മലപ്പുറം: സംസ്ഥാനത്ത് ഒറ്റനമ്പര്‍ ചൂതാട്ടം വീണ്ടും. കേരള സംസ്ഥാന ലോട്ടറിയെ മറപിടിച്ചാണ് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ഒറ്റ നമ്പര്‍ ലോട്ടറി മാഫിയ വിലസുന്നത്. മലപ്പുറം കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ റാക്കറ്റ് പ്രവര്ത്തികുന്നതായാണ് വിവരം. അനധികൃത ലോട്ടറി വില്പന സംബന്ധിച്ച് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടും നടപടി എടുക്കാന്‍ മടിക്കുന്നതായി ആരോപണമുണ്ട്. സംസ്ഥാനത്ത് എല്ലാ ദിവസവും ഇപ്പോള്‍ കേരള ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നതിനാല്‍ ഇതിന്റെ നമ്പര്‍ ഉപയോഗപ്പെടുത്തിയാണ് ഒറ്റനമ്പര്‍ ലോട്ടറിയുടെ ചൂതാട്ടം വ്യാപകമാകുന്നത്. ഒറ്റ നമ്പര്‍, എഴുതല്‍ തുടങ്ങിയ രഹസ്യ കോഡുകളിലൂടെയാണ് ഇവര്‍ ചൂതാട്ടം നടത്തുന്നത്. പല ജില്ലകളിലും സമ്മാനത്തുക സംബന്ധിച്ച് സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതെല്ലാം ഒറ്റപ്പെട്ട ചില സംഭവങ്ങളായി നിസാരവല്‍ക്കരിക്കുകയാണ് പോലീസ്.
സംസ്ഥാനത്ത് നിരോധിച്ച സിക്കിം ലോട്ടറിയുടെ രൂപത്തിലാണ് എഴുതല്‍ ലോട്ടറി അറിയപ്പെടുന്നത്. അവസാനത്തെ മൂന്നക്ക നമ്പറാണ് സമ്മാനത്തിനായി തെരഞ്ഞെടുക്കുന്നത്. ഇതിന് ടിക്കറ്റ് അടിച്ചിറക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. വെള്ളപ്പേപ്പറുകളില്‍ എഴുതി നല്‍കുകയാണ് പതിവ്. അതാത് ദിവസം കേരള ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം വന്നാല്‍ എഴുതി കൊടുത്ത നമ്പറുകള്‍ ഉണ്ടെങ്കില്‍ അതിന് സമ്മാനം ലഭിക്കുമെന്നാണ് കരാര്‍. ഉദാഹരണത്തിന് 123455 എന്ന നമ്പറിനാണ് സംസ്ഥാന ലോട്ടറിയില്‍ ഒന്നാം സ്ഥാനം ലഭിച്ചതെങ്കില്‍ 455 എന്ന നമ്പര്‍ എഴുതിയ ആള്‍ക്ക് ഒന്നാം സ്ഥാനം കിട്ടും. ഇത്തരത്തില്‍ ഒന്നും മുതല്‍ ആറ് വരെ സമ്മാനങ്ങളാണ് നല്‍കുന്നത്. ഒന്നാം സമ്മാനം 5000 രൂപയാണ്. രണ്ടാം സമ്മാനം 500, മൂന്നാം സമ്മാനം 250, നാലാം സമ്മാനം 100, അഞ്ചാം സമ്മാനം 50, ആറാം സമ്മാനം 20 എന്നിങ്ങനെയാണ് തുകകള്‍.ഒരു ലോട്ടറിക്ക് 10 രൂപയാണ് വില. മിനിമം രണ്ട് ലോട്ടറിയെങ്കിലും എടുക്കണം.
ഒറ്റനമ്പര്‍ ലോട്ടറിയും സംസ്ഥാന ലോട്ടറിയെ അടിസ്ഥാനമാക്കി തന്നെയാണ് നടത്തുന്നത്. ഓപ്പണ്‍ എ,ബി,സി എന്നാണ് ലോട്ടറി ഉപഭോക്താക്കളുടെ ഇടയില്‍ അറിയപ്പെടുന്നത്. കേരള ലോട്ടറിയില്‍ സമ്മാനം നേടിയ ടിക്കറ്റില്‍ ഇവര്‍ എഴുതിയ അക്കമുണ്ടെങ്കില് സമ്മാനം കിട്ടും. ഉദാഹരണത്തിന് 1234589 എന്ന നമ്പറിനാണ് സമ്മാനം കിട്ടിയതെങ്കില് നാല്, അഞ്ച്, ആറ് ഈ സംഖ്യയുടെ സ്ഥാനം കൃത്യമായി എഴുതിയവര്‍ക്ക് സമ്മാനം ലഭിക്കും. എ നാല്, ബി അഞ്ച്. സി ആറ് എന്നതാണിത്. ഇതില്‍ എ,ബി,സി ഇവയിലെതെങ്കിലും ഒന്നാണ് എഴുതേണ്ടത്. ഇവ കൃത്യമായി എഴുതിയാല്‍ സമ്മാനം ലഭിക്കും. കേരള ലോട്ടറിയുടെ സമ്മാനം ലഭിച്ച നമ്പറിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെയും സമ്മാനം. ടിക്കറ്റിന്റെ വില അഞ്ച് രൂപയാണ്. പക്ഷെ, മിനിമം 60 രൂപയുടെ ടിക്കേറ്റ്ടുക്കണം. 500 രൂപയാണ് ഒന്നാം സമ്മാനം. തുണ്ട് പേപ്പറില്‍ നമ്പര്‍ എഴുതി കടക്കാരന് തീയതിയും ഒപ്പും വച്ച് തരുന്ന പേപ്പറാണ് ലോട്ടറി ടിക്കറ്റ്. നമ്പര്‍ എഴുതിയതിന് താഴെ ഇയാളുടെ ടിക്കറ്റിന്റെ എണ്ണവും രേഖപ്പെടുത്തും.
ഫലം അറിഞ്ഞ ഉടനെ തന്നെ സമ്മാനം ലഭിക്കുമെന്നതാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. സംസ്ഥാന ലോട്ടറിയുടെ നറുക്കെടുപ്പിന്റെ ഫലം ലോട്ടറി കടയിലേക്ക് ലഭിക്കുന്ന സമയം മുതല്‍ ഇതിന്റെ ഫലവും ആളുകള്‍ക്ക് ലഭിക്കും. സ്ഥിരം ഉപഭോക്താക്കള്‍ക്ക് മൊബെയില്‍ വഴിയും ടിക്കറ്റ് ലഭിക്കും. ഇവര്‍ എസ്എംഎസ് അയച്ചാല്‍ ഈ നമ്പറിലുള്ള ടിക്കറ്റുകള്‍ കടകളില്‍ സൂക്ഷിച്ച് വയ്ക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: