അരനൂറ്റാണ്ടിനപ്പുറമുള്ള ചില പത്രങ്ങളും വാരികകളും മറ്റും ഇടയ്ക്കിടെ എടുത്തുവായിക്കുന്നത് ഒരു കൗതുകം തന്നെ. അച്ഛന് പഴയ പത്രങ്ങളും മറ്റും സൂക്ഷിച്ചുവെക്കുന്ന സ്വഭാവമുണ്ടായിരുന്നു. അവയില്‍ വളരെയേറെ ദ്രവിച്ചും ചിതലെടുത്തും നശിച്ചുപോയി. പഴയകാലത്തെ ഓലമേഞ്ഞ വീട്ടിലാണ് ആദ്യം അവ സൂക്ഷിച്ചിരുന്നത്. പിന്നീട് വീടിന് ഓടിട്ടുവെങ്കിലും പഴയ കടലാസുകള്‍ സൂക്ഷിക്കാന്‍ പറ്റിയ അവസ്ഥയൊന്നും അവിടെയുണ്ടായിരുന്നില്ല.
1944 ലെ മലയാള രാജ്യം വാരിക, കൊല്ലത്തെ ഹിന്ദു മഹാമണ്ഡല വാര്‍ത്തകള്‍ ഉള്ള ദേശബന്ധു, 60കള്‍ മുതലുള്ള കേസരി, ഓര്‍ഗനൈസര്‍ വാരികകള്‍, പൂജനീയ ഗുരുജിയുടെ 51-ാം ജന്മദിനാഘോഷങ്ങളുടെ ലഘുലേഖകള്‍, ജനസംഘത്തിന്റെ കാലത്തെ ലഘുലേഖകള്‍ തുടങ്ങിയവ ആ ശേഖരത്തില്‍ പെടുന്നു. 1967 ലെ ജനസംഘം അഖിലഭാരത സമ്മേളനത്തിന്റെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ശിവകാശിയില്‍ അച്ചടിപ്പിച്ച മനോഹരമായ പുസ്തകം, മാപ്പിള ലഹളാ രക്തസാക്ഷി കണ്‍വെന്‍ഷന്റെ സ്മരണിക തുടങ്ങിയവയുടെ ചിതല്ശേഷിപ്പും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്റെ മുത്തച്ഛനും ഗ്രന്ഥങ്ങള്‍ സൂക്ഷിക്കുന്ന സ്വഭാവമുണ്ടായിരുന്നു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ തുടക്ക കാലം തന്നെ സജീവമായിരുന്ന അദ്ദേഹത്തിന്റെ ശേഖരത്തില്‍ പഴയ സര്‍വീസ് മാസികകള്‍ ഉണ്ടായിരുന്നു. വീര സവര്‍ക്കര്‍ എന്‍എസ്എസിന്റെ രജതജൂബിലി ആഘോഷങ്ങളുടെ വിശിഷ്ടാതിഥിയായി 1940 ല്‍ പെരുന്നയില്‍ വന്ന് ചെയ്ത പ്രസംഗം അക്കാലത്തെ സര്‍വീസ് മാസികയില്‍ വന്നിരുന്നു. 1966 ല്‍ സവര്‍ക്കര്‍ അന്തരിച്ചപ്പോള്‍ ആ പ്രസംഗം കേട്ട ധാരാളം പേര് ജീവിച്ചിരുന്നു. അന്ന് ചങ്ങനാശ്ശേരി കേന്ദ്രമായി കോട്ടയം ജില്ലാ പ്രചാരകനായിരുന്ന എനിക്ക് ആ പ്രസംഗത്തിന്റെ ഒരു പകര്‍പ്പ് ലഭിക്കുന്നതിന് വലിയ ആഗ്രഹമുണ്ടായി. ഹെഡ്ഓഫീസിലെ പഴയരേഖകളും പഴയ സര്‍വീസ് ലക്കങ്ങളും തിരഞ്ഞു നോക്കാന്‍ അനുമതിക്കായി അന്ന് സെക്രട്ടറിയായിരുന്ന കിടങ്ങൂര്‍ ഗോപാലകൃഷ്ണ പിള്ളയെ സമീപിച്ചു. സര് സി.പി.രാമസ്വാമി അയ്യര്‍ എന്‍എസ്എസിനെതിരെ വാളെടുത്തപ്പോള്‍ അവിടെയുണ്ടായ പഴയ രേഖകള്‍ സുരക്ഷിതമായി മാറ്റിവെച്ചുവെന്നും അത് പിന്നീട് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു മറുപടി. സവര്‍ക്കറുടെ പ്രസംഗങ്ങള്‍ കണ്ടെടുക്കാന്‍ പിന്നീട് അവര്‍ക്ക് താല്‍പ്പര്യമുണ്ടായില്ല.
ജനസംഘത്തെ സംബന്ധിക്കുന്ന പഴയ കടലാസുകളും ചിത്രങ്ങളും മറ്റും രേഖപ്പെടുത്തി സൂക്ഷിക്കണമെന്ന താല്‍പ്പര്യവുമായി കെ.ആര്.ഉമാകാന്തന്‍ വീട്ടില്‍ വന്നിരുന്നു. അവ അദ്ദേഹം തന്റെ കമ്പ്യൂട്ടറിലാക്കിയെടുത്തു. പഴയരേഖകള്‍ സൂക്ഷിക്കുക, ആശയപരമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുക മുതലായ പ്രവര്‍ത്തികളോട് അടുത്തകാലത്തായി അവഗണന വന്നുവോ എന്ന സംശയവും തോന്നുന്നുണ്ട്.
പഴയ ഒരു ഓര്‍ഗനൈസര്‍ വാരികയുടെ കടലാസ് വായിച്ചപ്പോള്‍, അതില്‍ മാ:യാദവ റാവു ജോഷി എഴുതിയ ഒരു ലേഖനം രസകരമായി തോന്നി. 1944-45 കാലത്തെ സംഭവമാണ്. മംഗലാപുരത്ത് അങ്ങാടിയില്‍ ആജാനുബാഹുക്കളായ രണ്ടു പഞ്ചാബികള്‍ തങ്ങളുടെ ചരക്കുകള്‍ വില്ക്കാന് വ്യാപാര പ്രതിനിധികളായി വന്നതും, ഒരു കടയില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടെ കടക്കാരനും തങ്ങളും സ്വയംസേവകരാണെന്നറിഞ്ഞതും തുടര്‍ന്നുണ്ടായ ആത്മീയാന്തരീക്ഷവും അദ്ദേഹം അതീവ തന്മയത്വത്തോടെ വിവരിക്കുന്ന ഭാഗമാണുണ്ടായിരുന്നത്. യാദവറാവുജിയുടെ കോട്ടും തൊപ്പിയും ധരിച്ചുള്ള ചിത്രവുമുണ്ട്. ലേഖനം മുഴുവന്‍ വായിക്കാന്‍ കഴിയാത്ത വിധം കടലാസ് ദ്രവിച്ചുപോയിരിക്കുന്നു. കടലാസ് തന്നെ സംരക്ഷിക്കാന്‍ കഴിയാത്ത പരുവത്തില്‍ പൊടിഞ്ഞു. അപരിചിതര്‍ ഒരുമിച്ചുവന്ന് സംഘബന്ധം വെളിവാകുമ്പോള്‍ അനുഭവിക്കുന്ന തന്മയീഭാവമാണ് യാദവറാവുജി വിവരിച്ചത്. 70 വര്‍ഷം എത്താറായ അക്കാലത്തെപ്പറ്റിയുള്ള ആ വിവരണം ഹൃദയത്തില്‍ തറച്ചുനിന്നു. 1970 കളിലാണ് എനിക്ക് മംഗലാപുരത്ത് പോകാന്‍ അവസരമുണ്ടായത്. യാദവറാവുജി പ്രതിപാദിച്ച സംഭവം നടന്ന അങ്ങാടിയിലൂടെ പോയത് ഓര്‍ക്കുന്നു.
വികാരനിര്‍ഭരമായി സംഭവങ്ങള്‍ അവതരിപ്പിക്കാന്‍ യാദവറാവുജിക്ക് സവിശേഷമായ കഴിവുണ്ടായിരുന്നു. ആദ്യമായി അദ്ദേഹത്തെ കാണാനും പ്രഭാഷണം കേള്‍ക്കാനും കഴിഞ്ഞ അവസരം അഞ്ചരപ്പതിറ്റാണ്ടിനുശേഷവും അതേ പുതുമയോടെ ഓര്‍മയിലുണ്ട്. 1956 ലെ വിവേകാനന്ദ കോളേജ് സംഘശിക്ഷാവര്ഗാണ് അവസരം. ദക്ഷിണ ഭാരതത്തിലെ നാലു സംസ്ഥാനങ്ങള്‍(ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, കേരളം)ക്കായി നടന്ന ശിബിരമായിരുന്നു അത്. സംഘനിരോധനവും സത്യഗ്രഹവുമായിരുന്നു പ്രഭാഷണ വിഷയം. കോട്ടും തൊപ്പിയും ധരിച്ച അദ്ദേഹത്തിന്റെ ഗംഗാ പ്രവാഹം പോലുള്ള ഹിന്ദി പ്രഭാഷണം നേരിട്ട് ഹൃദയത്തിലേക്ക് തറച്ചുകയറുന്നത്ര വികാരനിര്‍ഭരമായിരുന്നു. 1921 മുതല്‍ ബ്രിട്ടീഷുകാര്‍ക്കെതിരായി നടന്ന സ്വാതന്ത്ര്യപ്രക്ഷോഭവും ഭാരത വിഭജനവും സ്വയംസേവകര്‍ നടത്തിയ സേവനങ്ങളും മഹാത്മാഗാന്ധിയുടെ ഹത്യയെത്തുടര്‍ന്ന് പൂജനീയ ഗുരുജിയേയും ആയിരക്കണക്കിന് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തതും; ന്യായത്തിനും നീതിക്കും വേണ്ടി ശ്രീ ഗുരുജി നടത്തിയ ശ്രമങ്ങളും സത്യഗ്രഹവും അതിന്റെ വിജയവും യാദവറാവുജിയുടെ നാവില്‍നിന്ന് കേള്‍ക്കാന്‍ കിട്ടിയ അവസരം അമൂല്യമാണ്. മൂന്ന് സന്ധ്യകളിലായിട്ടായിരുന്നു ദിവസവും ഒന്നരമണിക്കൂറിലേറെ നീണ്ട പ്രഭാഷണം. യാദവ റാവുജിയുടെ ഹിന്ദി സംസ്കൃതപദ സമൃദ്ധമാകയാല്‍ കേരളീയര്‍ക്ക് മനസ്സിലാകാന്‍ പ്രയാസമില്ല. ശ്രീഗുരുജി ന്യായം തേടി പ്രധാനമന്ത്രി നെഹ്റുവിനെ കാണാന്‍ പോയതും സന്ദര്‍ശനം നിഷേധിച്ചതും മറ്റും ശ്രീകൃഷ്ണന് കൗരവസഭയില്‍ ദൂതിന് പോയതുപോലെയാണദ്ദേഹം പറഞ്ഞത്. നെഹ്റു നീതി നിഷേധിച്ച് നാഗ്പൂരിലേക്ക് മടങ്ങാന്‍ ആജ്ഞാപിച്ചപ്പോള്‍ ‘മാധവ്കോ വിശ്വരൂപ് ദിഖാനാപഡാ, ലാഖോം ലോഗ് ഗാവോം സേ, നഗരോം സേ ആ പഡേ, കൂദ് പഡേ, സത്യാഗ്രഹകി യേ അഭിനവ ദുര്യോധന് കോ സര് ചതുകാനാ പഡാ’ തുടങ്ങിയ വാക്കുകള്‍ ഇന്നും ചെവിയില്‍ മുഴങ്ങുന്നുണ്ട്.
അതേ സംഘശിക്ഷാ വര്‍ഗില്‍ പഠിത്തം കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാത്തവരുടെ ഒരു ബൈഠക് അദ്ദേഹമെടുത്തിരുന്നു. ഒരു സ്കൂളില്‍ അധ്യാപകനായിരിക്കുകയും പിഎസ്സിയുടേയും റെയില്‍വേയുടെയും ടെസ്റ്റുകള്‍ എഴുതി നില്‍ക്കുകയും ചെയ്ത് ഫലം പ്രതീക്ഷിച്ച് കഴിയുന്ന സ്ഥിതിയിലായിരുന്ന എനിക്ക് പ്രചാരകനാവണമെന്ന ആശയം മനസ്സില്‍ വരാന്‍ ആ ബൈഠകിലെ യാദവ റാവുജിയുടെ വാക്കുകളാണ് കാരണമായത്. അടുത്തവര്‍ഷത്തില്‍ രണ്ടാം വര്‍ഷ ശിക്ഷണത്തിന് ചെന്നൈയിലെ പല്ലാവരത്തെ എ.എം.ജെയിന്‍സ് കോളേജില്‍ പ്രചാരകനായാണ് പോയത്. യാദവ റാവുജിയുടെ ബൈഠകില്‍ പങ്കെടുത്ത സമയത്ത് വാക്കുപാലിച്ചു എന്നദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
വിശിഷ്ട ഗുണങ്ങളുള്ള കുട്ടികളെ സംഘത്തില്‍ കൊണ്ടുവരണമെന്ന് സംഘസ്ഥാപകന് അതിയായി അഭിലഷിച്ചിരുന്നു. അതിനുള്ള അന്വേഷണത്തിലാണ് അതിമനോഹരമായി പാടുന്ന യാദവറാവു ജോഷിയെ അദ്ദേഹം കണ്ടെത്തിയതത്രെ. ആ ബാലന്റെ പാട്ടുകേട്ട് ഡോക്ടര്‍ജി ലയിച്ചിരിക്കുമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അതുകേട്ട് ആസ്വദിക്കാനുള്ള ഭാഗ്യം ഈ ലേഖകനുണ്ടായിട്ടില്ല.
ഒരു കേരളപര്യടനത്തിനിടെ യാദവറാവുജിയുടെ ആതിഥേയനാകാന്‍ എന്റെ അച്ഛന് അവസരം കിട്ടി. അദ്ദേഹം അന്ന് തൊടുപുഴയിലെ സംഘചാലകനായിരുന്നു. ഞാന്‍ ജനസംഘത്തിന്റെ ചുമതലയുമായി കോഴിക്കോട്ടും. യാദവറാവുജിയുടെ താമസം തൊടുപുഴയില്‍ എന്റെ വീട്ടിലാണെന്നും ഞാനും അവിടെയുണ്ടാകുന്നത് നന്നായിരിക്കുമെന്നും പ്രാന്തപ്രചാരകന് ഭാസ്കര്‍ റാവുജി അറിയിച്ചതനുസരിച്ച് അവിടെയെത്തി. അച്ഛനെ സംഘചാലകനായി ശ്രീഗുരുജി എറണാകുളത്തെ പരിപാടിയിലാണ് പ്രഖ്യാപിച്ചത്. അതിനുശേഷം കോഴിക്കോട് പരിപാടിയില്‍ വിവരം യാദവറാവുജി അറിയിച്ചത് “സംഘചാലകസ്യ പുത്രാ” എന്നു വിളിച്ചായിരുന്നു. കാര്യം മനസ്സിലാകാതെ അമ്പരന്നുനിന്ന എന്നെ ശ്രീഗുരുജിയുടെ സന്തതസഹചാരിയായിരുന്ന ഡോ.ആബാജി ഥത്തേ കാര്യം പറഞ്ഞു മനസ്സിലാക്കി. ആ സംഭവത്തിനുശേഷമായിരുന്നു അദ്ദേഹം വീട്ടില്‍ വന്നു താമസിച്ചത്. വീട്ടിലെ പരിമിതമായ സൗകര്യത്തില്‍ അദ്ദേഹം സന്തോഷപൂര്‍വം പങ്കുചേര്‍ന്നു. അദ്ദേഹത്തിന് ശരീരവേദനയ്ക്കായി ഒരു തൈലം തേച്ചു ചൂടുവെള്ളത്തില്‍ കുളിക്കേണ്ടതുണ്ടായിരുന്നു. തൈലം പുരട്ടാന്‍ പരിചയമുള്ള ഒരു സ്വയംസേവകനെ ചുമതലപ്പെടുത്തി. എണ്ണ തേച്ച് അരനാഴിക കഴിഞ്ഞ് 50 മീറ്റര്‍ നടന്ന് കിണറ്റുകരയിലെ കുളിപ്പുരയിലേക്ക് പോകേണ്ടിയിരുന്നു. സ്വതേ ഉരുണ്ടുതടിച്ച ദേഹപ്രകൃതിയായ ഹ്രസ്വകായന്‍ നടന്ന് പോകുന്നത് സ്വയംസേവകര്‍ കൗതുകപൂര്‍വം നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. സെപ്റ്റിക് ടാങ്കോ അറ്റാച്ച്ഡ് ബാത്ത്റൂമോ ഇല്ലാതിരുന്ന അക്കാലത്ത് സംഘത്തിന്റെ അത്യുന്നത സ്ഥാനത്തുള്ള ഒരാള്‍ക്കുണ്ടായ അനുഭവം ഇക്കാലത്ത് ചിന്തിക്കാന്‍ പോലും സാധ്യമല്ല.
കാര്യകര്‍ത്താക്കളുടെ മനസ്സില്‍ ആത്മവിശ്വാസവും കര്തൃത്വശേഷിയും വളര്‍ത്തുന്നതില്‍ യാദവറാവുജി അതീവ കുശലനായിരുന്നു. കേരളത്തിലെ ശ്രീ ഗുരുദക്ഷിണാ സമര്‍പ്പണ തോത് വളരെ കുറവായിരുന്ന അറുപതുകളുടെ ആരംഭ വര്‍ഷങ്ങളില്‍ യാദവറാവുജി, കേരളത്തില്‍ പര്യടനം നടത്തിയിരുന്നു. കണ്ണൂര്‍ ജില്ലയിലെ ശാഖാ ബൈഠക്കുകളില്‍ അദ്ദേഹം ഓരോ സ്വയംസേവകനോടും വളരെ സൗമ്യമായി കാര്യങ്ങള്‍ അന്വേഷിച്ച് മനോനിലയില്‍ ഉയര്‍ച്ചയുണ്ടാക്കി. ആ വര്‍ഷം ജില്ലയിലെ ശ്രീഗുരുദക്ഷിണ തലേവര്‍ഷത്തേതിന്റെ ഇരട്ടിയിലധികമായി.
1966 ല്‍ നടന്ന കോഴിക്കോട്ടെ പ്രാന്തീയ തരുണ ശിബിരം കേരളത്തിലെ സംഘവളര്‍ച്ചയുടെ ചവിട്ടുപടിയായി കണക്കാക്കപ്പെടണം. രണ്ടായിരം പേരുടെ ശിബിരം സംഘടിപ്പിക്കണമെന്ന തീരുമാനം കഴിവില്‍ കവിഞ്ഞതായി എന്നാണ് പൊതുവേ പ്രചാരകന്മാരുടെ ആശങ്ക. ആലപ്പുഴയില്‍ പ്രചാരകന്മാരുടെ ബൈഠക്കില്‍ യാദവറാവുജി അത് സാധ്യമാണ് എന്നവരില്‍ ആത്മവിശ്വാസം സ്ഥാപിച്ചെടുത്തത് ഉത്തമനായ മനഃശാസ്ത്ര വിദഗ്ദ്ധന്റെയും സംഘടനാ കുശലന്റെയും സാമര്‍ത്ഥ്യത്തോടെ ആയിരുന്നു. കാക്കിനിക്കറും വെള്ളഷര്ട്ടുമുള്ളവര്ക്ക് ശിബിരത്തില്‍ പ്രവേശനം നല്കിയാല്ത്തന്നെ രണ്ടായിരം എത്തുമോ എന്ന ശങ്കയുണ്ടായിരുന്നു. ബല്റ്റും തൊപ്പിയും കൂടിയായാല്‍ എണ്ണം കുറയുമോ, എന്ന ചോദ്യവുമായി ആരംഭിച്ച യാദവറാവുജി ഏതാനും നിമിഷങ്ങള്‍കൊണ്ട് രണ്ടായിരം പേര് പൂര്‍ണ ഗണവേഷത്തില്‍ കോഴിക്കോട്ടെ വീഥികളില്‍ പഥസഞ്ചലനം നടത്തുകയും പൊതുപരിപാടിയില്‍ വ്യായാമ പ്രദര്‍ശനം കാണിക്കുകയും ചെയ്യുമ്പോള്‍, അവരിലും പൊതുവേ ഹിന്ദുസമാജത്തിലും ഉണരുന്ന ആത്മവിശ്വാസവും ആവേശവും പ്രചാരകന്മാര്ക്ക് പ്രത്യക്ഷബോധ്യം വരുത്തിക്കൊടുത്തു. ശ്രീഗുരുജിയുടെ സമ്പൂര്‍ണ സാന്നിദ്ധ്യം കൂടിയാകുമ്പോഴത്തെ സ്ഥിതി പറയേണ്ടതുമില്ലല്ലൊ.
1979 ല്‍ എന്റെ അമ്മ മരിച്ച വിവരം ഭാസ്ക്കര്‍ റാവുജിയില്നിന്നറിഞ്ഞപ്പോള് അദ്ദേഹം അയച്ച കത്ത് അത്യന്തം ഹൃദയസ്പര്‍ശിയായിരുന്നു. ജനസംഘ പ്രവര്‍ത്തനത്തിനായി ഞാന്‍ നിയോഗിക്കപ്പെടുന്നത് യാദവറാവുജി കൂടി തീരുമാനിച്ചിട്ടായിരുന്നു. കാരണം അന്നദ്ദേഹം ക്ഷേത്രീയ പ്രചാരകന് ആയിരുന്നു. പക്ഷെ പിന്നീട് കാണുന്നയവസരങ്ങളില് എന്തെങ്കിലും ഒരു കുസൃതി ഒപ്പിക്കുന്ന കുശലാന്വേഷണമുറപ്പാണ്.
ഒരിക്കല്‍ ചില പഴയപ്രവര്ത്തകരുമൊത്തിരിക്കുമ്പോള് ആദ്യം കേട്ട യാദവറാവുജിയുടെ പ്രഭാഷണത്തിന്റെ ഭാഗങ്ങള്‍ ഞാന്‍ പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹം നമ്മുടെ രാഷ്ട്രത്തിന്റെയും ഹിന്ദുസമാജത്തിന്റെയും നിലനില്‍പ്പിനെ പറ്റി പറയുമ്പോള്‍ “യാവാശ്ചന്ദ്ര ദിവാകരൗ” (സൂര്യനും ചന്ദ്രനുമുള്ള കാലം വരെ) എന്ന് പറയാറുണ്ടായിരുന്നു. അതും തുടര്‍ന്നുള്ള പദപ്രയോഗങ്ങളും പറഞ്ഞപ്പോള്‍ യാദവറാവുജി പതുക്കെ ആരും കാണാതെയെത്തി മുഴുവന്‍ കേട്ടു. “യാവശ്ചന്ദ്ര ദിവാകരൗ ക്യാ ക്യാ” എന്നന്വേഷിച്ചപ്പോള്‍ ഉണ്ടായ ജാള്യത അനല്പ്പമായിരുന്നു. ഇത്തരം പ്രസംഗങ്ങള്‍ നിങ്ങളുടെ രാഷ്ട്രീയത്തിന് പറ്റില്ല ഹേ നാരായണഗുരു” എന്നദ്ദേഹം ഇംഗ്ലീഷില്‍ അഭിപ്രായപ്പെട്ട് പുറത്ത് ഒരു തലോടലും.
1972 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് ചില കാര്യങ്ങള്‍ സംസാരിക്കാന്‍ അദ്ദേഹം അടിയന്തരമായി ബംഗളൂര്‍ക്ക് വിളിപ്പിച്ചു. പുതിയ കാര്യാലയത്തില്‍ എന്റെ ആദ്യ യാത്രയായിരുന്നു. അദ്ദേഹത്തെ കണ്ട് കാര്യങ്ങള്‍ സംസാരിച്ചു ഒരുമിച്ച് രാത്രിയാഹാരം കഴിഞ്ഞ് എന്റെ ദിനചര്യ അന്വേഷിച്ചു. ഭക്ഷണരീതിയും മനസ്സിലാക്കി. ബംഗളൂര് കാര്യാലയത്തില്‍ അന്ന് ചായയും കാപ്പിയും പതിവില്ല. പ്രഭാതതത്തില്‍ പ്രാതസ്മരണ(ഏകാത്മതാ സ്തോത്രം പിന്നീടാണ് നടപ്പായത്)യ്ക്കുശേഷം കാര്യാലയ പ്രമുഖ് എന്നെ വിളിച്ച് അടുക്കളയില്‍ കൊണ്ടുപോയി കാപ്പി തന്നു. രാവിലത്തെ ലഘുഭക്ഷണത്തിന് പുറത്തുപോകരുത് എന്നും നിര്‍ദ്ദേശിച്ചു. പുറത്തുപോകേണ്ടി വരുമെന്നായിരുന്നു കോഴിക്കോട്ടുനിന്ന് പുറപ്പെടും മുമ്പ് എനിക്ക് ലഭിച്ചിരുന്ന അറിവ്.
അടുത്തറിയുമ്പോള്‍ മാഹാത്മ്യം കൂടുന്നതായി അനുഭവം നല്കുന്ന യാദവറാവുജിയെപ്പോലുള്ള എത്രയോ മനുഷ്യരത്നങ്ങളാണ് പൂജനീയ ഡോക്ടര്‍ജിയുടെ അനുപമമായ രീതിയിലൂടെ വളര്‍ന്നുവന്നതെന്ന് അതിശയിച്ചുപോകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: