ബീജിങ്: ആത്മീയ നേതാവ് ദലൈലാമയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ഒത്തുകൂടിയ ടിബറ്റുകാര്‍ക്കു നേരെ ചൈനീസ് പോലീസ് നടത്തിയ വെടിവയ്പ്പില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ജൂലൈ ആറിനു നടന്ന സംഭവം ഒരു മനുഷ്യാവകാശ സംഘടനയാണ് പുറത്തുവിട്ടത്. എന്നാല്‍ ഇതു സംബന്ധിച്ച വാര്‍ത്തകളെ ചൈനീസ് ഭരണകൂടം നിഷേധിച്ചു. സംഭവം നടന്നെന്ന് പറയപ്പെടുന്ന പ്രദേശത്ത് പ്രവേശിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടഞ്ഞിരിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ദലൈലാമയുടെ എഴുപത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കാന്‍ സിച്വാന്‍ പ്രവിശ്യയിലെ ഡാഫുവില് ഒരു കുന്നിനു മുകളില്‍ ഒത്തുചേര്‍ന്നവര്‍ക്കു നേരെയാണ് ചൈനീസ് പോലീസ് വെടിയുതിര്‍ത്തത്. കൈയില്‍ ദീപനാളങ്ങളുമായി ടിബറ്റുകാര്‍ പ്രാര്‍ത്ഥനകള്‍ ഉരുവിട്ടനേരത്തായിരുന്നു പോലീസ് അതിക്രമം.
കണ്ണീര്‍വാതകം പൊട്ടിച്ചശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ പോലീസ് തുരുതുരെ വെടിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ സന്യാസിമാരടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. രണ്ടു സന്യാസിമാര്‍ക്ക് തലയ്ക്കാണ് വെടിയേറ്റത്. അവരുള്‍പ്പെടെ നാലുപേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.
ടിബറ്റുകാരുടെ അവകാശങ്ങള്‍ക്കു നേരെ ചൈന നടത്തുന്ന കടന്നാക്രമണത്തിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമായ ഈ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: