പുനലൂര്‍: കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ ദുരിതം വിതക്കുന്നു. ഒരുമാസമായി ഇവിടെ മഴ ശക്തമായിരിക്കുകയാണ്.
താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനുള്ള സാദ്ധ്യത വര്‍ധിച്ചിട്ടുണ്ട്. കോടിക്കടക്കിന് രൂപയുടെ കൃഷിനാശവും സംഭവിച്ചു. പത്തനാപുരം താലൂക്കില്‍ അറുപതോളം വീടുകളാണ് ഭാഗികമായി തകര്‍ന്നിട്ടുള്ളത്. വാഴ, റബ്ബര്‍, ചേന, ചേമ്പ്, ഇഞ്ചി, മരച്ചീനി, കുരുമുളക്, വെറ്റിലക്കൊടി കൃഷികളും വ്യാപകമായി നശിച്ചിട്ടുണ്ട്.ഓണത്തിന് വിളവെടുക്കാനായി നടത്തിയിരുന്ന കൃഷികള്‍ക്കാണ് കനത്ത മഴയില്‍ നാശം സംഭവിച്ചത്. മഴ കനത്തതോടെ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാണ്. തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാതെ വന്നതോടെ കുടുംബങ്ങള്‍ കൂടുതല്‍ പ്രതിസന്ധിലായി.ടാപ്പിംഗ് തൊഴിലാളികള്‍ക്കും മഴമൂലം പണി ഇല്ലാത്ത അവസ്ഥയാണ്. ചെറുകിട റബ്ബര്‍ തോട്ടം ഉടമകളും ദുരിതത്തിലാണ്.
പുനലൂര്‍ ബോയ്സ് ഹൈസ്കൂള്‍ ഭാഗത്ത് കനത്ത മഴയെത്തുടര്‍ന്ന് ശക്തമായ മണ്ണിടിച്ചിലുണ്ടായി. റോഡിനും പൈപ്പ് ലൈനുകള്‍ക്കും തകരാര്‍ ഉണ്ടായിട്ടുണ്ട്.കല്ലാര്‍ ഭാഗത്ത് കനത്ത മഴയില്‍ റോഡ് തകര്‍ന്നു. നൂറ് മീറ്ററോളം ഭാഗം റോഡ് പൂര്‍ണ്മമായി തകര്‍ന്ന നിലയിലാണ്. ഈ ഭാഗത്തുണ്ടായിരുന്ന കുരുമുളക് കൃഷികളും വ്യാപകമായി നശിച്ചിട്ടുണ്ട്.കൃഷിനാശത്തെ സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. പുനലൂര്‍, കരവാളൂര്‍, അഞ്ചല്‍, പത്തനാപുരം, പട്ടാഴി, വിളക്കുടി, തലവൂര്‍, പിറവന്തൂര്‍ മേഖലകളില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്.കനത്ത കാറ്റില്‍ റബ്ബര്‍ മരങ്ങള്‍ ഉള്‍പ്പെടെ കടപുഴകി വീണിട്ടുണ്ട്. ആയിരക്കണക്കിന് വാഴകളാണ് കാറ്റില്‍ ഒടിഞ്ഞുവീണത്. റയില്‍വേ പുറമ്പോക്ക് നിവാസികളും ആദിവാസി കുടുംബങ്ങളും മഴയെത്തുടര്‍ന്ന് പട്ടിണിയിലാണ്. കുടുംബങ്ങള്‍ക്ക് സൗജന്യറേഷന് നല്‍കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടില്ല. സബ്സിഡി നിരക്കിലുള്ള അരിയുടെ വിതരണം നിലച്ചതും പാവപ്പെട്ട കുടുംബങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് അടിയന്തിര സഹായവും സൗജന്യറേഷനും നല്‍കണമെന്നാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: