വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ സംസ്ഥാനത്തെ ഹോട്ടലുകളിലെ ഭക്ഷണ വിലയും കുതിച്ചു കയറുന്നു. സംസ്ഥാന സര്‍ക്കാര്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതികള്‍ ആവിഷ്കരിച്ചതൊന്നും നിലവിലില്ലാതായിരിക്കുകയാണ്. എന്നാല്‍, അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ ‘അമ്മ ഉണവഗം’ പദ്ധതി ജനങ്ങള്‍ക്കു വലിയ തുണയാകുന്നു. തുച്ഛ വിലയ്ക്ക് പ്രഭാതഭക്ഷണവും ഉച്ച ഭക്ഷണവും നല്‍കുന്നതാണ് ജയലളിതയുടെ ഈ പദ്ധതി.
സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ജനസേവന പദ്ധതിയില്‍ പ്രമുഖമെന്നു പറയപ്പെടുന്നതാണ് ന്യായവില-അന്നപൂര്‍ണ ഹോട്ടലുകള്‍. ജനോപകാരപ്രദമായ പദ്ധതികളില്‍ പെടുത്തി സര്‍ക്കാര്‍ ഔദ്യോഗികമായി അവകാശപ്പെടുന്ന അഭിമാന പദ്ധതിയാണിത്. സര്‍ക്കാര്‍ വെബ്സൈറ്റിലും ഈ അവകാശവാദമുണ്ട്. എന്നാല്‍ അന്നപൂര്‍ണ ഹോട്ടലുകള്‍ സംസ്ഥാനത്ത് ഇല്ലേയില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തേ അവ അടച്ചു പൂട്ടി. മാവേലി ഹോട്ടലുകളെന്ന പേരില്‍ തുടങ്ങിയ ന്യായവില ഹോട്ടലുകളും ഇന്നു നിലവിലല്ല. സബ്സിഡി നിരക്കില്‍ അരിയും നിത്യോപയോഗ വസ്തുക്കളും നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പില്‍ തുടങ്ങിയ പദ്ധതിയാണ് ഇല്ലാതായത്.
അതേസമയം, അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ജയലളിത വിപണി വിലക്കയറ്റത്തിലും സാധാരണക്കാരുടെ സേവനത്തിനു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഖിക്കപ്പെടുകയാണ്. ‘അമ്മ ഉണവഗം’ എന്ന പേരില്‍ നടത്തുന്ന വഴിയോര ക്യാന്റീനുകളില്നിന്നു തുച്ഛമായ വിലയ്ക്കു കിട്ടുന്നത് മെച്ചമായ ഭക്ഷണമാണ്. ഒരുരൂപയ്ക്ക് ഇഡ്ഡലിയും രണ്ടു രൂപക്ക് തൈര്ശാതവും അഞ്ചുരൂപക്ക് ലെമണ്‍ റൈസും കിട്ടുന്ന കടകള്‍ ഒരു കോര്‍പ്പറേഷനില്‍ 20 എണ്ണം വീതമുണ്ട്. 10 കോര്‍പ്പറേഷനുകളില്‍ കാലത്തും ഉച്ചയ്ക്കും കിട്ടുന്ന തുച്ഛ വിലയ്ക്കുള്ള ഭക്ഷണത്തിനു സര്‍ക്കാര്‍ സബ്സിഡി നല്‍കുകയാണ്. തമിഴ്നാട്ടില്‍ ഹിറ്റായിക്കഴിഞ്ഞിരിക്കുന്ന ഈ പദ്ധതി കൂടുതലിടങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ പോവുകയാണവിടെ.
എന്നാല്‍, കേരളത്തില്‍ വിവിധ ജില്ലകളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹോട്ടലുകളില്‍ ഭഷണത്തിനു തീവിലയായിരിക്കെ ന്യായവിലഹോട്ടലുകള് പൂട്ടിപ്പോയിരിക്കുകയാണ്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സഹായങ്ങള്‍ കിട്ടാഞ്ഞതിനെ തുടര്‍ന്ന് നഷ്ടം വര്‍ദ്ധിച്ചപ്പോഴാണ് പലരും കച്ചവടം പൂട്ടിയത്.
സ്വന്തം ലേഖകന്മാര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: