ഏകദേശം മുപ്പതുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പ്രാന്തകാര്യാലയത്തില്‍ താമസിക്കുന്ന കാലത്ത് അവിടെ നിന്ന് ഒരു നിര്‍ദ്ദേശം ലഭിച്ചു. സംഘത്തിന്റെ സര്‍കാര്യവാഹ് മാനനീയ രജ്ജുഭയ്യയും ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ പരിപാടി കഴിഞ്ഞ് എറണാകുളത്തേക്ക് മടങ്ങി വരുന്നതിനിടെ വൈകുന്നേരം തൊടുപുഴയിലെത്തുമെന്നും അന്ന് മഞ്ഞക്കാട്ടുള്ള എന്റെ വീട്ടില്‍ താമസിക്കുമെന്നുമായിരുന്നു വിവരം. അച്ഛന് എം.എസ്.പത്മനാഭന് നായര്‍ അന്ന് താലൂക്ക് സംഘചാലക് ആയിരുന്നു. ഞാന്‍ ജന്മഭൂമിയുടെ ബദ്ധപ്പാടുമായി എറണാകുളത്തും. നേരത്തെ തന്നെ വീട്ടിലെത്തി അവിടെ അതിനുള്ള വ്യവസ്ഥകള്‍ ചെയ്യണമെന്നായിരുന്നു എന്നില്‍നിന്നുള്ള പ്രതീക്ഷ. സര്‍കാര്യവാഹിന്റെ ആതിഥേയനാവുക എന്നത് അവിചാരിതമായ ഭാഗ്യമാകയാല് ഉടന്‍ തന്നെ തൊടുപുഴയ്ക്ക് പുറപ്പെട്ടു. വൈകുന്നേരത്തോടെ മാ.രജ്ജുഭയ്യയും പ്രാന്തപ്രചാരക് ഹരിയേട്ടനും മറ്റു ചില പ്രവര്‍ത്തകരുമൊത്ത് വീട്ടിലെത്തി. അദ്ദേഹത്തെ കാണാനും സംസാരിക്കാനുമായി ധാരാളം സ്വയംസേവകരും കാര്യകര്‍ത്താക്കളും എത്തിയിരുന്നു. ബാല സ്വയംസേവകരും കുറവായിരുന്നില്ല. അവരുമായുള്ള സംവാദത്തിന്റെ ദ്വിഭാഷിയെന്ന സ്ഥാനമാണ് എനിക്കുണ്ടായിരുന്നത്. മാ. രജ്ജുഭയ്യയുമായി അക്കാലത്ത് അത്ര അടുത്ത ബന്ധം എനിക്കുണ്ടായിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്തെ രണ്ട് രഹസ്യ ബൈഠക്കുകളില്‍ പങ്കെടുക്കുകയും അന്നത്തെ ജനസംഘപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ നല്‍കുകയുമായിരുന്നു എന്റെ ചുമതല. അതിന് മുമ്പ് 1932 ല്‍ കാണ്‍പൂരില്‍ നടന്ന ജനസംഘത്തിന്റെ അഖിലഭാരത സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുത്തപ്പോള്‍ കേസരി വാരികയ്ക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്യേണ്ട ചുമതല അതിന്റെ മാനേജര്‍ രാഘവേട്ടന് ഏല്‍പ്പിച്ചിരുന്നു. അതിനായി ചിലപ്പോള്‍ പത്രക്കാര്‍ക്ക് നീക്കിവെക്കപ്പെട്ട ഭാഗത്ത് ഇരിക്കുമായിരുന്നു. അവിടെ മുഴുവന്‍ സമയവും ഇരുന്ന് കുറിപ്പെടുത്തിരുന്ന ആളെ പരിചയപ്പെട്ടപ്പോഴാണ് അത് പ്രൊഫ.രാജേന്ദ്രസിംഗ് ആണെന്നറിഞ്ഞത്. സര്‍വകലാശാലയിലെ ഫിസിക്സ് വകുപ്പിന്റെ തലവനായിരിക്കെത്തന്നെ പ്രാന്തപ്രചാരകന്റെ ഉത്തരവാദിത്തം കൂടി വഹിക്കുന്ന അദ്ദേഹത്തെപ്പറ്റി നേരത്തെ കേട്ടിരുന്നെങ്കിലും നേരിട്ട് പരിചയപ്പെടാന്‍ കഴിഞ്ഞത് ആദ്യമായിരുന്നു. അല്‍പ്പനേരത്തെ പരിചയപ്പെടല്‍ കൊണ്ടുതന്നെ നമ്മെ ആഹ്ലാദം കൊള്ളിക്കാന്‍ പോന്ന വ്യക്തിത്വമാണതെന്ന് ബോധ്യമായി.
വീട്ടില്‍ രജ്ജുഭയ്യാ ബാല സ്വയംസേവകരുമായി കുശല പ്രശ്നങ്ങള്‍ ആരംഭിച്ചു. ഹിന്ദിയും ചിലപ്പോള്‍ ഇംഗ്ലീഷുമായിരുന്നു ഭാഷ. അവര്‍ക്കൊക്കെ ഓരോ ചോക്ലേറ്റ് കൊടുത്തു. അത് കഴിഞ്ഞ് തന്റെ സ്യൂട്ട്കേസില്‍ നിന്നും ഒരു ചെറിയ പെട്ടിയെടുത്ത്, അതില്‍നിന്നും ഏതാനും നാണയങ്ങള്‍ മേശപ്പുറത്ത് നിരത്തി. അവ നോക്കി ഏതൊക്കെ രാജ്യത്തിന്റേതാണെന്ന് കണ്ടുപിടിക്കാന്‍ പറഞ്ഞു. ഭാരതത്തിലെയും പാക്കിസ്ഥാനിലെയും സിലോണി (ഇന്ന് ശ്രീലങ്ക)ലെയും രൂപയ്ക്ക് പുറമെ മറ്റൊരു രാജ്യത്തിനുവേണ്ടി രൂപക്യാ എന്ന നാണയവും നോട്ടുമുണ്ടെന്ന് അദ്ദേഹം കാണിച്ചുകൊടുത്തു. ആ രാജ്യം ഇന്തോനേഷ്യ ആയിരുന്നു. ഡോളറും പൗണ്ടും ഫ്രാങ്കും അദ്ദേഹം അവര്‍ക്ക് പരിചയപ്പെടുത്തി. കൂട്ടത്തില്‍ സോവ്യറ്റ് യൂണിയനിലെ റൂബിളും ഉണ്ടായിരുന്നു. നമ്മുടെ രൂപയുടെ തന്നെ മൂലമായ ‘റുപ്യക’ത്തില്‍ നിന്നാണ് റൂബിളിന്റെയും വരവ് എന്നദ്ദേഹം പറഞ്ഞപ്പോള്‍ അത് പുതിയ അറിവായിരുന്നു. ഭാരതത്തിന്റെ രൂപയില്‍ അടയാളമായി അശോകസ്തംഭമാണല്ലൊ ഉള്ളത്. അത് ബൗദ്ധമത ചിഹ്നമായിട്ടാണറിയപ്പെടുന്നത്. നോട്ടുകള്‍ പുറത്തിറക്കുന്ന നമ്മുടെ സ്ഥാപനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ്. ഇന്തോനേഷ്യയുടെ നോട്ട് പുറത്തിറക്കുന്നത് കുബേര ബാങ്ക് ആണ്. അതിലെ അടയാളമാകട്ടെ ഗണപതിയുടേതും. കുബേരന് നമ്മുടെ അഷ്ടദിക് പാലകന്മാരില് ഉത്തര ദിക്കിന്റെ പാലകനും സര്വധനത്തിന്റേയും അധിപനുമായ സാക്ഷാല്‍ വൈശ്രവണന് തന്നെ. ഭാരതത്തില്‍ 80 ശതമാനം ജനങ്ങളും ഹൈന്ദവരാണെങ്കില്‍ ഇന്തോനേഷ്യയില്‍ 90 ശതമാനവും മുസ്ലിങ്ങളാണ്. അവര്‍ തങ്ങളുടെ ധനപതിയായി കുബേരനേയും നോട്ടിലെ ചിഹ്നമായി ഗണപതിയേയും സ്വീകരിച്ചിരിക്കുന്നു. ഭാരതത്തില്‍ ഇങ്ങനെയെങ്ങാന്‍ സംഭവിച്ചിരുന്നെങ്കില്‍ അത് കടുത്ത ഹിന്ദുവര്‍ഗീയതയുടെ പിന്തിരിപ്പന് പണിയായി വ്യാഖ്യാനിക്കപ്പെട്ടേനെ. ഭാരതം ഒന്നര നൂറ്റാണ്ടുകാലം ബ്രിട്ടീഷ് വാഴ്ചയിലായിരുന്നുവെങ്കില് ഇന്തോനേഷ്യ രണ്ട് നൂറ്റാണ്ടുകാലം ഡച്ചു കോളനിയായിരുന്നു. ഡച്ച് ഈസ്റ്റ് ഇന്‍ഡീസ് എന്നായിരുന്നു ആ ദ്വീപസമൂഹത്തിന്റെ പേര്.
ഇതൊക്കെ ഇപ്പോള്‍ വിസ്തരിക്കാനുണ്ടായ അവസരം ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ യുഎസ് ജനതയ്ക്ക് വാഷിംഗ്ടണില്‍ സ്ഥാപിക്കാന്‍ 4.9 മീറ്റര്‍ ഉയരമുള്ള സരസ്വതീ വിഗ്രഹം സമ്മാനിച്ച വാര്‍ത്ത ചിത്രങ്ങള്‍ സഹിതം പത്രങ്ങളില്‍ വന്നതാണ്. ഇന്തോനേഷ്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള രാഷ്ട്രം. അവിടെ ഹിന്ദുക്കള്‍ മൂന്നു ശതമാനം മാത്രം. അതും ചെറിയ ദ്വീപായ ബാലിയില്‍. ഭാരതീയ സംസ്ക്കാരത്തില്‍ വിദ്യയുടേയും വിജ്ഞാനത്തിന്റെയും സംഗീതത്തിന്റെയും ദേവതയായ സരസ്വതിയുടെ വിഗ്രഹം തന്നെ സമ്മാനിക്കാന്‍ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് അമേരിക്കയുമായുള്ള സാംസ്ക്കാരിക ബന്ധത്തിന്റെ നിരവധി മൂല്യങ്ങളെ സരസ്വതീ ദേവി പ്രതിനിധാനം ചെയ്യുന്നതിനാലാണെന്ന് ഇന്തോനേഷ്യന്‍ അംബാസഡര്‍ അറിയിച്ചു. വിദ്യാഭ്യാസ മേഖലയിലും ജനതകള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ കാര്യത്തിലും പങ്കാളിത്തവും വിനിമയവുമാണതില് പ്രതീകവല്ക്കരിക്കപ്പെടുന്നത്.
ബാലി ദ്വീപിലെ വിദഗ്ദ്ധ ശില്‍പ്പി ന്യായമാന് സുദര്വയുടെ നേതൃത്വത്തിലുള്ള ശില്‍പ്പി സംഘം അഞ്ചാഴ്ചകൊണ്ടാണ് ശില്‍പ്പം പണിതീര്‍ത്തത്. സ്ഫടികമാല, വീണ, പുസ്തക ധാരിണിയായി, ഹംസാരൂഢയായി, സുവര്‍ണ കിരീടം ധരിച്ച് മൂന്ന് പേര് താങ്ങുന്ന താമരയില്‍ വസിക്കുന്നവളായിട്ടാണ്, അനുഗ്രഹവര്‍ഷം ചൊരിയുന്ന സര്വമംഗളകാരിണിയുടെ ഉരുക്കിലും വെള്ള സിമന്റിലുമായി നിര്‍മിച്ച പ്രതിമ. ബാലി ദ്വീപിലെ ശില്പ്പകലയുടെ അതിമനോഹരമായ മാതൃകയാണ് ഈ സരസ്വതീ വിഗ്രഹം എന്ന് ഇന്തോനേഷ്യക്കാര്‍ അഭിമാനിക്കുന്നു.
ഹിന്ദു ജനത ബഹുഭൂരിപക്ഷമായ ഭാരതത്തില്‍ സരസ്വതീ ദേവി മതനിരപേക്ഷതയുടെ പേരില്‍ എങ്ങനെയെല്ലാം ആക്ഷേപിക്കപ്പെടുന്നുവെന്ന് പറയേണ്ടതില്ല. മുമ്പ് ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ ദിവസങ്ങള്‍ എല്ലാ വിദ്യാലയങ്ങളിലും പുസ്തക പൂജ നടത്തിയിരുന്നു. ദശമി നാള് ഹരിഃ ശ്രീഗണപതയെ നമഃ എന്ന് എഴുതി വിദ്യാരംഭംകുറിച്ച ശേഷമാണ് പൂജ അവസാനിക്കുക. സര്‍ക്കാര്‍ ആപ്പീസുകളിലും പോലീസ് സ്റ്റേഷനുകളിലും ആയുധ പൂജകള്‍ നടന്നുവന്നു. മതേതരത്വത്തിന്റെ പേരില്‍ ആ പതിവുകളെല്ലാം സര്‍ക്കാര്‍ തടഞ്ഞു. ഇന്ന് സ്വകാര്യ വിദ്യാലയങ്ങളില്‍ പോലും വിദ്യാരംഭം പാടില്ലെന്ന സ്ഥിതിയാണ്. എല്ലാ സ്കൂളുകളിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് നിസ്ക്കരിക്കാന്‍ വേണ്ടി പ്രത്യേക സ്ഥലവും സമയവും നിര്‍ബന്ധമാണ്. വിദേശയാത്ര നടത്തുന്ന നേതാക്കള്‍ സമ്മാനമായി കൊണ്ടുപോകുന്നത് താജ്മഹല്‍ എന്ന മുഗള്‍ ശവകുടീരത്തിന്റെ മാതൃകയാണ്. ഭാരതത്തിന്റെ ഏറ്റവും മഹത്തായ പൈതൃകമായ സംസ്കൃതഭാഷയും ഭഗവദ്ഗീതയും പഠിപ്പിക്കാന്‍ മതേതരത്വത്തിന്റെ പേരില്‍ നമ്മുടെ വിദേശങ്ങളിലെ എംബസികള്‍ക്ക് അനുവാദമില്ല.
വിദ്യാദേവതയായ സരസ്വതീ ദേവിയെ അവഹേളിച്ച ഏറ്റവും ലജ്ജാകരമായ സംഭവവും ഭാരതത്തില്‍ ഉണ്ടായത് ഈയവസരത്തില്‍ സ്മര്ത്തവ്യമാണ്. എന്‍ഡിഎ ഭരണകാലത്ത് സെക്കന്ററി വിദ്യാഭ്യാസ പരിഷ്ക്കരണത്തിന് മാര്‍ഗരേഖ തയ്യാറാക്കാന്‍ അതിവിപുലമായ ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. അതിനായി രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ വിചക്ഷണരുടെ സമിതിയെ ചുമതലപ്പെടുത്തി. അവര്‍ തയ്യാറാക്കിയ ചോദ്യാവലിയും മറ്റു രേഖകളും വിശകലനം ചെയ്ത് അഭിപ്രായം അറിയിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ചുകൊടുത്തു. ഒടുവില്‍, അതിനെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ക്കും വിശകലനത്തിനുമായി, വിദ്യാഭ്യാസമന്ത്രിമാരുടേയും വകുപ്പദ്ധ്യക്ഷന്മാരുടേയും സമ്മേളനം ദല്‍ഹിയില്‍ സംഘടിപ്പിച്ചു. കേരളം പോലുള്ള ചില സംസ്ഥാനങ്ങള്‍ ആ പ്രക്രിയയില്‍ പങ്കെടുത്തതേയില്ല. സമ്മേളനത്തിന്റെ തുടക്കത്തില്‍ സരസ്വതീ വന്ദന ശ്ലോകം ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ മതനിരപേക്ഷത വ്രണപ്പെട്ട് കേരള വിദ്യാഭ്യാസ മന്ത്രി പി.ജെ.ജോസഫ് അടക്കം ഒട്ടേറെ പേര് പരിപാടി ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോന്നു. മന്ത്രി മുരളീ മനോഹര്‍ ജോഷിയുടെ ഹിന്ദു വര്‍ഗീയ അജണ്ടക്കെതിരെ ഇടതുപക്ഷ മതേതര ഒപ്പിയാന്മാര് പ്രസ്താവനയുമിറക്കി. അതില്‍ ജ: വി.ആര്.കൃഷ്ണയ്യരുമുണ്ടായിരുന്നു. ഡോ.ജോഷി വിവരങ്ങള്‍ എല്ലാം കാണിച്ച് വിദ്യാഭ്യാസ മാര്‍ഗ രേഖയുടെ കോപ്പിയടക്കം കൃഷ്ണയ്യര്‍ക്ക് കത്തെഴുതി. അതിനയച്ച മറുപടിയില്‍ താന്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് സമ്മതിച്ച് കൃഷ്ണയ്യര്‍ മാപ്പു ചോദിച്ചിരുന്നു.
ഹിന്ദു ബഹുഭൂരിപക്ഷമായ ഭാരതത്തില്‍ വിദ്യാ ദേവത ഇങ്ങനെ അപഹസിക്കപ്പെടുമ്പോള്‍ 90 ശതമാനം മുസ്ലിം രാജ്യമായ ഇന്തോനേഷ്യ, 85 ശതമാനം ക്രിസ്ത്യന്‍ രാജ്യമായ യുഎസിന് സാംസ്ക്കാരിക വിനിമയ പ്രതീകമായി ഭവ്യഗംഭീരമായ സരസ്വതീ വിഗ്രഹം സമ്മാനിച്ചതിന്റെ പ്രസക്തി ചൂണ്ടിക്കാട്ടുകയാണിവിടെ ഉദ്ദേശിച്ചത്.
ഇന്തോനേഷ്യയുടെ ഹൈന്ദവ പാരമ്പര്യത്തിന്റെ ആഴം അഞ്ചുനൂറ്റാണ്ടു കാലത്തെ ഇസ്ലാമിക വാഴ്ചകൊണ്ട് ഇല്ലാതായില്ല എന്നു കൂടി നാം ഓര്‍ക്കണം. അവരുടെ ദേശീയ നാടകസ്വരൂപം ഇന്നും രാമായണാധിഷ്ഠിതമാണ്. ഭാരതത്തില്‍ രാമായണമേള നടത്തിയപ്പോഴൊക്കെ ഏറ്റവും മികച്ച അവതരണം ഇന്തോനേഷ്യയില്‍ നിന്നാണ് വന്നത്.
പി.നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: