ന്യൂദല്‍ഹി: ചില്ലറവില്‍പ്പന മേഖല ഉള്‍പ്പടെയുള്ളവയില്‍ വിദേശനിക്ഷേപ പരിധി ഉയര്‍ത്താനുള്ള വാണിജ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശയ്ക്കെതിരെ ആഭ്യന്തര മന്ത്രാലയവും രംഗത്ത്.
ടെലികോം മേഖലയിലും വ്യോമയാന മേഖലയിലുമടക്കം വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. തീരുമാനം രാജ്യസുരക്ഷയെ ബാധിക്കുമെന്നും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍. ടെലികോം, വ്യോമയാനം, പ്രതിരോധം, വാര്‍ത്താവിനിമയ വകുപ്പുകളും തീരുമാനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്ക്കരണ നടപടികളുടെ ഭാഗമായാണ് വിവിധ മേഖലകളില്‍ വിദേശനിക്ഷേപ പരിധി ഉയര്‍ത്താനുള്ള നിര്‍ദേശമുണ്ടായത്. അച്ചടി മാധ്യമം, ബാങ്കിങ്, പ്രതിരോധ തുടങ്ങി എല്ലാ മേഖലകളിലും വിദേശനിക്ഷേപ പരിധി വര്ധിപ്പിക്കാനായിരന്നു മായാറാം കമ്മിറ്റിയുടെ ശുപാര്‍ശ. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിതല സമിതി ശുപാര്‍ശ പരിഗണിക്കുകയും ചെയ്തിരുന്നു.
ഈ നീക്കത്തിനെതിരെ ആദ്യം രംഗത്ത് വന്നത് പ്രതിരോധമന്ത്രാലയമാണ്. പിന്നാലെ ആഭ്യന്തര മന്ത്രാലയവും വിയോജിപ്പ് തുറന്നു പറഞ്ഞു. ഈ സാഹചര്യത്തില്‍ മായാറാം കമ്മിറ്റി ശുപാര്‍ശ പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: