ബ്രസീലിയ: കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന പോരാട്ടത്തില്‍ കാനറികള്‍ക്ക് തകര്‍പ്പന്‍ വിജയം. ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഏഷ്യന്‍ കരുത്തുമായെത്തിയ ജപ്പാനെയാണ് സാംബാനൃത്തച്ചുവടുകളുമായി ഇറങ്ങിയ ബ്രസീല്‍ തകര്‍ത്തെറിഞ്ഞത്. അരലക്ഷം കാണികളെ ആവേശത്തിലാഴ്ത്തിയ മത്സരത്തില്‍ ജപ്പാന് കാര്യമായ വെല്ലുവിളിപോലും ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ബ്രസീലിന് വേണ്ടി സൂപ്പര്‍താരം നെയ്മര്‍, പൗളീഞ്ഞോ, ജോ എന്നിവരാണ് ഗോളുകള്‍ നേടിയത്. വേഗതയേറിയ നീക്കങ്ങള്‍ക്ക് പേരുകേട്ട ജപ്പാനെ അതിലും വേഗതയില്‍ നേരിട്ടാണ് ബ്രസീല്‍ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ 65 ശതമാനവും പന്ത് കൈവശം വച്ച ബ്രസീല്‍ തങ്ങളുടെ പ്രതാപകാലത്തിന്റെ പെരുമക്കൊത്ത പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കാനറികള്‍ ജപ്പാനെതിരെ ആദ്യ അങ്കത്തിനിറങ്ങിയത്.
ഹാട്രിക് കിരീടം ലക്ഷ്യമിട്ടിറങ്ങിയ ബ്രസീല്‍ ആദ്യ ഗോള്‍ നേടുമ്പോള്‍ മത്സരം മൂന്ന് മിനിറ്റേ ആയിരുന്നുള്ളൂ. ജപ്പാന് പ്രതിരോധമതില്‍ പൊളിച്ച് സൂപ്പര്‍താരം നെയ്മറാണ് കാനറികളുടെ ആദ്യഗോള്‍ നേടിയത്. മാഴ്സലോ മധ്യവരയ്ക്കടുത്ത് നിന്ന് ജപ്പാന്റെ ഗോള്‍ മേലയിലേക്ക് ഏറെ ഉയര്‍ത്താതെ നീട്ടിയ ലോബ് സ്ട്രൈക്കര്‍ ഫ്രെഡ് നെഞ്ചുകൊണ്ട് തടുത്തിട്ടത് എതിര് പ്രതിരോധക്കാര്‍ കാവലിട്ട നെയ്മറുടെ മുന്നിലെക്കായിരുന്നു. നിലത്ത് കുത്തി അല്പമുയര്ന്ന പന്ത് വലങ്കാലന്‍ പാരലല്‍ ആംഗുലര്‍ വോളിയിലൂടെ നെയ്മര്‍ പായിച്ചത് ഗോള്‍ നെറ്റിന്റെ വലത്തേ മൂലയിലേക്കാണ് പറന്നത്. ജപ്പാന് ഗോളി എയ്ജി കവാഷിക്ക് ചിറകുണ്ടായിരുന്നെങ്കിലും പറന്നു പിടിക്കാന്‍ കഴിയാത്തത്ര വേഗത്തിലും ആംഗിളിലുമായിരുന്നു നെയ്മറുടെ ഗോള്‍. നെയ്മറുടെ പ്രതിഭ മുഴുവന്‍ വിളിച്ചറിയിക്കുന്നതായിരുന്നു ഈ ഗോള്‍. ഒമ്പത് മത്സരങ്ങളുടെ ഇടവേളക്കുശേഷമാണ് നെയ്മര്‍ ദേശീയ ടീമിനായി ഗോള്‍ നേടുന്നത്.
മൂന്നാം മിനിട്ടിലെ ആ ഗോള്‍ ബ്രസീലിന് സ്വപ്നത്തുടക്കമാണ് നല്‍കിയതെങ്കിലും എതിരാളികളുടെ പെരുമയും ചാതുര്യവുമൊന്നും ജപ്പാനെ ഭയപ്പെടുത്തിയതായി തോന്നിയില്ല. കഴിവിനൊത്ത് ആക്രമിച്ച കയറാനും ഇടയ്ക്ക് ഗോള്‍ ശ്രമം നടത്താനും അവര്‍ കഠിന പ്രയം ചെയ്തു. ഏഴ് മിനിറ്റിനിടെ അവര്‍ രണ്ടുതവണ ബ്രസീല്‍ ഗോളി ജൂലിയോ സീസറെ പരീക്ഷിച്ചു. വലതുവിംഗില്‍ നിന്ന് കീസുകി ഹോണ്ട എടുത്ത ഫ്രീകിക്ക് ബ്രസീല്‍ ഗോളി ജൂലിയോ സെസാര്‍ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. തൊട്ടുപിന്നാലെ എന്ഡോയുടെ ശ്രമവും സെസാര്‍ വിഫലമാക്കി. എന്നാല്‍ കളി പുരോഗമിച്ചതോടെ നിയന്ത്രണം ഏറെക്കുറെ പൂര്‍ണമായും ബ്രസീലിന്റെ കൈകളിലായി. ഹള്‍ക്കും നെയ്മറും ഫ്രഡും പൗളീഞ്ഞോയും ഡാനിയല്‍ ആല്വേസുമൊക്കെ ജപ്പാന് ഗോളിയെ തുടര്‍ച്ചയായി പരീക്ഷിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ ഡാനി ആല്‍വസിന്റെ പാസില്‍ ഫ്രെഡ് നിലംപേറ്റ് പായിച്ച ഷോട്ട് ജപ്പാന് ഗോളി വീണുകിടന്ന് വിഫലമാക്കി. ഇതിന് തൊട്ടുമുന്‍പ് ഹള്‍ക്കിന്റെ ഒരു അപ്രതീക്ഷിത ഇടങ്കാലന്‍ വോളി പോസ്റ്റിന് ഉരുമ്മി പുറത്തു പോയി.
ആദ്യപകുതിയെപ്പോലെ രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റ് ആയപ്പോഴേക്കും ബ്രസീല്‍ ലീഡ് ഉയര്‍ത്തി. ഡാനി ആല്‍വസിന്റെ പാസ്സില്‍നിന്ന് ഇക്കുറി പൗളീഞ്ഞോയാണ് ലീഡുയര്‍ത്തിയത്. ബാഴ്സലോണ താരം ഡാനി ആല്‍വസ് വലതുവശത്തുനിന്ന് ബോക്സിലേക്ക് നല്കിയ പന്ത് ലഭിക്കുമ്പോള്‍ പൗളിഞ്ഞോയെ തടയാന്‍ ആരുമുണ്ടായിരുന്നില്ല. ആല്‍വ്സ് നല്കിയ പന്ത് സ്വീകരിച്ച പൊളീഞ്ഞോ വെട്ടിയൊഴിഞ്ഞ് പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് ജപ്പാന് ഗോളി കവാഷിമ വീണ് കിടന്ന് തടയാന്‍ ശ്രമിച്ചെങ്കിലും കയ്യില്‍ത്തട്ടി വലയില്‍ കയറി. തൊട്ടുപിന്നാലെ ജപ്പാന്റെ ഒകസാകിയുടെ നല്ലൊരു ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. അധികം വൈകാതെ പകരക്കാരനായി ഇറങ്ങിയ മെയ്ദയുടെ രണ്ട് ശ്രമങ്ങള്‍ ജൂലിയോ സെസാര്‍ കയ്യിലൊതുക്കി. പിന്നീട് നെയ്മറെയും ഹള്‍ക്കിനെയും ഫ്രെഡിനെയും പിന്‍വലിച്ച് കോച്ച് സ്ലോരി ലൂക്കാസ് മൗരയെയും ഹെര്നാനസിനെയും ജോയെയും കളത്തിലിറക്കി. തുടര്‍ന്ന് ആക്രമണം കൂടുതല്‍ ശക്തിപ്പെടുത്തിയ ബ്രസീല്‍ താരങ്ങള്‍ നിരവധി അവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്. ഒടുവില്‍ മത്സരത്തിന്റെ ഇഞ്ച്വറി സമയത്താണ് മൂന്നാം ഗോള്‍ പിറന്നത്. സ്വന്തം പകുതിയില്‍ നിന്ന് പന്തുപിടിച്ചെടുത്ത് ഒാടിക്കയറിയ ഓസ്കര് ബോക്സിലേക്ക് നീട്ടിനല്‍കിയ പാസ് പിടിച്ചെടുത്ത ജോ അഡ്വാന്‍സ് ചെയ്ത് കയറിയ ജപ്പാന് ഗോളിയെ കബളിപ്പിച്ച് വലയിലെത്തിച്ചു. 19ന് മെക്സിക്കോക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം. അന്ന് തന്നെ ജപ്പാന് ഇറ്റലിയുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: