ശാസ്താംകോട്ട: ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കൊടിമരം സ്വര്‍ണം പൂശിയതില്‍ നടന്ന അഴിമതിക്കെതിരെ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പി.എം.വേലായുധന് അറിയിച്ചു.
ഈശ്വരീയമാര്ഗത്തില് ഭക്തജനങ്ങളെ സംഘടിപ്പിച്ചാകും സമരപാതയിലിറങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശാസ്താംകോട്ട ക്ഷേത്രത്തിലെ കൊടിമരം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കൊടിമരത്തില്‍ സ്വര്‍ണം പൂശി രണ്ടുമാസത്തിനുള്ളില്‍ ക്ലാവ് പിടിക്കുന്നത് ചരിത്രത്തിലെ ആദ്യസംഭവമാണ്. കൊടിമരത്തില്‍ സ്വര്‍ണം പൂശാന്‍ ആറ് കിലോ സ്വര്‍ണം വേണ്ടിവന്നുവെന്ന് പറയുമ്പോള്‍ അഞ്ചരകിലോഗ്രാമാണ് ഉപയോഗിച്ചതെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നു. അഴിമതി നടന്നതിന്റെ വ്യക്തമായ തെളിവുകള്‍ ഇതിനകം ബിജെപിക്ക് ലഭിച്ചിട്ടുണ്ട്. ജനകീയപ്രക്ഷോഭത്തിനൊപ്പം നിയമനടപടിക്കും ബിജെപി തയ്യാറെടുത്തുകഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. സ്വര്‍ണത്തിന്റെ അംശം കുറഞ്ഞതാണ് കൊടിമരം ക്ലാവ് പിടിക്കാന്‍ കാരണമെന്ന് പകല്‍ പോലെ വ്യക്തമാണ്. ദേവസ്വം ഉന്നതര്‍ക്കൊപ്പം ക്ഷേത്രഭരണസമിതിയും ഈ സംഭവത്തില്‍ പ്രതിസ്ഥാനത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ പോലീസ് പട്ടികജാതിവിഭാഗത്തെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണെന്ന് പി.എം.വേലായുധന് ആരോപിച്ചു. കുമരംചിറ ക്ഷേത്രത്തിലെ ഫ്ലക്സ് ബോര്‍ഡ് തകര്‍ത്ത സംഭവത്തില്‍ പട്ടികജാതിക്കാരായ ഹിന്ദുയുവാക്കളെ പോലീസ് വേട്ടയാടുകയാണ്. കോണ്‍ഗ്രസ്-എന്‍ഡിഎഫ് കൂട്ടുകെട്ട് നേതൃത്വം പോലീസിന് നല്കുന്ന ലിസ്റ്റ് പ്രകാരമാണ് ഹിന്ദുഭവനങ്ങളില്‍ ശാസ്താംകോട്ട സിഐയുടെ നേതൃത്വത്തില്‍ തേര്‍വാഴ്ച നടത്തുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ബിജെപി സംഘടിപ്പിക്കും. ഉന്നത പോലീസ് അധികാരികളെ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയുക്ത ജില്ലാ പ്രസിഡന്റ് എം.സുനില്‍, നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്.വിജയന്, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജി.ഗോപിനാഥ്, പള്ളിശേരിക്കല്‍ രാജേന്ദ്രന്‍പിള്ള, പി.എന്‍.മുരളീധരന്‍പിള്ള, പത്മകുമാര്‍, ജയകൃഷ്ണന്, ഡി.സുഗതന്, മധു, ഓമനാദാസ്, രാജിപ്രസാദ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: