സാല്‍വദോര്‍: കോണ്‍ഫെഡറേഷന്‍ കാപ്പില്‍ ഇന്നലെ നടന്ന ലൂസേഴ്സ് ഫൈനലില്‍ മൂന്നാം ഇറ്റലിക്ക്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഷൂട്ടൗട്ട് കളിക്കേണ്ടി വന്ന ഇറ്റലി ഉറുഗ്വെയെ കീഴടക്കിയാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും സമനില പാലിച്ചതിനെ തുടര്‍ന്നാണ് പോരാട്ടം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടിയിരുന്നു. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അസൂറികള്‍ വിജയം സ്വന്തമാക്കിയത്. ഷൂട്ടൗട്ടില്‍ മൂന്ന് കിക്കുകള്‍ രക്ഷപ്പെടുത്തിയ ഗോള്‍ കീപ്പര്‍ ബഫണാണ് ഇറ്റലിയുടെ വിജയ ശില്പി.
ഇറ്റലിയെടുത്ത നാലില്‍ മൂന്ന് കിക്കും ഗോളായി. ഷൂട്ടൗട്ടില്‍ ആല്‍ബര്‍ട്ടോ അക്വിലാനി, എല്ഷറാവി, ജിയാചെറിനി എന്നിവര്‍ ഇറ്റലിക്കുവേണ്ടി ലക്ഷ്യം കണ്ടു. ഉറുഗ്വായുടെ എഡിന്‍സണ്‍ കവാനി, ലൂയി സുവാരസ് എന്നിവര്‍ ലക്ഷ്യം കണ്ടു. സൂപ്പര്‍താരം ഡീഗോ ഫോര്ലാന്, കാസറസ്, വാള്‍ടര്‍ ഗര്‍ഗാനോ എന്നിവരുടെ കിക്കുകള്‍ ബഫണ് തടഞ്ഞിട്ടു.
മത്സരത്തിന്റെ 24-ാം മിനിറ്റില്‍ നിശ്ചിത സമയത്ത് ഡേവിഡ് അസ്റ്റോയിലൂടെ ഇറ്റലിയാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ 58-ാം മിനിറ്റില്‍ എഡിന്‍സണ്‍ കവാനി ഉറുഗ്വെയെ ഒപ്പമെത്തിച്ചു. പിന്നീട് 73-ാം മിനിറ്റില്‍ 73ാം മിനിറ്റില്‍ അലസാന്ദ്രോ ഡിയാമാന്റിയിലൂടെ ഇറ്റലി വീണ്ടും ലീഡ് നേടിയെങ്കിലും അഞ്ച് മിനിറ്റിനുശേഷം എഡിസണ് കവാനി വീണ്ടും ഉറുഗ്വെയുടെ സമനില ഗോള്‍ നേടി. പിന്നീട് അധികസമയത്തേക്ക് നീണ്ട പോരാട്ടത്തില്‍ ഇരു ടീമുകളും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വിജയഗോള്‍ മാത്രം പിറന്നില്ല. ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: