പഴയങ്ങാടി: രാജന്റെ കണ്ടല്‍ പ്രണയത്തിന് ഇരുപതാണ്ട് തികയുന്നു. ചെറുകുന്ന് പഞ്ചായത്തിലെ പാറയില്‍ രാജന്റെ കണ്ടല്‍ പ്രണയമാണ് ഇരുപത് വര്‍ഷം പിന്നിടുന്നത്. പഴയങ്ങാടിയിലും ചെറുകുന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും രാജന് നട്ടുവളര്‍ത്തിയ കണ്ടലുകള്‍ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.
മത്സ്യത്തൊഴിലാളിയായ അച്ഛനോടൊപ്പം താവം പുഴയിലും മാട്ടൂല്‍ പുഴയിലും മത്സ്യം പിടിക്കാന്‍ പോയപ്പോഴാണ് രാജന് കണ്ടലുകളെ പരിചയപ്പെടുന്നത്. കൗതുകത്തോടെയാണ് കണ്ടലുകളുടെ പച്ചപ്പ് ആദ്യം നോക്കിക്കണ്ടത്. പിന്നീട് അച്ഛനില്‍ നിന്നുമാണ് കണ്ടലിന്റെ പ്രധാന്യം തിരിച്ചറിയാനിടയായത്.
ചെറുകുന്ന് പഞ്ചായത്തിലെ പുഴയോരങ്ങളില്‍ ഏക്കര്‍ കണക്കിന് കണ്ടല്‍കാടുകള്‍ രാജന്റെ സംഭാവനയായിട്ടുണ്ട്. മാട്ടൂല്‍ പുഴയുടെ ഓരങ്ങളിലും ചെറുകുന്നിലെ തണ്ണീര്‍ത്തട ശേഖരങ്ങളിലും രാജന് നട്ടുപിടിപ്പിച്ച കണ്ടലുകള്‍ തീരത്തിന് കാവലാളായിട്ടുണ്ട്.
മത്സ്യത്തൊഴിലാളിയായ രാജന് തന്റെ തോണി തുഴഞ്ഞെത്തുന്നിടത്തെല്ലാം കണ്ടലുകള്‍ നട്ടിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നും വിത്തുകള്‍ ശേഖരിച്ചാണ് കണ്ടല്‍ ചെടി നടുന്നത്. സമൂഹത്തില്‍ ആളാകാന്‍ ചെപ്പടിവിദ്യകള്‍ കാട്ടി കണ്ടലുകള്‍ നടുന്നവരില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് ഇദ്ദേഹത്തിന്റെ ശൈലി. കണ്ടല്‍ നട്ടാല്‍ അതില്‍ കായ് വിരിയുന്നുണ്ടോ പൂ വിരിയുന്നുണ്ടോ എന്ന് നോക്കി സംരക്ഷണം നല്കാന് രാജന് എന്നും ശ്രദ്ധിച്ചിരുന്നു.
പാടി പുഴയുടെയും പഴയങ്ങായി പുഴയുടെയും തീരങ്ങളില്‍ കണ്ടല്‍ നടുന്നത് മണ്ണിടിച്ചിലില്ലാതാക്കുന്നതിനും മത്സ്യസമ്പത്ത് വര്‍ദ്ധിക്കാനും ഇടയാകുമെന്ന് മനസ്സിലാക്കിയാണ് ഇദ്ദേഹം കണ്ടല്‍ നടുന്നത് തപസ്യയാക്കി മാറ്റിയത്.
ഇതിനായി വിവിധയിനം കണ്ടല്‍ ചെടികളുടെ വിത്തിനങ്ങള്‍ ശേഖരിച്ച് ഒരു നഴ്സറി തന്നെ രാജന് തുടങ്ങിയിരുന്നു. ഇതില്‍ നിന്നും ചെടികള്‍ ശേഖരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കണ്ടലുകള്‍ നട്ടിട്ടുണ്ടെന്നും രാജന് പറയുന്നു. ഇതിനകം നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2008ല്‍ ലഭിച്ച പി.വി.തമ്പി അവാര്‍ഡ് ഇതില്‍ പ്രധാനമാണ്. താവം പുഴയോരത്താണ് രാജന് താമസിക്കുന്നത്.
മാട്ടൂല്‍ പുഴയുടെ തീരങ്ങളില്‍ കണ്ടലുകള്‍ വെച്ച് പിടിപ്പിക്കുകയാണ് ഇനി രാജന്റെ അടുത്ത പദ്ധതി. കാലവര്‍ഷം കഴിഞ്ഞാല്‍ ഇത് ആരംഭിക്കുമെന്ന് രാജന് പറഞ്ഞു.
സി.വി.കൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: