കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സരിതാ എസ് നായരെ ജുലൈ ഒന്നു വരെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. സരിതയെ ഉച്ചയ്ക്ക് ശേഷം അമ്പലപ്പുഴ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. അതിനിടെ സരിതയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
രാവിലെ പത്ത് മണിയോടെയാണ് സരിതയെ കാക്കനാട്ടെ ജില്ലാ ജയിലില്‍ നിന്നും പോലീസ് പുറത്തിറക്കിയത്. പുറത്ത് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നിന്നും ഒഴിഞ്ഞുമാറിയ സരിത പോലീസ് ജീപ്പിലേക്ക് കയറുകയായിരുന്നു. പതിനൊന്ന് മണിക്ക് തന്നെ സരിതയെ കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയ സരിതയെ കാണാന്‍ നിരവധി ജനങ്ങളാണ് കോടതി പരിസരത്ത് തടിച്ചു കൂടിയത്.
സരിതയുമായി ആശയവിനിമയം നടത്തണമെന്ന അഭിഭാഷകന്റെ ആവശ്യം പ്രോസിക്യൂഷന് എതിര്‍ത്തെങ്കിലും ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ സംസാരിക്കാന്‍ അഭിഭാഷകന് കോടതി അനുമതി നല്കി. സരിതയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു അവരെ കോടതിയില്‍ ഹാജരാക്കിയത്.
കോടതിയില്‍ നിന്നും തിരിച്ച് ജില്ലാ ജയിലിലേക്ക് കൊണ്ടുപോയ സരിതയെ വിട്ടുകിട്ടുന്നതിനുള്ള ട്രാന്‍സിസ്റ്റ് വാറണ്ടുമായി അമ്പലപ്പുഴ പോലീസ് ഉച്ചയ്ക്ക് ശേഷം എത്തും. അമ്പലപ്പുഴ സ്വദേശി നാരായണന് നമ്പൂതിരിയേയും കുടുംബത്തേയും പറ്റിച്ച് 75 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസാണ് അമ്പലപ്പുഴ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: