൗകര്യാര്‍ത്ഥം ബിജു രാധാകൃഷ്ണനെ കുറുപ്പംപടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതിനിടെ പെരുമ്പാവൂരിലെ പരാതിക്കാരന് സജാത് പോലീസ് സ്റ്റേഷനിലെത്തിയത് ജനങ്ങളില്‍ ആകാംക്ഷ പരത്തിയെങ്കിലും പോലീസുമായി സംസാരിക്കുവാന്‍ സജാതിനെ അനുവദിച്ചില്ലെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: