കാസര്‍കോട്: വേനല്‍ക്കാലത്ത് വരള്‍ച്ച ബാധിത മേഖലകളില്‍ കുടിവെള്ളവിതരണം നടത്തിയവര്‍ക്ക് തുക നല്‍കിയില്ല. പഞ്ചായത്ത് അംഗത്തിണ്റ്റേയും അധികൃതരുടേയും വാക്ക് വിശ്വസിച്ച് കുടിവെള്ളം വിതരണം ചെയ്ത ലോറി ഉടമകളും മറ്റും തുക ലഭിക്കുന്നതിനായി പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങുകയാണിപ്പോള്‍. വരള്‍ച്ചാ ദുരിതാശ്വാസത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുക ജില്ലാ ഭരണകൂടം കൈമാറാത്തതാണ് പ്രശ്നമെന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ പറയുന്നു. എന്നാല്‍ കൃത്യമായി ബില്ല് സമര്‍പ്പിക്കുന്നതില്‍ പഞ്ചായത്തുകളും നഗരസഭകളും വീഴ്ച വരുത്തിയതാണ് തുക കൈമാറുന്നത് വൈകുന്നതിനു കാരണമെന്ന് ജില്ലാ ഭരണകൂടം പറയുന്നു. ബളാല്‍ പഞ്ചായത്ത് മാത്രമാണ് കൃത്യമായി ബില്ലടച്ച് തുക കൈപ്പറ്റിയത്. 6.92 കോടി രൂപയാണ് വരള്‍ച്ചാ ദുരിതാശ്വാസമായി സംസ്ഥാന സര്‍ക്കാറില്‍ നിന്നും ജില്ലയ്ക്ക് ലഭിച്ചത്. ജില്ലാകലക്ടര്ക്കായിരുന്നു പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റില്‍ നടന്ന അവലോകന യോഗത്തിനുശേഷമാണ് തുക നല്കാന് തീരുമാനമുണ്ടായത്. ഏപ്രില്‍ മാസാവസാനത്തോടുകൂടി ജില്ലാ ഭരണകൂടത്തിന് തുക ലഭിക്കുകയും ചെയ്തു. പൊതുകിണറുകള്‍, കുഴല്‍കിണറുകള്‍, കുളങ്ങള്‍ എന്നിവ നവീകരിക്കുകയോ പുതിയത് നിര്‍മ്മിക്കുകയോ ചെയ്യുക, മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികള്‍ പുനരാരംഭിക്കുക, പുതിയ ജലശ്രോതസ്സുകള്‍ കണ്ടെത്തുക, കുടിവെള്ള വിതരണത്തിന് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുക തുടങ്ങിയ പ്രവൃത്തികള്ക്കുപുറമെ വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളില്‍ ലോറികളില്‍ കുടിവെള്ളമെത്തിച്ച് വിതരണം ചെയ്യുന്നതിനുമായിരുന്നു തുക അനുവദിച്ചത്. സ്വന്തം ചിലവില്‍ പദ്ധതി നടപ്പിലാക്കി പ്രവൃത്തി പൂര്‍ത്തിയായതിനുശേഷം ബില്ലുകള്‍ സമര്‍പ്പിക്കാനായിരുന്നു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്കിയ നിര്‍ദ്ദേശം. ലോറികളില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് ദിവസത്തില്‍ അയ്യായിരം രൂപ നല്‍കുമെന്നും നിര്‍ദ്ദേശമുണ്ടായി. ഇതനുസരിച്ച് അഞ്ച് മുതല്‍ ൨൦ ദിവസം വരെ കുടിവെള്ള വിതരണം നടത്തിയ പഞ്ചായത്തുകളുണ്ട്. വാര്‍ഡ് അംഗവുമായുള്ള പരസ്പര ധാരണയുടെ പുറത്താണ് മുന്‍കൂറായി പണം ലഭിക്കുന്നതിന് മുമ്പ് പലരും കുടിവെള്ളവിതരണത്തിന് തയ്യാറായത്. മറ്റുകുടിവെള്ള പദ്ധതികള്‍ നടത്തിയവരുടെ കാര്യവും ഇപ്രകാരം തന്നെ. എന്നാല്‍ പ്രവൃത്തി നടന്ന് ഒന്നരമാസത്തിനുശേഷവും പണം നല്‍കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ൩൮ പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളും ഉള്‍പ്പെടുന്ന ജില്ലയില്‍ ബളാല്‍ പഞ്ചായത്തിന് മാത്രമാണ് തുക ലഭിച്ചത്. ൩൦൦൩൩ രൂപ ബളാലിന് കൈമാറി. പടന്ന പഞ്ചായത്തിണ്റ്റെ ബില്ലുകള്‍ അംഗീകരിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ചയോടെ തുക കൈമാറുമെന്നും അധികൃതര്‍ പറഞ്ഞു. ൨൮൮൦൦ രൂപയാണ് കൈമാറുക. ചെങ്കള, പൈവളികെ, കുറ്റിക്കോല്‍, കിനാനൂറ്‍, കരിന്തളം, വെസ്റ്റ് എളേരി, നീലേശ്വരം നഗരസഭ എന്നിവര്‍ ഹാജരാക്കിയ ബില്ലുകള്‍ പരിശോധിച്ച് വരികയാണ്. മറ്റ് പഞ്ചായത്തുകള്‍ നല്കിയ ബില്ലുകളില്‍ അപാകത കണ്ടതിനെ തുടര്‍ന്ന് പലതവണ തിരിച്ചയക്കേണ്ടി വന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു. ആവശ്യമായ രേഖകളില്ലാതെ ബില്ലുകള്‍ സമര്‍പ്പിക്കുന്നതാണ് തുക വൈകുന്നതിന് കാരണം. കൃത്യമായ ബില്ലുകള്‍ സമര്‍പ്പിച്ചാല്‍ മൂന്നോ നാലോ ദിവസത്തിനകം തുക നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: