ബര്‍മിംഘാം: കനത്തു പെയ്ത മഴക്കും ഇന്ത്യയെ തടയാനായില്ല. മഴ കളിച്ച ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് കിരീടം ടീം ഇന്ത്യക്ക്. മഴകാരണം 20 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അഞ്ച് റണ്‍സിന് ആതിഥേയരായ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ടീം ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 8 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 33 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദി മാച്ച്. ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ദ്ധസെഞ്ച്വറിയും നേടിയ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് മാന്‍ ഓഫ് ദി സീരീസ്.
കിരീട നേട്ടത്തോടെ ചാമ്പ്യന്‍സ് ട്രോഫിയും ലോകകപ്പും ഒരേ സമയം കൈയ്യില്‍ വയ്ക്കുന്ന രണ്ടാമത്തെ ടീമായി ഇന്ത്യമാറി. ഓസ്ട്രേലിയയാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ചിരുന്നത്. ഒപ്പം ക്യാപ്റ്റന്‍ ധോണിക്കും അഭിമാനകരമായ നേട്ടമായി. ആദ്യമായാണ് ഒരു ക്യാപ്റ്റന്‍ ഐസിസിയുടെ പ്രധാനപ്പെട്ട മൂന്ന് കിരീടങ്ങളും വിജയിക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തു. 34 പന്തില്‍ 43 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രവീന്ദ്ര ജഡേജ പുറത്താകാതെ 33 റണ്‍സും ശിഖാര്‍ ധവാന് 31 റണ്‍സും എടുത്തു. ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല. കോലിക്ക് പുറമെ രോഹിത് ശര്‍മ്മ (9), സുരേഷ് റെയ്ന (1), ദിനേഷ് കാര്‍ത്തിക് (6), ധോനി (0), അശ്വിന് (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്നു വിക്കേറ്റ്ടുത്ത പാര്‍ട്ട് ടൈം ബൗളര്‍ രവി ബൊപ്പാരയാണ് ഇംഗ്ലീഷ് ബൗളിംഗ് നിരയില്‍ തിളങ്ങിയത്. ബ്രോഡ്, ട്രെഡ് വെല്‍, ആന്ഡേഴ്സണ് എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് സ്കോര്‍ 19ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. ഒമ്പതു റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ ക്രിസ് ബ്രോഡ് ബൗള്‍ഡാക്കി. എന്നാല്‍ മറുവശത്ത് ടൂര്‍ണമെന്റിലെ മികച്ച ഫോം തുടര്‍ന്ന ധവാന് ആത്മവിശ്വാസത്തോടെയാണ് ബാറ്റുവീശിയത്. രണ്ടാം വിക്കറ്റില്‍ കോഹ്ലിക്കൊപ്പം ചേര്‍ന്ന് സ്കോര്‍ 50-ല്‍ എത്തിച്ചു. എന്നാല്‍ ഒമ്പതാമത്തെ ഓവറില്‍ 31 റണ്‍സെടുത്ത ധവാനെ പാര്‍ട്ട് ടൈം ബൗളറായി എത്തിയ ബൊപ്പാറ പുറത്താക്കിയതോടെ ഇന്ത്യയുടെ ബാറ്റിംഗ് തകരാന്‍ തുടങ്ങി. അധികം വൈകാതെ ദിനേശ് കാര്‍ത്തിക്, സുരേഷ് റെയ്ന, ധോണി എന്നിവര്‍ മടങ്ങിയപ്പോള്‍ ഇന്ത്യ അഞ്ചിന് 66 എന്ന നിലയിലായി.
എന്നാല്‍ ആറാം വിക്കറ്റില്‍ കോഹ്ലിയും ജഡേജയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഭേദപ്പെട്ട സ്കോര്‍ നേടാന്‍ ഇന്ത്യയെ സഹായിച്ചത്. സ്കോര്‍ 113-ല്‍ എത്തിയപ്പോള്‍ 34 പന്തില്‍ നിന്ന് നാല് ബൗണ്ടറിയും ഒരു സിക്സറുമടക്കം 43 റണ്‍സെടുത്ത കോഹ്ലിയെ ആന്‍ഡേഴ്സന്റെ പന്തില്‍ ബൊപാറ പിടികൂടി. ആറ് റണ്‍സ് കൂടി സ്കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഒരു റണ്‍സെടുത്ത അശ്വിന് റണ്ണൗട്ടായി. അവസാന രണ്ടു ഓവറില്‍ നേടിയ 23 റണ്‍സാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 25 പന്തില്‍നിന്ന് പുറത്താകാതെ 33 റണ്‍സെടുത്ത ജഡേജ രണ്ടു സിക്സറും രണ്ടു ബൗണ്ടറിയും പായിച്ചു.
130 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് തുടക്കം മെച്ചമായിരുന്നില്ല. സ്കോര്‍ 3-ല്‍ നില്‍ക്കേ മൂന്ന് റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിനെ ഉമേഷ് യാദവിന്റെ പന്തില്‍ അശ്വിന് പിടികൂടി. സ്കോര്‍ 28-ല്‍ എത്തിയപ്പോള്‍ 20 റണ്‍സെടുത്ത ട്രോട്ടിനെ അശ്വിന്റെ പന്തില്‍ ധോണി സ്റ്റാമ്പ് ചെയ്തു. സ്കോര്‍ 40ല്‍ നില്‍ക്കേ 7 റണ്‍സെടുത്ത റൂട്ടിനെ അശ്വിന്റെ പന്തില്‍ ഇഷാന്ത് ശര്‍മ്മയും 46-ല്‍ നില്‍ക്കേ 13 റണ്‍സെടുത്ത ഇയാന്‍ ബെല്ലിനെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ധോണി സ്റ്റാമ്പ് ചെയ്യുകയും ചെയ്തതോടെ ഇംഗ്ലണ്ട് നാലിന് 46 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ടു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ മോര്‍ഗനും ബൊപ്പാറയും ചേര്‍ന്നതോടെ ഇംഗ്ലണ്ട് വിജയത്തിലേക്ക് നീങ്ങി. 17.3 ഓവറില്‍ സ്കോര്‍ 110-ല്‍ നില്‍ക്കേയാണ് അഞ്ചാം വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായത്. 33 റണ്‍സെടുത്ത മോര്‍ഗനെ ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ അശ്വിന് പിടികൂടി. ഇതോടെ മത്സരം ഇന്ത്യക്ക് അനുകൂലമായി. പിന്നീട് മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ വീണതോടെ ഇംഗ്ലണ്ട് 8ന് 113 എന്ന നിലയിലായി. അവസാന ഓവറില്‍ ജയിക്കാന്‍ 15 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. അശ്വിന് എറിഞ്ഞ ആദ്യ പന്തില്‍ റണ്ണൊന്നും നേടിയില്ലെങ്കിലും രണ്ടാം പന്ത് ബ്രോഡ് ബൗണ്ടറി കടത്തി. എന്നാല്‍ പിന്നീടുള്ള നാല് പന്തുകളില്‍ അഞ്ച് റണ്‍സ് മാത്രം നേടാനേ ഇംഗ്ലണ്ടിനു കഴിഞ്ഞുള്ളൂ. ഇതോടെ അഞ്ച് റണ്‍സിന്റെ വിജയവുമായി ടീം ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടു. ഇന്ത്യക്ക് വേണ്ടി ജഡേജ, അശ്വിന്, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: