തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടിയുടെ രാജി അനിവാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ജോപ്പന് നല്കിയ 40 ലക്ഷം രൂപ മുഖ്യമന്ത്രിക്കു നല്‍കാനായിരുന്നുവെന്ന് പരാതിക്കാരനായ ശ്രീധരന് നായരുടെ മൊഴി പുറത്തുവന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രി, ജീവനക്കാര്‍ തുടങ്ങിയ എല്ലാവരെയും ശ്രീധരന് നായര്‍ പത്തനംതിട്ട കോടതിയില്‍ കൊടുത്ത അന്യായത്തില്‍ പരമാര്‍ശിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം ഉമ്മന്ചാണ്ടിയിലേക്കു നീളുകയാണെന്നും പിണറായി പത്ര സമ്മേളനത്തില്‍ പറഞ്ഞു.
ക്രിമിനല്‍ കേസുകളിലെ മാനദണ്ഡം അനുസരിച്ചു അന്വേഷണഹസ്തം മുഖ്യമന്ത്രിയിലേക്കു നീളുകയാണ്. സരിതയെയും ജോപ്പനെയും, സംഭവം നടന്ന മുഖ്യമന്ത്രിയുടെ ഓഫിസില്‍ കൊണ്ടുവന്ന് മഹസര്‍ തയ്യാറാക്കേണ്ടിവരും. തെളിവെടുപ്പുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യേണ്ടിവരും. ഇതിനു മുഖ്യമന്ത്രി പദവി തടസമാണ്. ഭരണത്തലവനായ മുഖ്യമന്ത്രിയെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാന്‍ കഴിയില്ല. ഇത് അന്വേഷണത്തെ പ്രഹസനമാക്കും. ആത്മാര്‍ഥമായി കേസ് അന്വേഷിക്കുന്നതിനു കഴിയാത്ത സാഹചര്യമുണ്ടാകുമെന്നതിനാല്‍ മുഖ്യമന്ത്രി രാജിവച്ചൊഴിയണം. തട്ടിപ്പില്‍ പങ്കാളികളായ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ ആരെല്ലാമാണെന്നും് അന്വേഷണത്തില്‍ കണ്ടെത്തേണ്ടതുണ്ട്. മുഖ്യമന്ത്രി രാജിവച്ചില്ലെങ്കില്‍ കൂടുതല്‍ പ്രക്ഷോഭ സമരങ്ങളിലേക്കു നീങ്ങേണ്ടിവരുമെന്നും പിണറായി വിജയന് പറഞ്ഞു.
തട്ടിപ്പു നടത്തിയെന്ന മുഖ്യമന്ത്രിയുടെ പെഴ്സനല്‍ സ്റ്റാഫിന്റെ മൊഴി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഇനിയും മുഖ്യമന്ത്രിയുടെ ഓഫീസിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല, അന്വേഷണ സംഘത്തിനു ലഭിച്ച മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണു ജോപ്പനെ അറസ്റ്റ് ചെയ്തത്. താന്‍ മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതരും തട്ടിപ്പില്‍ പങ്കാളിയാണെന്നു ജോപ്പന് മൊഴിനല്‍കിയിട്ടുണ്ട്. ഈ ഉന്നതരില്‍ ആരൊക്കെ പെടുമെന്നു വ്യക്തമാക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സംശയാസ്പദമാണ്. ഉമ്മന്‍ചാണ്ടി നിര്‍ദോഷിയാണെന്നു പറയാന്‍ കഴിയില്ല. പരിധിവിട്ട എന്തോ നടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: