റിയോ ഡി ജെയിനെറോ: ഒടുവില്‍ കാനറികള്‍ വിജയവഴിയില്‍ തിരിച്ചെത്തി. കോണ്‍ഫെഡറേഷന്‍ കപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സിനെ കീഴ്പ്പെടുത്തിയതോടെയാണ് ബ്രസീല്‍ വിജയവഴിയില്‍ തിരിച്ചെത്തിയത്. ഈ വര്‍ഷം കളിച്ച 7 മത്സരങ്ങളില്‍ രണ്ടാമത്തെ വിജയമാണിത്.
കഴിഞ്ഞ ഏപ്രില്‍ 7ന് ബൊളീവിയയെ 4-0ന് പരാജയപ്പെടുത്തിയിരുന്നു. ഒരു മത്സരം മാത്രമേ ബ്രസീല്‍ ഈ വര്‍ഷം പരാജയപ്പെട്ടിട്ടുള്ളൂ. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇംഗ്ലണ്ടാണ് ബ്രസീലിനെ പരാജയപ്പെടുത്തിയത്. ബാക്കി മത്സരങ്ങളെല്ലാം സമനിലയില്‍ കലാശിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ഇംഗ്ലണ്ട് ബ്രസീലിനെ സമനിലയില്‍ തളച്ചിരുന്നു. 21 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ബ്രസീല്‍ ഫ്രാന്‍സിനെ കീഴടക്കുന്നത്.
ഇന്നലെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ ഫ്രഞ്ച് പടയെ തകര്‍ത്തത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷമായിരുന്നു മൂന്നു ഗോളുകളും പിറന്നത്. ബ്രസീലിനുവേണ്ടി ഓസ്കര്, ഹെര്‍നാനസ്, ലൂക്കാസ് എന്നിവരാണ് ഗോള്‍ നേടിയത്. ഈ വിജയം കോണ്‍ഫെഡറേഷന്‍ കപ്പിനിറങ്ങുന്ന ബ്രസീല്‍ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. കഴിഞ്ഞ ബുധനാഴ്ച ഉറുഗ്വെയോട് 1-0ന് പരാജയപ്പെട്ട ഫ്രാന്‍സിന് ബ്രസീലിനോട് ഏറ്റ പരാജയം കൂടുതല്‍ കനത്തതായി.
ആവേശകരമായ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. ഇരുടീമുകള്‍ക്കും ചില നല്ല അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ മാത്രം കഴിഞ്ഞില്ല. രണ്ടാം പകുതി ആരംഭിച്ച 9 മിനിറ്റ് പിന്നിട്ടപ്പോള്‍ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. ഫ്രെഡിന്റെ പാസ് സ്വീകരിച്ച ചെല്‍സിയന്‍ താരം ഓസ്കര് പന്ത് ഫ്രഞ്ച് വലയിലെത്തിക്കുകയായിരുന്നു. പിന്നീട് 65-ാം മിനിറ്റില്‍ ഫ്രെഡിന്റെ തകര്‍പ്പന്‍ ഷോട്ട് ഉജ്ജ്വലമായ മെയ്വഴക്കത്തോടെ ഫ്രാന്‍സ് ഗോളി രക്ഷപ്പെടുത്തി. വീണ്ടും തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ സൂപ്പര്‍താരം നെയ്മറിന്റെ നേതൃത്വത്തില്‍ കാനറികള്‍ ഫ്രാന്‍സ് ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 85-ാം മിനിറ്റില്‍ ഹെര്നാനസിലൂടെ കാനറികള്‍ ലീഡ് ഉയര്‍ത്തി. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ പന്തുമായി കുതിച്ചുകയറിയ സൂപ്പര്‍താരം നെയ്മര്‍ അളന്നുമുറിച്ച് നല്കിയ ക്രോസില്‍ നിന്നാണ് ഹെര്‍നാനസ് ബ്രസീലിന്റെ ലീഡ് ഉയര്‍ത്തിയത്. ഇഞ്ച്വറി സമയത്തിന്റെ മൂന്നാം മിനിറ്റില്‍ ഒരു പെനാല്‍റ്റിയിലൂടെ ബ്രസീല്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ബോക്സിനുള്ളില്‍ വച്ച് മാഴ്സെലോയെ മാത്തേയു ഡെബൂച്ചി വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത ലൂക്കാസ് ഫ്രഞ്ച് ഗോളിയെ നിഷ്പ്രഭനാക്കി പന്ത് വലയിലെത്തിച്ചതോടെ ബ്രസീലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: