എത്രയെത്ര കണ്ണീര് നനഞ്ഞ കമ്പികള്‍ ഡീകോഡ് ചെയ്തിരിക്കുന്നു. മറ്റു ചില സന്ദേശങ്ങള്‍ ആഹ്ലാദങ്ങള്‍ കൊണ്ടുവന്നു; അവ പങ്കുവെയ്ക്കുമ്പോള്‍ കിട്ടുന്നവരുടെ സന്തോഷം മനസില്‍ കണ്ടു. ജോലി കിട്ടിയവര്‍, പരീക്ഷ പാസായവര്‍, അവധിക്കു നാട്ടില്‍ വരുന്നവര്‍.. അവരുടെയെല്ലാം ആഹ്ലാദങ്ങളില്‍ ടെലഗ്രാഫ് ഓപ്പറേറ്റര്‍മാരും അവരറിയാതെ പങ്കു ചേര്‍ന്നു. അവരുടെ വിരലുകളുണ്ടാക്കിയ മണിയടിയൊച്ചകളിലൂടെ അങ്ങനെ സങ്കടവും സന്തോഷവും കിനാവും കണ്ണീരും നാടെമ്പാടും പാഞ്ഞു നടന്നു. കമ്പി സന്ദേശങ്ങളുടെ കരചലനങ്ങള്‍ എന്നെന്നേക്കുമായി നിലക്കുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഗൃഹാതുരത്വം നിറഞ്ഞ വേദനയാണ് എനിയ്ക്കനുഭവപ്പെടുന്നത്.
രാജ്യത്ത് ടെലഗ്രാം സര്‍വീസ് നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ കേരളത്തിലെ ആദ്യ വനിതാ ടെലഗ്രാഫിസ്റ്റും ജന്മഭൂമി പത്രാധിപയുമായ ലീലാ മേനോന് എഴുതുന്ന ഓര്‍മ്മക്കുറിപ്പ്
ഇനി ആ മണിമുഴങ്ങില്ല. പ്രണയസാഫല്യത്തിന്റെ കൊഞ്ചിക്കിലുക്കം നിലയ്ക്കുന്നു. പുതിയ ജീവിതത്തിലേക്കു കടക്കുന്നതിന്റെ ശുഭമണിയൊച്ച ഇല്ലാതാകുന്നു. വിജയാരവങ്ങള്‍ക്കു മുന്നോടിയായ ആഹ്ലാദ മണിയടികള്‍ നിലയ്ക്കുന്നു. അതെ, മരണത്തിന്റെ മണിമുഴക്കവും ആഹ്ലാദത്തിന്റെ ചിരിക്കിലുക്കവും ഒരുപോലെ സമ്മാനിച്ചിരുന്ന ടെലഗ്രാഫ് സര്‍വീസിന്റെ മരണ മണി മുഴങ്ങിയിരിക്കുകയാണ്. INDIAN TELEGRAPH SERVICE IS NO MORE അതാണു വാസ്തവം. 2013 ജൂലായ് 15-ന് സംഭവിക്കുന്ന ആ മരണം അറിയിക്കാനെന്നല്ല ഒരു സന്ദേശം അറിയിക്കാനും ഇനി കമ്പിത്തപാല്‍ വകുപ്പിനാകില്ല. Father Expired എന്നോ, best wishes for a happy marriage എന്നോ അറിയിച്ചുകൊണ്ടുള്ള കമ്പി സന്ദേശങ്ങളുമായി പോസ്റ്റ്മാന്മാര് ഇനി ഭവന സന്ദര്‍ശനം നടത്തില്ല. ടെലഗ്രാഫ് സര്‍വീസ് മരിക്കുന്നു എന്ന് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അറിയിച്ചിരിക്കുന്നു.
ടെലഗ്രാഫ് സര്‍വീസ് മരിക്കുന്നു എന്ന വാര്‍ത്ത ഞാന്‍ ഗൃഹാതുരത്വത്തോടെയാണ് കേട്ടത്. പോസ്റ്റ് ഓഫീസില്‍ ഉള്ള ഏക വനിതാ ടെലഗ്രാഫിസ്റ്റ് എന്ന കാരണത്താലാണ് ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക എന്നെ ഇന്റര്‍വ്യൂ ചെയ്തതും മാധ്യമ ലോകം സാധ്യതയുടെ വാതായനങ്ങള്‍ എനിയ്ക്ക് മുന്പില് തുറന്നതും.
എനിയ്ക്ക് ആദ്യം കിട്ടിയ ജോലി പോസ്റ്റോഫീസില്‍ ക്ലാര്‍ക്ക് ആയിട്ടാണ്. ലെഡ്ജര്‍ പരിശോധനയും മണിഓര്‍ഡറും സേവിംഗ്സ് ബാങ്കില്‍ പണവും സ്വീകരിക്കുന്ന വിരസമായ പണിയും എന്റെ മനം മടുപ്പിച്ചിരുന്നു. ഞാന്‍ തൃശ്ശൂര്‍ ഹെഡ് പോസ്റ്റോഫീസില്‍ ജോലി ചെയ്യവേ വെറുതെ ഇരിക്കുമ്പോള്‍ ടെലഗ്രാഫ് ബ്രാഞ്ചിലേയ്ക്കും നോക്കും. അവിടെ ടെലഗ്രാഫിസ്റ്റുകള്‍ ഒരു കമ്പിയില്‍ കടകട ശബ്ദമുണ്ടാക്കി ചിരിക്കുന്നത് ശ്രദ്ധിച്ച ഞാന്‍ എന്തുകൊണ്ടാണ് ചിരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ കാക്കയുടെ നിറമുള്ള, സ്വയം ‘ബ്ലാക്ക്’ എന്ന് വിശേഷിപ്പിച്ചിരുന്ന കരുണാകരന് എന്നോടു പറഞ്ഞു അവര്‍ കമ്പി വഴി മദ്രാസിലും മറ്റും ഉള്ളവരോട് സംസാരിച്ച് ചിരിച്ചതാണെന്ന്.
അത് എന്റെ കൗതുകം ഉണര്‍ത്തി. ഞാനും ടെലിഗ്രാഫി പഠിക്കാന്‍ തീരുമാനിച്ചു. ആറുമാസത്തെ ട്രെയിനിംഗ് മദ്രാസിലും മൂന്നു മാസത്തെ ട്രെയിനിംഗ് ബാംഗ്ലൂരിലുമായിരുന്നു. പോസ്റ്റല്‍ ഡിപ്പാര്ട്ടുമെന്റില് സ്ത്രീകള്‍ ആ രംഗത്തുണ്ടായിരുന്നില്ല. ഞാന്‍ എന്തായാലും കോഴ്സിന് അപേക്ഷിച്ച് മദ്രാസിലേയ്ക്ക് തീവണ്ടി കയറി വൈ ഡബ്ലിയു സി എയില്‍ താമസിച്ച് ട്രെയിനിംഗ് എടുത്തു.
ടെലഗ്രാഫ് മോര്‍സ് വഴിയാണ്. ഒരു കമ്പിയില്‍ കൂടി അടിക്കുന്ന ശബ്ദങ്ങള്‍ ഓരോ അക്ഷരങ്ങളാണ്. അത് കൂട്ടി എഴുതി സന്ദേശമാക്കിയതാണ് കമ്പി. കമ്പി എഴുതുന്നതിന് സ്പീഡ് ആവശ്യമാണ്. കട-കട്ട് എന്ന രണ്ട് ശബ്ദങ്ങളാണ് മോര്‍സ്. കട എന്നാല്‍ കുത്തുകളും കട്ട് എന്നാല്‍ വരകളും. എ എന്ന ഇംഗ്ലീഷ് അക്ഷരത്തിന് ഒരു കുത്തും ഒരു വരയും അടിയ്ക്കാന്‍ കട, കട്ട് എന്നടിയ്ക്കും. കേള്‍ക്കുന്നവര്‍ എ എന്ന് ഇംഗ്ലീഷില്‍ എഴുതും. ബി യ്ക്ക് കട്ട്-കട-കട-കട ഒരു വര മൂന്ന് കുത്ത്. ഈ വിധം ഇംഗ്ലീഷിലെ 26 അക്ഷരങ്ങളും ക്രമീകരിച്ചിരുന്നു. ടെലഗ്രാഫി ചെയ്യുമ്പോള്‍ തള്ളവിരലും ചൂണ്ടാണി വിരലും കൈത്തണ്ടയും (wrist) മാത്രമാണ് ഉപയോഗിക്കുക. റിസ്റ്റ് ഉപയോഗത്തിലാണ് സ്പീഡ് കിട്ടിയിരുന്നത്.
മറ്റുള്ളവര്‍ക്ക് ഗ്രാഹ്യമല്ലാത്ത ഒരു ഭാഷ അവരുടെ മുന്പില് വച്ച് കൈകാര്യം ചെയ്യുന്നതിന്റെ ത്രില്‍ ഒന്നുവേറെയാണ്. കമ്പി സന്ദേശം അടിയ്ക്കുന്നതിനിടയില്‍ ഏതെങ്കിലും ബോറന് വന്നാല്‍ അതിനിടയില്‍ കൂടി one idiot is standing beside me എന്ന് കമ്പിയില്‍ കൂടി പറഞ്ഞ് ചിരിക്കുമ്പോള്‍ അയാളുടെ മുഖത്തെ അന്ധാളിപ്പും ഒരു ത്രില്‍ ആയിരുന്നു.
ആറുമാസത്തെ കോഴ്സ് പൂര്‍ത്തിയാക്കി ഞാന്‍ പ്രാക്ടിക്കലിന് ബാംഗ്ലൂരില്‍ പോയതും ബാംഗ്ലൂര്‍ കാണാനുള്ള ആവേശത്തിലാണ്. കൊച്ചിയിലെ സെന്‍ട്രല്‍ ടെലഗ്രാഫ് ഓഫീസില്‍ പോകാതെയാണ് ഞാന്‍ ബാംഗ്ലൂര്‍ക്ക് പോയത്. നല്ല കാലാവസ്ഥയും നല്ല സുഹൃത്തുക്കളും നല്ല ഹോസ്റ്റലും എന്നെ ബാംഗ്ലൂര്‍ പ്രേമിയാക്കി മാറ്റി. അന്ന് ഈ വാഹനപ്പെരുപ്പമില്ലാതെ സുഖശീതളമായ കാലാവസ്ഥയില്‍ നിത്യവും കാല്‍നടയായി ഞാന്‍ കമ്പി ഓഫീസില്‍ പോയിരുന്നു.
അവിടെ വെച്ചാണ് ഞാന്‍ കമ്പികള്‍ എഴുതി എടുക്കാന്‍ പഠിച്ചത്. വളരെയധികം വസ്തുതകള്‍ക്ക് കോഡ് ഉണ്ടായിരുന്നു. നാം കമ്പിയില്‍ എഴുതി എടുക്കുന്നത് നമ്പര്‍ എട്ട് (8) എന്നാണെങ്കില്‍ അതിനെ പരിഭാഷപ്പെടുത്തി “Best Wishes for a long and Happy married life” എന്നാക്കും. “Wish you both a happy and prosperous wedded life” എന്നതിനും ഒരു നമ്പര്‍ ഉണ്ടായിരുന്നു-17. ഇതിന് ഗ്രീറ്റിംഗ് മെസേജസ് എന്നായിരുന്നു പറഞ്ഞിരുന്നത്. പിങ്ക് പേപ്പറിലാണ് കമ്പികള്‍ എഴുതിയിരുന്നത്. ഗ്രീറ്റിംഗിന് ചാര്‍ജ് കുറവായിരുന്നു.
കമ്പി എന്നു കേട്ടാല്‍ മരണവാര്‍ത്തയോ അപകടവാര്‍ത്തയോ, ആശുപത്രിയില്‍ രോഗി സീരിയസ് എന്നോ ആകാം മനസിലെ തോന്നല്‍ പലര്‍ക്കും. കാരണം ഈ വിധത്തിലുള്ള സന്ദേശങ്ങളാണ് അധികമായി വരുക എന്നതിനാല്‍ ടെലഗ്രാഫ്മാനെ കാണുമ്പോള്‍ നെഞ്ചിടിപ്പ് കൂടുക പതിവായിരുന്നു. കമിതാക്കളോ മറ്റോ മാത്രം ഹാപ്പി ബര്‍ത്ത് ഡേ എന്ന് ആശംസിച്ചിരുന്നു. കല്യാണ വീട്ടിലേയ്ക്കുള്ള കമ്പി വാഹകന്റെ വരവ് ആരേയും പരിഭ്രമിപ്പിച്ചില്ല. അത്രയ്ക്കുറപ്പായിരുന്നു അത് ആശംസകളും കൊണ്ടുള്ള വരവായിരിക്കുമെന്ന്.
ആ കാലത്ത് മൊബൈലോ ഇന്റര്‍നെറ്റോ ഇല്ല. ടെലഫോണ്‍ പോലും ഉന്നത ശ്രേണിയിലുള്ളവര്‍ക്കോ ചുരുക്കം മധ്യവര്ഗ്ഗക്കാര്ക്കോ മാത്രം. പബ്ലിക് ടെലിഫോണ്‍ ബൂത്തുകള്‍ അന്നും ഉണ്ടായിരുന്നു. പോസ്റ്റ് ഓഫീസുകളില്‍നിന്നും ഫോണ്‍ കാളുകള്‍ ബുക്ക് ചെയ്യാമായിരുന്നു. അന്ന് ടെലഫോണ്‍ എക്സ്ചേഞ്ചുകളില്‍ അധികവും സ്ത്രീകളായിരുന്നു ജോലി നോക്കിയിരുന്നത്. പൂവാല കമന്റടിക്കാര്‍ അവരെ നമ്പര്‍ പ്ലീസ് എന്ന് വിളിക്കുമായിരുന്നു. അന്ന് ഫോണ്‍ ബുക്ക് ചെയ്യാന്‍ എടുക്കുമ്പോള്‍ മറ്റേ തലയ്ക്കല്‍നിന്നും ചോദിക്കുന്ന ചോദ്യമാണ് നമ്പര്‍ പ്ലീസ് എന്നത്. ആ നമ്പറില്‍ ബുക്ക് ചെയ്ത് കാത്തിരുന്നു കണക്ഷന് കിട്ടിയായിരുന്നു സംസാരം. ടെലഗ്രാഫ് കൗണ്ടറിലും ജോലി ചെയ്യാറുള്ള ഞാന്‍ പോകുമ്പോഴും ഇവര്‍ നമ്പര്‍ പ്ലീസ് എന്ന് വിളിക്കാറുണ്ട്. ഒരിക്കല്‍ ഞാന്‍ പച്ചസാരിയും പച്ച ബ്ലൗസും പച്ചപൊട്ടും ധരിച്ചുപോയപ്പോള്‍ ഇവര്‍ ചോദിച്ചു “എന്നാല്‍ തലമുടിയും പച്ചയാക്കാമായിരുന്നില്ലേ?” എന്ന്.
അന്ന് സൈക്കിള്‍ റിക്ഷകളില്ല. വലിയ്ക്കുന്ന റിക്ഷകള്‍ മാത്രമാണ് റോഡില്‍. ഞാന്‍ എല്ലായിടത്തും നടന്നുപോയിരുന്നു. ടെലഗ്രാഫ് ബ്രാഞ്ചില്‍ രാത്രിയും ജോലി ചെയ്യണം. അടിയന്തിര സന്ദേശങ്ങള്‍ക്ക് രാപ്പകലുകള്‍ അറിയില്ലല്ലോ. അതുകൊണ്ട് ഞങ്ങള്‍ക്ക് ഡ്യൂട്ടി ചാര്‍ട്ട് ഇടും. എനിയ്ക്കും വളരെ വൈകി ഡ്യൂട്ടി എടുക്കാന്‍ സാധിക്കാത്തതിനാല്‍ 10-6 ഡ്യൂട്ടിയാണ് തരാറ്.
അന്ന് ടെലഗ്രാം എഴുതി എടുക്കുമ്പോള്‍ അവയില്‍ മരിച്ച സന്ദേശം ഉണ്ടെങ്കില്‍ അത് നമുക്ക് അറിയാവുന്നവരുടെ മരണ വാര്‍ത്തയായിരിക്കും. അങ്ങനെ എത്രയെത്ര കണ്ണീര് നനഞ്ഞ കമ്പികള്‍ ഡീകോഡ് ചെയ്തിരിക്കുന്നു. മറ്റു ചിലസന്ദേശങ്ങള്‍ ആഹ്ലാദങ്ങള്‍ കൊണ്ടുവന്നു; അവ പങ്കുവെക്കുമ്പോള്‍ കിട്ടുന്നവരുടെ സന്തോഷം മനസില്‍ കണ്ടു. ജോലി കിട്ടിയവര്‍, പരീക്ഷ പാസായവര്‍, അവധിക്കു നാട്ടില്‍ വരുന്നവര്‍.. അവരുടെയെല്ലാം ആഹ്ലാദങ്ങളില്‍ ടെലഗ്രാഫ് ഓപ്പറേറ്റര്‍മാരും അവരറിയാതെ പങ്കു ചേര്‍ന്നു. അവരുടെ വിരലുകളുണ്ടാക്കിയ മണിയടിയൊച്ചകളിലൂടെ അങ്ങനെ സങ്കടവും സന്തോഷവും കിനാവും കണ്ണീരും നാടെമ്പാടും പാഞ്ഞു നടന്നു. കമ്പി സന്ദേശങ്ങളുടെ കരചലനങ്ങള്‍ എന്നെന്നേക്കുമായി നിലയ്ക്കുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഗൃഹാതുരത്വം നിറഞ്ഞ വേദനയാണ് എനിയ്ക്കനുഭവപ്പെടുന്നത്.
ഇന്ന് കോഡ് അഞ്ച് ‘മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ’യുടെ കോഡ് ആണെന്നു ഞാന്‍ മറന്നു പോയിരിക്കുന്നു. (ഏറെ പണിപ്പെട്ടാണ് അത് ഓര്‍മ്മിച്ചത്) condolance ന്റെ കോഡ് മറന്നേ പോയിരിക്കുന്നു. വിളിച്ചു ചോദിക്കാന്‍ എന്റെ അന്നത്തെ സഹപ്രവര്‍ത്തകര്‍ ഉണ്ടോ എന്നുപോലും എനിയ്ക്കറിയില്ല. അന്ന് എന്നെ മറ്റു സ്ത്രീകളില്‍ നിന്ന് വ്യത്യസ്തയാക്കിയത് എന്റെ ടെലഗ്രാഫി അറിവായിരുന്നു. അതിന് ശേഷം ടെലിപ്രിന്റര്‍ വന്നപ്പോള്‍ തന്നെ മോഴ്സിന്റെ ഉപയോഗം കുറഞ്ഞിരുന്നു. പക്ഷെ ടെലഗ്രാമില്‍ കൂടി കിട്ടിയിരുന്ന സന്ദേശങ്ങളുടെ മൂല്യം ഇവയ്ക്കില്ല എന്ന് എനിയ്ക്ക് തോന്നാറുണ്ട്. നെറ്റും മൊബൈലും വ്യാപകമായപ്പോള്‍ ഇപ്പോള്‍ ആരും കത്തുകള്‍ എഴുതാതെയായി. പക്ഷെ കത്തെഴുതുന്നതിന്റേയും വായിയ്ക്കുന്നതിന്റേയും സുഖം ഒരു മൊബൈലിനും തരാന്‍ സാധ്യമാകാത്തത് അവ പിന്നെയും പിന്നെയും വായിയ്ക്കാം എന്നതിനാലായിരുന്നു. നെറ്റിലേയും ഫേസ്ബുക്കിലേയും ചാറ്റിംഗും പിന്നെയും പിന്നെയും വായിയ്ക്കാമെങ്കിലും കൈകൊണ്ടെഴുതുന്ന എഴുത്തിന്റെ ഹൃദയസ്പര്‍ശം ഇവയ്ക്കില്ല എന്നെനിയ്ക്ക് തോന്നാറുണ്ട്.
ഇതെല്ലാം ഇപ്പോള്‍ ഞാന്‍ ഓര്‍ത്തത് ടെലഗ്രാം സര്‍വീസ് നിലക്കുന്നു എന്ന വാര്‍ത്ത വായിച്ചാണ്. പക്ഷെ ടെലഗ്രാം എന്നേ മരിച്ചിരുന്നു! മൊബൈലും നെറ്റും അതിന്റെ അന്തകര്‍ ആയിരുന്നല്ലോ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: