കാസര്‍കോട്: പാഠ്യപദ്ധതിയില്‍ ഭാരതീയ സംസ്കാരം ഉള്‍പ്പെടുത്തണമെന്ന് പ്രശസ്ത ഷഹനായി വിദ്വാന് ഉസ്താദ് ഹസ്സന് ഭായി പറഞ്ഞു. എബിവിപി കാസര്‍കോട് നഗര്‍ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുമോദന സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യകൊണ്ട് ഉന്നത വിജയം കൈവരിക്കാന്‍ സാധിക്കും. എന്നാല്‍ സംസ്കാരമില്ലെങ്കില്‍ ഹൃദിസ്ഥമാക്കിയ വിദ്യ കൊണ്ട് യാതൊരു അര്‍ത്ഥവുമില്ല. ലോകരാജ്യങ്ങള്‍ സഞ്ചരിച്ച തനിക്ക് ഭാരതീയ സംസ്കാരം ഒരിടത്തും കാണാന്‍ കഴിഞ്ഞില്ല. ലോകരാഷ്ട്രങ്ങള്‍ പോലും അംഗീകരിച്ച സംസ്കാരമാണ് നമ്മുടേത്. പൂര്‍വ്വ കാലഘട്ടത്തില്‍ തന്നെ വിദേശികള്‍ ഭാരതത്തില്‍ വന്ന് വിദ്യ അഭ്യസിച്ച ചരിത്രം നമുക്കുണ്ട്. സമൂഹത്തില്‍ ഇന്ന് ഒരുപാട് പ്രശ്നങ്ങള്‍ നിലനില്ക്കുന്നു. അതിനൊക്കെ കാരണം മതഗ്രന്ഥങ്ങള്‍ ഹൃദിസ്ഥമാക്കാത്തതാണ്. എല്ലാ മതങ്ങളും ഒന്നുതന്നെയാണ് പഠിപ്പിക്കുന്നത്. എല്ലാം പലപേരുകളില്‍ അറിയപ്പെടുന്നുണ്ടെങ്കിലും വ്യാഖ്യാനിക്കുമ്പോള്‍ അതെല്ലാം ഒന്നാണ് എന്ന് തിരിച്ചറിയാന്‍ സാധിക്കും. ഗുരുത്വമില്ലാത്ത ഒരു സമൂഹമാണ് ഇപ്പോള്‍ വളര്‍ന്നുവരുന്നത്. അതിനുമാറ്റം വരണം. ഗുരുശിഷ്യ ബന്ധം അത് ശ്രേഷ്ഠമായ പവിത്രബന്ധമായിരിക്കണം. പരസ്പര സഹകരണത്തോടെ സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്ന ഒരു സമൂഹമായി വിദ്യാര്‍ത്ഥികള്‍ വളര്‍ന്നുവരണമെന്നും ഉസ്താദ് ഹസ്സന്ഭായി പറഞ്ഞു. ചടങ്ങില്‍ കാസര്‍കോട് താലൂക്ക് പരിധിയില്‍പ്പെട്ട എസ്എസ്എല്‍സി, പ്ളസ്ടു ക്ളാസ്സുകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ജില്ലാ കണ്‍വീനര്‍ ഇ.നിഥീഷ് അധ്യക്ഷത വഹിച്ചു. എബിവിപി സംസ്ഥാന ട്രഷറര്‍ ജിതിന് രഘുനാഥ്, പ്രഭാഷണം നടത്തി. പി.വി.രതീഷ്, അനീഷ്.എം, രഞ്ജിത്ത്.എം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: