ജൊഹന്നാസ് ബര്‍ഗ്: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലുള്ള ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് ആശുപത്രിയില്‍ കടുത്ത ഏകാന്തത അനുഭവിക്കുന്നെന്ന് വെളിപ്പെടുത്തല്‍.
ഒരു ദശകത്തോളം മണ്ടേലയുടെ അംഗ രക്ഷകനായി പ്രവര്‍ത്തിച്ച ഷോണ്‍ വാര്ഡന് ഹീര്ഡെനാണ് ആരോപണത്തിനു പിന്നില്‍. സൈനിക സര്ജന് വിജയ് രാംലകന്റെ നേതൃത്വത്തിലെ വിദഗ്ധ സംഘം മണ്ടേലയെ കാണാനെത്തുന്ന സന്ദര്‍ശകരോട് ജയില്‍ വാര്ഡന്മാരപ്പോലെ പെരുമാറുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
മണ്ടേലയെ കാണാന്‍ വളരെക്കുറച്ചുപേരെ മാത്രമേ അനുവദിച്ചിട്ടുള്ളു. അദ്ദേഹത്തിന്റെ ഏറ്റവും വേണ്ടപ്പെട്ട സുഹൃത്തുകളെപ്പോലും ആശുപത്രി അധികൃതര്‍ അടുപ്പിക്കുന്നില്ല, ഹീര്‍ഡെന്‍ പറഞ്ഞു.
മണ്ടേലയെ ചുറ്റിനില്ക്കുന്ന ആരോഗ്യ പരിശോധനാ സംഘം അനാവശ്യ നിയന്ത്രണങ്ങളിലൂടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുകയാണ്. മണ്ടേലയുടെ താരപ്രഭയില്‍ മയങ്ങി അവര്‍ സ്വന്തം കര്‍ത്തവ്യം മറക്കുന്നു. മെഡിക്കല്‍ സംഘത്തിലെ ചിലര്‍ മണ്ടേലയ്ക്കൊപ്പം ഫോട്ടോയെടുക്കാന്‍ മത്സരിക്കുകയാണ്. ‘ലോങ്ങ് വാക് ടു ദ ഫ്രീഡം’ കാട്ടി ഓട്ടോഗ്രാഫ് വാങ്ങാന്‍ ശ്രമിക്കുന്നവരെയും കണ്ടു, ഹീര്‍ഡെന്‍ കൂട്ടിച്ചേര്‍ത്തു.
94കാരനായ മണ്ടേലയെ കഴിഞ്ഞയാഴ്ച്ചയാണ് പ്രിട്ടോറിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍ പ്രഥമപൗരന്റെ നിലയില്‍ കാര്യമായ മാറ്റമുണ്ടെന്നു ഇന്നലെ അദ്ദേഹത്തിന്റെ ചെറുമകന് വ്യക്തമാക്കി.
എന്നാല്‍ മണ്ടേലയുടെ ആര്യോഗസ്ഥിത സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മണ്ടേലയുടെ ഏറ്റവും വിശ്വസ്തനായ സേവകനായ ഹീര്ഡനെ ചികിത്സാ സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്കിയെന്നു പറഞ്ഞ് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതനാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: