റെസിഫെ: ഏഷ്യന്‍ കരുത്തുമായെത്തിയ ജപ്പാന്റെ വെല്ലുവിളി മറികടന്ന് മുന്‍ ലോക ചാമ്പ്യന്മാരായ ഇറ്റലി കോണ്‍ഫെഡറേഷന്‍ കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷമായിരുന്നു അസൂറികളുടെ പടയോട്ടം. മത്സരത്തിന്റെ അവസാന മിനിറ്റില്‍ സെബാസ്റ്റ്യന്‍ ജിയോവിന്‍കോ നേടിയ ഗോളാണ് ഇറ്റലിക്ക് സ്വപ്നതുല്യമായ വിജയം സമ്മാനിച്ചത്. ഇറ്റലിക്ക് വേണ്ടി ജിയോവിന്കോയ്ക്ക് പുറമെ ഡാനിയേല ഡി റോസി, മരിയോ ബെലോട്ടെല്ലിയും വല ചലിപ്പിച്ചപ്പോള്‍ ഒരു ഗോള്‍ ജപ്പാന്റെ സമ്മാനമായിരുന്നു. ജപ്പാന് വേണ്ടി കീസുകി ഹോണ്ട, ഷിന്‍ജി കഗാവ എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇതോടെ കളിച്ച രണ്ട് മത്സരവും വിജയിച്ച ഇറ്റലി 6 പോയിന്റുമായാണ് അവസാന നാലിലേക്ക് മാര്‍ച്ച് ചെയ്തത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇറ്റലി ബ്രസീലുമായി ഏറ്റുമുട്ടും. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാകും.
ജപ്പാന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. ഇറ്റലിയുടെ പേരുകേട്ട പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ച സാമുറായ്ക്കാര് അഞ്ചാം മിനിറ്റില്‍ ഇറ്റാലിയന്‍ ഗോളിയെ പരീക്ഷിച്ചു. എന്നാല്‍ കഗാവയുടെ ക്രോസില്‍ മെയ്ദ തൊടുത്ത ഹെഡ്ഡര്‍ നേരെ ഇറ്റാലിയന്‍ ഗോളി ബഫണ് കയ്യിലൊതുക്കി. രണ്ട് മിനിറ്റിനുശേഷം എന്ഡോയുടെ ഒരു ഷോട്ട് പുറത്തേക്ക് പാഞ്ഞു. 10-ാം മിനിറ്റില്‍ ഇറ്റലിക്ക് ഒരു അവസരം ലഭിച്ചു. അവരുടെ സൂപ്പര്‍താരം മരിയോ ബെലോട്ടെല്ലി രണ്ട് ഡിഫന്റര്‍മാര്‍ക്കിടയിലൂടെ തൊടുത്ത ബുള്ളറ്റ് ഷോട്ട് ജപ്പാന് ഗോളി കുത്തിയകറ്റിയാണ് രക്ഷപ്പെടുത്തിയത്. വീണ്ടും തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വിട്ടുനിന്നു. ഒടുവില്‍ 22-ാം മിനിറ്റില്‍ ജപ്പാന് ലീഡ് നേടി. ജപ്പാന് അനുകൂലമായി ലഭിച്ച പെനാലറ്റിയില് നിന്നാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. പന്തുമായി ഇറ്റാലിയന്‍ ബോക്സിലേക്ക് പ്രവേശിച്ച ഒകാസാക്കിയെ ഗോളി ബഫണ് ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനാണ് സ്പോട്ട് കിക്ക് വിധിച്ചത്. കിക്കെടുത്ത കീസുകി ഹോണ്ട ഇറ്റലിയുടെ സൂപ്പര്‍ഗോളി ബഫണിനെ കീഴടക്കി പന്ത് വലയിലെത്തിച്ചു. 11 മിനിറ്റിനുശേഷം ജപ്പാന് ലീഡ് ഉയര്‍ത്തി.
ഇറ്റാലിയന്‍ ബോക്സിനുള്ളിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ പന്ത് കിട്ടിയ ഷിന്‍ജി കഗാവ തകര്‍പ്പനൊരു വലംകാലന്‍ അടിയിലൂടെ അസൂറി വല കലുക്കി. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നതോടെ ഇറ്റാലിയന്‍ പട ആക്രമണം ശക്തമായി. മധ്യനിരയില്‍ ആന്ദ്രെ പിര്‍ലോയും ഡി റോസിയും എണ്ണയിട്ട യന്ത്രംകണക്കെ കളിമെനഞ്ഞതോടെ ജപ്പാന് പ്രതിരോധത്തിന് പിടിപ്പതു പണിയായി. 41-ാം മിനിറ്റില്‍ ഇറ്റലി ഒരു ഗോള്‍ മടക്കി. ആന്ദ്രെ പിര്‍ലോ എടുത്ത കോര്‍ണര്‍ കിക്ക് ബുള്ളറ്റ് ഹെഡ്ഡറിലൂടെ ഡാനിയേല ഡി റോസി ജപ്പാന് വലയിലെത്തിച്ചു. ഇതിനിടെ ഡാനിയേല ഡി റോസിക്ക് മഞ്ഞകാര്‍ഡ് ലഭിച്ചു. ഇതോടെ ബ്രസീലിനെതിരെ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഡിറോസിക്ക് കളിക്കാനാവില്ല.
രണ്ടാം പകുതി ആരംഭിച്ച് അധികം വൈകുന്നതിന് മുന്നേ ഇറ്റലി സമനിലനേടി. ഇടതുമൂലയില്‍ നിന്ന് ജിയാച്ചെര്‍നി ബലോട്ടെല്ലിക്ക് നല്കിയ പാസ് അടിച്ചകറ്റാന്‍ ശ്രമിക്കുന്നതിനിടെ ഉച്ചിഡയുടെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ ഇറ്റലി ലീഡ് നേടി. അവര്‍ക്ക് അനുവദിച്ച പെനാല്‍റ്റിയില്‍ നിന്ന് ബലോട്ടെല്ലിയാണ് ഗോള്‍ നേടി അസൂറികളെ മുന്നിലെത്തിച്ചത്. ലീഡ് വഴങ്ങിയെങ്കിലും തളരാതെ പോരാടിയ ജപ്പാന് 69-ാം മിനിറ്റില്‍ സമനില പിടിച്ചു. യാസുഹിതോ എന്‍ഡോ എടുത്ത ഫ്രീകിക്ക് ബോക്സിലേക്ക് താഴ്ന്നിറങ്ങിയത് ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ ബഫണിനെ കീഴടക്കി ഷിന്‍ജി ഒകസാകി വലയിലെത്തിച്ചു. പിന്നീട് മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് അസൂറികള്‍ വിജയഗോള്‍ നേടിയത്. 86-ാം മിനിറ്റില്‍ ഡാനിയേല ഡി റോസിയുടെ അളന്നുമുറിച്ച പാസില്‍ നിന്ന് ജിയോവിന്കോയാണ് ജപ്പാന് വല കുലുക്കിയത്. ഇതോടെ ഇറ്റലിക്ക് സെമിയിലേക്കും ജപ്പാന് പുറത്തേക്കുമുള്ള വഴി തെളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: