കണ്ണൂര്‍: കേരളത്തില്‍ അങ്ങോളമിങ്ങോളമുളള പരമ്പരാഗത ഹൈന്ദവ ശ്മശാനങ്ങള്‍ വിചിത്രവാദങ്ങള്‍ ഉന്നയിച്ച് ഏറ്റെടുക്കുന്ന നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു ആവശ്യപ്പെട്ടു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് കണ്ണൂര്‍ പയ്യാമ്പലം ശ്മശാനം പിടിച്ചെടുത്ത പള്ളിക്കുന്ന് പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി, എസ്എന്‍ഡിപി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പയ്യാമ്പലം ശ്മശാന ഭൂമിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും പൊതുശ്മശാനം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഹിന്ദു സമൂഹത്തോട് കടുത്ത അവഗണനയാണ് കാട്ടുന്നത്. പയ്യാമ്പലം ഉള്‍പ്പെടെയുള്ള് ഒട്ടുമിക്ക ഹൈന്ദവ ശ്മശാനങ്ങളും പിടിച്ചെടുത്തത് ഭൂമാഫിയകള്‍ക്ക് വേണ്ടിയാണ്. ഹൈന്ദവ ശ്മശാനങ്ങള്‍ ഏറ്റെടുക്കാന്‍ തിടുക്കം കാട്ടുന്ന അധികൃതര്‍ ക്രിസ്ത്യാനിയുടെയോ മുസല്മാന്റെയോ ഖബറിടമോ കുരിശടിയോ ഏറ്റെടുക്കാന്‍ തയ്യാറാകുമോ എന്നദ്ദേഹം ചോദിച്ചു. സ്വദേശാഭിമാനിയെയും മാരാര്‍ജിയെയും പോലുള്ള പ്രമുഖര്‍ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലം പോലുള്ള സങ്കേതങ്ങള്‍ ഹിന്ദുവിന്റെ പവിത്രമായ സ്ഥാനങ്ങളാണ്. ഇത്തരം തീര്‍ത്ഥാലയങ്ങള്‍ പിടിച്ചെടുത്ത് ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള ആസൂത്രിത ശ്രമമാണ് പഞ്ചായത്തും അധികൃതരും ചേര്‍ന്ന് നടത്തുന്നത്. തിരുവില്വാമലയിലേതടക്കമുള്ള ശ്മശാനങ്ങള്‍ പിടിച്ചെടുത്ത സര്‍ക്കാര്‍ ശ്മശാന ഭൂമികള്‍ മാഫിയാ സംഘങ്ങള്‍ക്ക് തീറെഴുതുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നടപടികള്‍ നടത്തുന്നത്. ആറടി മണ്ണിനുള്ള അവകാശം പൗരനുള്ളതാണ്. ഇത് നല്കാന് ബാധ്യസ്ഥരായ അധികൃതര്‍ ഇതില്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പയ്യാമ്പലം ശ്മശാനം തിരിച്ചുകിട്ടുന്നതു വരെ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.പയ്യാമ്പലം തീയ്യസമുദായ സഹകരണ സംഘം പ്രസിഡണ്ട് എം.കെ.വിനോദ് അധ്യക്ഷത വഹിച്ചു. മാര്‍ച്ചില്‍ നൂറുകണക്കിന് വിവിധ ഹൈന്ദവ സംഘടനാപ്രവര്‍ത്തകര്‍ പങ്കെടുത്തു. വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: