ബെര്‍ലിന്‍: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിലെ മനുഷ്യാവകാശ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഐക്യരാഷ്ട്ര സംഘടന 502 കോടി ഡോളറിന്റെ ധനസഹായം അഭ്യര്‍ഥിച്ചു.
ചരിത്രത്തിലാദ്യമായാണ് ഒരു രാജ്യത്തെ ദുരിത നിവാരണത്തിനുവേണ്ടി യുഎന്‍ ഇത്രയും വലിയ തുക ചോദിക്കുന്നത്. ഈ വര്‍ഷം അവസാനം വരെ സിറിയയിലെയും അയല്‍ രാജ്യങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അംഗീകൃത ഏജന്‍സികള്‍ക്കും സ്വതന്ത്ര ദുരിതനിവാരണ സംഘടനകള്‍ക്കും ഇത്രയും തുക ആവശ്യമാണെന്ന് യുഎന്‍ വ്യക്തമാക്കി. സിറിയയില്‍ ഈവര്‍ഷം 300 കോടി ഡോളര്‍ ചെലവിടേണ്ടിവരുമെന്നായിരുന്നു യുഎന്‍ കണക്കുകൂട്ടിയിരുന്നത്.എന്നാല്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമായ പശ്ചാത്തലത്തില്‍ കൂടുതല്‍ തുക സമാഹരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സാഹചര്യങ്ങള്‍ ഒന്നുകൂടി വഷളായിക്കഴിഞ്ഞു. സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. ഏഴുപതുലക്ഷം ജനങ്ങള്‍ ആഭ്യന്തര യുദ്ധത്തിന്റെ ദുരതംപേറുന്നു. ജോര്‍ദാന്‍, ലബനന്, തുര്‍ക്കി, ഇറാഖ് എന്നിവിടങ്ങളിലേക്ക് സിറിയന്‍ അഭയാര്‍ഥികള്‍ ഒഴുകുകയാണ്.
രണ്ടുവര്‍ഷത്തിനിടെ 80000 പേര് കൊല്ലപ്പെട്ടു. സിറിയന്‍ ജനത അനുഭവിക്കുന്ന ക്ലേശങ്ങള്‍ അതിഭീകരം, യുഎന്നിന്റെ മനുഷ്യവകാശ പ്രവര്‍ത്തകരില്‍ പ്രമുഖനായ വലെറെ ആമോസ് പറഞ്ഞു.
രാജ്യംവിട്ട് പോയവരെ സഹായിക്കാന്‍ 200 കോടി ഡോളറിലധികംവേണം .രാജ്യത്തിനകത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി നൂറു കോടി വെറെയും. ആഹാരവും മരുന്നുമാണ് സിറിയയില്‍ ഏറ്റവും വേഗം എത്തിക്കേണ്ടത്. ഭക്ഷ്യവില അടുത്തിടെയായി കുതിച്ചു കയറുന്നു.
കോളറയും ടൈഫോയ്ഡും മഞ്ഞപ്പിത്തവും പോലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍ക്കഴിഞ്ഞു. സിറിയയിലെ ഭൂരിഭാഗം ആശുപത്രികളും പ്രവര്‍ത്തന രഹിതമാണെന്നും കുടിവെള്ളവിതരണം തടസപ്പെട്ടിരിക്കുകയാണെന്നും ആമോസ് വെളിപ്പെടുത്തി.
അഭയാര്‍ഥികള്‍ക്ക് താമസ സൗകര്യമൊരുക്കേണ്ടതിന്റെ അനിവാര്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: