തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നടന്ന അസിസ്റ്റന്റ് പരീക്ഷയിലെ 40,000 ഉത്തരക്കടലാസുകള്‍ കാണാതായ സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.
ഉന്നതരുടെ ഇടപ്പെടലാണ് മേലുദ്യോഗസ്ഥരുടെ എതിര്‍പ്പ് പോലും വകവയ്ക്കാതെ ഉദ്യോഗസ്ഥാനായ ഡിവൈ.എസ്.പി സുള്‍ഫിക്കറിനെ കൊട്ടാരകരയിലേക്ക സ്ഥലം മാറ്റാന്‍ വഴിയൊരുക്കിയത്.
അതിനിനിടെ സുള്‍ഫിക്കറിനെ മാറ്റരുതെന്നാവശ്യപ്പെട്ട് എ.ഡി.ജി.പി വിന്‍സന്‍ എം.പോള്‍ ആഭ്യന്തരമന്ത്രിക്കെഴുതിയ ഫയലും മുങ്ങി. ഉത്തരക്കടലാസുകള്‍ മുക്കിയശേഷം ഇന്റര്‍വ്യൂവിന് തോന്നിയ പോലെ മാര്‍ക്കിട്ട് സ്വന്തക്കാരെ നിയമിച്ചുവെന്ന് ലോകായുക്തയും ഹൈക്കോടതി നിയമിച്ച കമ്മീഷനും കണ്ടെത്തിയിരുന്നു.
നിയമിക്കപ്പെട്ടവരില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കന്മാരുടെ ബന്ധുക്കളാണുണ്ടായിരുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ രണ്ട് ഏരിയാ സെക്രട്ടറിമാരടക്കമുള്ള സിന്‍ഡിക്കേറ്റ് നേതാക്കളുടെ പേരില്‍ നടപടിയെടുക്കണമെന്ന് ലോകായുക്ത ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വൈസ്ചാന്‍സലറുടെയും രജിസ്ട്രാറുടെയും അറിവോടെയാണ് അഴിമതി നടന്നുവെന്നുള്ളതുകൊണ്ട് ഇവരെയും പ്രതികളാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അന്വേഷണം നേരായ രീതിയില്‍ പോയാല്‍ ഇവരെയെല്ലാം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടിവരുമെന്നു മാത്രമല്ല ഉത്തരക്കടലാസുകള്‍ എവിടെയെന്ന് ഇവരില്‍നിന്നുള്ള വിവരമനുസരിച്ച് കണ്ടുപിടിക്കേണ്ടിയും വരുമായിരുന്നു.
ഇത് സംഭവിക്കുന്നതിന് തൊട്ടുമുന്‍പാണ് രാഷ്ട്രീയ ഇടപെടലിലൂടെ അന്വേഷണം അട്ടിമറിച്ചത്. ഹെക്കോടതിയും ലോകായുക്തയും ഇടപെട്ടതു കൊണ്ട് മാത്രമാണ് അഴിമതിയുടെ ചുരുളുകളഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: