പോര്‍ട്ട് ഓഫ് സ്പെയിന് : ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ ഒരു വിക്കറ്റ് വിജയം സ്വന്തമാക്കിയ ഇന്ത്യയ്ക്ക് കിരീടം.
അവസാന ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ പതിനഞ്ച് റണ്‍സ് വേണമായിരുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം മഹേന്ദ്ര സിംഗ് ധോണിയുടെ സമചിത്തതയോടും, എന്നാല്‍ സ്ഫോടനാത്മകവുമായ ബാറ്റിംഗ് മികവാണ് വിജയത്തിലെത്തിച്ചത്.
ഷാമിന്ത എറങ്ക എറിഞ്ഞ ആദ്യ പന്തില്‍ ധോണിക്ക് റണ്‍സ് നേടാന്‍ കഴിഞ്ഞില്ല. രണ്ടാം പന്തില്‍ ലോംഗ് ഓണിന് മുകളിലൂടെ കൂറ്റന്‍ സിക്സര്‍ നേടിയ ധോണി മൂന്നാം പന്തില്‍ ഫോറും നാലാം പന്തില്‍ സിക്സും നേടി ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചു.
ധോണി-ഇഷാന്ത് ശര്‍മ്മ സഖ്യം അവസാന വിക്കറ്റില്‍ 21 റണ്‍സ് നേടി. 202 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യത്തിലേയ്ക്ക് അനായാസമായി നീങ്ങി തുടങ്ങിയ ഇന്ത്യക്ക് തിരിച്ചടിയായത് രെങ്കണ്ണ ഹെരാത്ത എന്ന ശ്രീലങ്കയുടെ ഇടങ്കയ്യന്‍ സ്പിന്നറുടെ ബൗളിംഗാണ്.
സ്പെല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ നാല് നിര്‍ണ്ണായക ഇന്ത്യന്‍ വിക്കറ്റുകളായിരുന്നു ഹെരാത്തയുടെ അക്കൗണ്ടില്‍. രോഹിത് ശര്‍മ്മ, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ആര്. അശ്വിന് എന്നിവരായിരുന്നു ഹെരാത്തയുടെ ബൗളിംഗിന് മുന്പില് പിടിച്ചു നില്ക്കാനാവാതെ ഗ്യാലറിയിലേക്ക് മടങ്ങിയത്.
ഇതില്‍ ജഡേജയും അശ്വിനും തുടര്‍ച്ചയായുള്ള പന്തുകളിലാണ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി മടങ്ങിയത്. 89 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ്സ്കോറര്‍.
റെയ്ന 32(27), കാര്‍ത്തിക് 23(37), ധോണി 45(52), ശിഖര്‍ ധവാന് 16(35) എന്നിവര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടക്കാനായത്. 49.4 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയലക്ഷ്യം പൂര്‍ത്തിയാക്കിയത്.
രെങ്കണ്ണ ഹെരാത്ത് 20 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ നേടി. ഷമിന്ദ എരംഗ രണ്ടു വിക്കറ്റും, ലക്മല്‍, മാത്യൂസ്, മലിംഗ, എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടിവന്ന ശ്രീലങ്ക 48.5 ഓവറില്‍ 201 റണ്‍സിന് ഓള്‍ഔട്ടായി.
രണ്ടിന് 171 റണ്‍സെന്ന നിലയില്‍നിന്ന് 201 റണ്‍സിന് ലങ്ക ഓള് ഔട്ടാവുകയായിരുന്നു. 23 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ലങ്കയെ തകര്‍ത്തത്.
ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ്മ, ആര്. അശ്വിന് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 71 റണ്‍സെടുത്ത കുമാര്‍ സംഗക്കാരയാണ് ലങ്കയുടെ ടോപ് സ്കോറര്‍. തിരിമാനെ 46 റണ്‍സെടുത്തു.
ഇരുവരും തമ്മില്‍ മൂന്നാം വിക്കറ്റില്‍ 122 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും ഇവര്‍ക്കു ശേഷമെത്തിയ ആര്‍ക്കും പിടിച്ചു നില്ക്കാന് കഴിഞ്ഞില്ല. തിരിമാനെയെ പുറത്താക്കിയ ഇഷാന്ത് ശര്‍മ്മയാണ് കൂട്ടുകെട്ട് പിരിച്ചത്.
തൊട്ടടുത്ത ഓവറില്‍ സംഗക്കാരയെ അശ്വിനും പുറത്താക്കി. തുടര്‍ന്ന് ലങ്കന്‍ ബാറ്റ്സ്മാന്മാരുടെ ഘോഷയാത്രയായിരുന്നു. ഉപുല്‍ തരംഗ (11), ജയവര്‍ധന (22), ആഞ്ചലോ മാത്യൂസ് (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാന്മാര്. ചാമ്പ്യന്‍സ് കപ്പില്‍ ജേതാക്കളായ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം കപ്പ് നേട്ടമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: