വാഷിങ്ങ്ടണ്‍: ആഭ്യന്തരയുദ്ധം കലുഷിതമാക്കിയ സിറിയയില്‍ വിമതര്‍ക്കുനേരെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം രാസായുധം പ്രയോഗിച്ചതിന് തെളിവുണ്ടെന്ന് അമേരിക്ക. ഈ സാഹചര്യത്തില്‍ വിമത സേനയ്ക്ക് ആയുധ സഹായം നല്‍കുമെന്ന് യുഎസ് വ്യക്തമാക്കി.
തീരുമാനത്തിന് പ്രസിഡന്റ് ബരാക് ഒബാമ അംഗീകാരം നല്‍കിയെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ലബനനിലെ ഹിസ്ബുള്ളയുടെ പിന്തുണയോടെ അസദിന്റെ സൈന്യം നിര്‍ണായക മുന്നേറ്റം നടത്തുന്ന സമയത്തെ യുഎസ് നീക്കം ആഭ്യന്തരയുദ്ധത്തിന്റെ ഗതിതന്നെ മാറ്റിമറിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
നാഡികളെ തളര്‍ത്തുന്ന ഏജന്റ് സാറിനടക്കമുള്ള രാസായുധങ്ങള്‍ അസദിന്റ സൈന്യം ഉപയോഗിച്ചെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ തെളിഞ്ഞു,യുഎസ് ദേശീയ സുരക്ഷാ ഉപ ഉപദേഷ്ടാവ് ബെന്‍ റോഡ്സ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം പലപ്രാവശ്യമായി നടത്തിയ ചെറിയ തോതിലെ രാസായുധാക്രമണം ഇതുവരെ 100 മുതല്‍ 150 പേരുടെ മരണത്തിന് കാരണമായെന്നും റോഡ്സ് കൂട്ടിച്ചേര്‍ത്തു.
2011ലാണ് സിറിയയില്‍ അസദ് ഭരണകൂടത്തിനെതിരെ വിമതപ്രക്ഷോഭം ആരംഭിച്ചത്. നാളിതുവരെ 94000 പേര് കൊല്ലപ്പെട്ടതായി യുഎന്‍ പറയുന്നു. തുടക്കത്തില്‍ പിടിച്ചു നിന്ന പ്രക്ഷോഭകാരികളെ ഇറാന്റെയും ഹിസ്ബുള്ളയുടെയും സഹായത്തോടെ തുരത്തിയോടിക്കാന്‍ അസദിന്റെ സൈന്യത്തിനു സാധിച്ചു. തലസ്ഥാനമായ ദമാസ്കസിലും പ്രധാന നഗരങ്ങളായ ആലപ്പോയിലും ഹോംസിലും സൈന്യം നിഷ്ഠൂരമായ മനുഷ്യവകാശ ലംഘനങ്ങള്‍ നടത്തുന്നെന്നും ആരോപണമുണ്ട്.
കഴിഞ്ഞയാഴ്ച്ച വിമതരുടെ കൈവശമിരുന്ന ക്വാസിര്‍ നഗരം പിടിച്ചെടുത്ത അസദിന്റെ പട്ടാളം പലയിടങ്ങളിലും ആക്രമണം ശക്തമാക്കിക്കഴിഞ്ഞു. പ്രഹരശേഷി കൂടിയ ആയുധങ്ങളുടെ അഭാവത്തില്‍ വിമതരുടെ നീക്കങ്ങള്‍ തുടര്‍ച്ചായിയ പാളിപ്പോകുന്നു. ഈ സാഹചര്യത്തില്‍ അവര്‍ക്കുള്ള ആയുധ ഉപരോധം നീക്കാന്‍ ഇയു നേരത്തെ തീരുമാനിച്ചിരുന്നു. ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യൂറോപ്യന്‍ യൂണിന് അത്തരമൊരു നിലപാടിലെത്തിയത്.
വിമതരെ സഹായിക്കുന്ന കാര്യത്തില്‍ അയഞ്ഞ സമീപനമാണ് അപ്പോഴെല്ലാം അമേരിക്ക സ്വീകരിച്ചത്. ഒബാമ ഭരണകൂടത്തിന്റെ നിസംഗതയെ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ് അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. ഇത്തരത്തില്‍ ആഭ്യന്തരവും വൈദേശികവുമായ സമ്മര്‍ദ്ദങ്ങളാണ് സിറിയന്‍ വിഷയത്തില്‍ നിലപാട് മാറ്റാന്‍ ഒബാമയെ പ്രരിപ്പിച്ചതെന്നു വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: