റിയോ ഡി ജെയിനെറോ: കോണ്‍ഫെഡറേഷന്‍സ് കാപ്പില്‍ നിന്ന് മെക്സിക്കോ ജയത്തോടെ മടങ്ങി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഏഷ്യന്‍ ശക്തികളായ ജപ്പാനെ 2-1ന്തോല്പ്പിച്ചാണ് മെക്സിക്കോ ആശ്വാസം കണ്ടെത്തിയത്. വിജയികളുടെ രണ്ടുഗോളുകളും ജാവിയര്‍ ഹെര്‍ണാണ്ടസ് കുറിച്ചു. ഷിന്‍ജി ഒകാസകിയാണ് ജാപ്പനീസ് സ്കോറര്‍.
അവസാന നിമിഷങ്ങളിലൊന്നില്‍ പെനാല്‍റ്റി തുലച്ച ഹെര്‍ണാണ്ടസ് ഹാട്രിക് തികയ്ക്കാതെ മടങ്ങുന്നതിനും ഗ്യാലറി സാക്ഷിയായി.
കളിയുടെ സ്വഭാവത്തിന് വിപരീതമായിരുന്നു മത്സരഫലമെന്ന് പറയാം. ആദ്യപകുതിയില്‍ ജപ്പാന് ഒട്ടനവധി മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചു. ഷിന്‍ജി കഗാവയുടെ തകര്‍പ്പനൊരു ഷോട്ട് മെക്സിക്കന്‍ ഗോളി നിര്‍വീര്യമാക്കി. പിന്നാലെ ജപ്പാന് പന്ത് എതിര്‍വലയില്‍ എത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. യൂഷിറ്റൊ എന്ഡോയുടെ ലോങ്ങ് റേഞ്ചും ലക്ഷ്യത്തില്‍ നിന്ന് ചെറുതായകന്നു.
പതിയെ താളം കണ്ടെത്തിയ മെക്സിക്കോ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ചില അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും വ്യക്തമായ മുന്‍തൂക്കത്തോടെ ജപ്പാന് കരകയറി.
രണ്ടാംഘട്ടത്തില്‍ മെക്സിക്കോ കൂടുതല്‍ ആത്മവിശ്വാസത്തോടെ തുടങ്ങി. ജിയോവാനി സാന്റോസിന്റെ ഡ്രിബ്ലിങ് പാടവം ജാപ്പനീസ് പ്രതിരോധത്തെ പലപ്പോഴും അങ്കലാപ്പിലാക്കി.
സമ്മര്‍ദ്ദം തുടര്‍ന്ന മെക്സിക്കോ 54-ാം മിനിറ്റില്‍ വെടിപൊട്ടിച്ചു. ഇടതു വിങ്ങില്‍ നിന്ന് ഗ്വാര്ഡാഡൊ നല്കിയ അതിമനോഹരമായ പന്ത് എതിര് പ്രതിരോധത്തിന്റെ താളപ്പിഴ മുതലെടുത്ത് ശക്തമായൊരടിയിലൂടെ ഹെര്‍ണാണ്ടസ് വലയിലെത്തിച്ചു (1-0).
അപ്രതീക്ഷിത ഗോളില്‍ അടിപതറിയ ജപ്പാനെ ഒന്നുകൂടി ഞെട്ടിച്ച് മെക്സിക്കോ ലീഡ് ഉയര്‍ത്തി. 66-ാം മിനിറ്റില്‍ ലഭിച്ച സെറ്റ്പീസ് ഹെര്‍ണാണ്ടസ് വലയിലേക്ക് ഹെഡ്ഡ് ചെയ്തു (2-0). 86-ാം മിനിറ്റില്‍ കഗാവയും എന്‍ഡോയും ഇഴനെയ്ത നീക്കത്തിന് ഒകസാക്കിയിലൂടെ പൂര്‍ണത കൈവരുമ്പോള്‍ ജപ്പാന് തലയുയര്‍ത്തി മടങ്ങി (2-1).
പ്രതികരിക്കാൻ ഇവിടെ എഴുതുക: