ആലപ്പുഴ: മത്സ്യസമ്പത്തിനെയും പരിസ്ഥിതിയെയും തകര്‍ത്ത അനിയന്ത്രിത ടൂറിസം വികസനം കുട്ടനാട്ടിലെ കാര്‍ഷിക മേഖലയെയും സാരമായി ബാധിക്കുന്നു. ടൂറിസം കുത്തകകളുടെ സ്വാധീനങ്ങള്‍ക്ക് വഴങ്ങി തണ്ണീര്‍മുക്കം ബണ്ട് യഥാസമയം അടയ്ക്കാതെയാണ് കുട്ടനാട്ടിലെ കാര്‍ഷിക മേഖലയെ അധികൃതര്‍ തന്നെ തകര്‍ക്കുന്നത്. കഴിഞ്ഞ പുഞ്ചകൃഷിയുടെ വിളവെടുപ്പ് വന്‍തോതില്‍ ഇടിയാന്‍ കാരണ ഓരുവെള്ളം കയറിയതിനാലാണെന്ന് കര്‍ഷകര്‍ പരിതപിക്കുന്നു.
ടൂറിസം മാഫിയകളുടെ താല്പര്യങ്ങള്ക്ക് വഴങ്ങി തണ്ണീര്‍മുക്കം ബണ്ട് യഥാസമയം അടച്ചിരുന്നില്ല. കര്‍ഷക പ്രതിഷേധം ശക്തമായപ്പോള്‍ അടച്ച ബണ്ട് പിന്നീട് ഹൗസ് ബോട്ടുടമകളുടെ സ്വാധീനത്തെ തുടര്‍ന്ന് വീണ്ടും തുറക്കുകയായിരുന്നു. അതിനാലാണ് ജലാശയങ്ങളില്‍ ഓരുവെള്ളം കയറിയത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കുട്ടനാടന്‍ ജലാശയങ്ങളിലെ ഉപ്പിന്റെ അളവ് അഞ്ച് ശതമാനം വരെയായിരുന്നു. അതിനാല്‍ പുഞ്ചകൃഷിയുടെ തുടക്ക സമയത്ത് പാടശേഖരങ്ങളില്‍ വെള്ളം കയറ്റാന്‍ സാധിച്ചില്ല.
വിദേശിയര്‍ അടക്കം നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന സീസണായതിനാല്‍ ടൂറിസം കുത്തകകള്‍ തണ്ണീര്‍മുക്കം ബണ്ട് അടയ്ക്കുന്നതിനെതിരെ സര്‍ക്കാരില്‍ കടുത്ത സമ്മര്‍ദം ചെലുത്തുകയായിരുന്നു. ജനപ്രതിനിധികളും സിനിമാതാരങ്ങളും വന്‍കിട വ്യവസായികളും വന്‍തോതില്‍ മുതല്‍മുടക്കിയിട്ടുള്ള ടൂറിസം മേഖലയുടെ സംരക്ഷണമായിരുന്നു കുട്ടനാട്ടിലെ കാര്‍ഷിക മേഖലയേക്കാള്‍ സര്‍ക്കാരിന് താല്പര്യം. ഇതേത്തുടര്‍ന്ന് ടൂറിസം കുത്തകകള്‍ നേട്ടമുണ്ടാക്കിയെങ്കിലും നെല്ലുല്പദനത്തില് 25 ശതമാനത്തിലേറെ കുറവാണുണ്ടായത്.
99834.8 ടണ്‍ നെല്ലാണ് ഇത്തവണ പുഞ്ചകൃഷിയില്‍ നിന്ന് സംഭരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ പുഞ്ചകൃഷിയില്‍ 1,30,000 ടണ്‍ നെല്ലുല്പാദിപ്പിച്ച സാഹചര്യത്തിലാണിത്. ഇത്തവണ 30,000ലേറെ ടണ്‍ നെല്ല് കുറയാനുള്ള പ്രധാന കാരണം ഉപ്പുവെള്ളം കയറിയതിനാലാണെന്ന് കര്‍ഷകര്‍ പറയുന്നു.
വേനല്‍മഴ, കൊയ്ത്ത് യന്ത്രക്ഷാമം തുടങ്ങി യാതൊരു പ്രതിസന്ധികളും ഇല്ലാതിരുന്ന സാഹചര്യത്തില്‍ റെക്കോര്‍ഡ് വിളവ് ലഭിക്കുക്കേണ്ടതായിരുന്നു. എന്നാല്‍ ടൂറിസം കുത്തകകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളാണ് നെല്ലുല്പാദനത്തില് വന്‍ കുറവുണ്ടാകാന്‍ കാരണമെന്നും കര്‍ഷകര്‍ പറയുന്നു. ടൂറിസം വികസനത്തിന് വേണ്ടി മത്സ്യ-നെല്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുന്നതിന്റെ പ്രത്യക്ഷോദാഹരണമാണിത്.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: