മാവേലിക്കര: എബിവിപി ചെങ്ങന്നൂര്‍ നഗര്‍സമിതി പ്രസിഡന്റ് കോട്ട ശ്രീശൈലം വിശാല്‍കുമാറി(19)നെ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് പ്രവേശന കവാടത്തിനു സമീപം കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വിദേശ സാമ്പത്തിക സഹായം ലഭിക്കുന്നതായി സൂചന. ഇവരുടെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലാണ് തുക എത്തുന്നത്. ഇതിലൂടെ പ്രതികള്‍ നയിക്കുന്നത് ഉല്ലാസ ജീവിതം. പ്രതികളുടെ സാമ്പത്തിക ചുറ്റുപാടുകളെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
2012ന് ജൂലൈ 16നാണ് സംഘടിച്ചെത്തിയ എന്‍ഡിഎഫ് തീവ്രവാദിസംഘം യാതൊരു പ്രകോപനവും കൂടാതെ എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ കോളേജിനു മുമ്പില്‍ ആക്രമണം അഴിച്ചു വിട്ടത്. വിശാലിനെ കുത്തിയ സംഘം കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി വെണ്മണി ഉതിനില്‍ക്കുന്നതില്‍ തറയില്‍ വിഷ്ണുപ്രസാദ് (19), മുണ്ടന്‍കാവില്‍ ഭസ്മക്കാട്ടില്‍ എം.എസ്.ശ്രീജിത് (20) എന്നിവരെ വെട്ടിയും പരിക്കേല്‍പ്പിച്ചിരുന്നു. ഗുരുതരമായിപരുക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും 17ന് പുലര്‍ച്ചെ മരിച്ചു.
കോളേജിലെ മൂന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥി നാസിമിന്റെ നേതൃത്വത്തിലെത്തിയ സംഘമായിരുന്നു ആക്രമണം നടത്തിയത്. ചെങ്ങന്നൂര്‍ സി.ഐയായിരുന്ന ആര്. ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. കേസില്‍ നേരിട്ട് പ്രതികളായ 13 പേരെയും ഗൂഢാലോചനയില്‍ പങ്കെടുത്ത അഞ്ചു പേരെയും ഇതുവരെ അറസ്റ്റ് ചെയ്തു. ഇനിയും ഈ കേസില്‍ മൂന്ന് പ്രതികളെയാണ് പിടികൂടാനുള്ളത്. ഇവര്‍ കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അടുത്ത ദിവസങ്ങളില്‍ ഇവര്‍ കീഴടങ്ങുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് സംഘം.
കേസില്‍ നേരിട്ടു ബന്ധമുള്ളവരില്‍ കഴിഞ്ഞ 29ന് അറസ്റ്റ് ചെയ്ത ചെറുവല്ലൂര്‍ മന്നാത്തുവീട്ടില് അഫ്സല് (19) മാത്രമാണ് ഇപ്പോള്‍ റിമാന്‍ഡിലുള്ളത്. ബാക്കി പ്രതികളെല്ലാം ജാമ്യത്തിലിറങ്ങി. ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ കാണിച്ച വീഴ്ചയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. വിശാലിനെ ആക്രമിക്കാന്‍ നടന്ന ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്ന എന്‍ഡിഎഫ് ജില്ലാ സെക്രട്ടറി ചെറിയനാട് കൊല്ലകടവ് സ്വദേശി ഷാന്‍ രണ്ടാഴ്ച മുന്‍പ് വിദേശത്തേക്ക് കടന്നു. പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടക്കാനുള്ള നീക്കം നടക്കുന്നതായും സൂചനയുണ്ട്.
പ്രതികളുടെ യൂത്ത് കോണ്‍ഗ്രസ് ബന്ധവും ഇവരെ രക്ഷിക്കാന്‍ പി.സി. വിഷ്ണുനാഥ് എംഎല്‍എ നടത്തിയ നീക്കവും വിവാദമായിരുന്നു. ഭരണപക്ഷത്തെ ചിലരുടെ സ്വാധീനത്താലാണ് കേസ് അന്വേഷണം മന്ദീഭവിച്ചതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ ഈമാസം 17ന് നടക്കുന്ന വിശാല്‍ സ്മൃതിദിനാചരണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനായി പോലീസിന്റെ ഭാഗത്തുനിന്നും നീക്കം ആരംഭിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത മുന്‍കൂട്ടികണ്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. ഇതിന്റെ ഭാഗമായി സ്മൃതിദിനാചരണത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികളും മേഖലയിലെ സംഘപരിവാര്‍ സംഘടനാ നേതാക്കളുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: