തിരുവനന്തപുരം: തിരുവനന്തപുരത്തെ തിരുനെല്‍വേലിയുമായി ബന്ധിപ്പിക്കുന്ന കോട്ടൂര്‍-അംബാസമുദ്രം പദ്ധതിക്ക് 61 വര്‍ഷത്തെ കാത്തിരിപ്പ്. രാജഭരണകാലത്ത് കേരളവും തമിഴ്നാടും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ഈ പാത യാഥാര്‍ഥ്യമാക്കണമെന്ന് പദ്ധതി നിര്‍ദ്ദേശത്തിന് കേന്ദ്രസര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും പച്ചക്കൊടി കാട്ടിയിട്ടും സംസ്ഥാന സര്‍ക്കാര്‍ അവഗണന തുടരുന്നു.
നിലവില്‍ തിരുനെല്‍വേലിയിലേക്ക് തിരുവനന്തപുരത്തുനിന്നും നാഗര്‍കോവില്‍വഴി 150 കിലോമീറ്ററാണുള്ളത്. നെടുമങ്ങാട് കോട്ടൂര്വഴി അംബാസമുദ്രം റോഡ് പദ്ധതി യാഥാര്‍ഥ്യമായാല്‍ 68 കിലോമീറ്ററാണ് ലാഭിക്കാനാവുക. തിരുവനന്തപുരത്ത് നിന്നും തിരുനെല്‍വേലിയിലേക്ക് ദിനംപ്രതി 4000ത്തോളം വലിയ ചരക്ക് വാഹനങ്ങളാണ് കടന്നുപോകുന്നത്. പാത യാഥാര്‍ഥ്യമായാല്‍ പ്രതിവര്‍ഷം കുറഞ്ഞത് 446കോടിയുടെ ഇന്ധനലാഭം ഉണ്ടാകും.
കോട്ടൂര്‍-അംബാസമുദ്രം പാതയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പണ്ട് തിരുമല നായ്ക്കന്റെ ആക്രമണം മധുരയില്‍ ഉണ്ടായപ്പോള്‍ ജനങ്ങള്‍ കേരളത്തിലെത്തിയത് ഈ പാത വഴിയാണ്.
വേണാട് ഭരണകാലത്ത് തമിഴ്നാട്ടില്‍നിന്നും ആക്രമണമുണ്ടാകാതിരിക്കാന്‍ ഭരണാധികാരികള്‍ മലയിടിച്ചും മരങ്ങള്‍ വെട്ടി വീഴ്ത്തിയും പാത ദുര്‍ഘടമാക്കി. പിന്നീട് പലപ്പോഴും തമിഴ്നാട്ടില്‍നിന്നും അരി കൊണ്ടുവരാന്‍ കഴുതകളെയും കാളവണ്ടികളെയും ഈ പാതവഴി ജനങ്ങള്‍ ഉപയോഗിച്ചിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് തമിഴ്നാട്ടിലുള്ള പലനേതാക്കളും കേരളത്തിലുള്ള പല നേതാക്കന്മാരുമായി പരസ്പര കൂടിക്കാഴ്ചയ്ക്ക് ഈ പാത ഉപയോഗിച്ചിരുന്നു. ഇതറിഞ്ഞ ഭരണാധികാരികള്‍ പാങ്ങോട് പട്ടാളക്യാമ്പില്‍നിന്ന് പട്ടാളത്തെ നിയോഗിച്ച് ഇവിടുത്തെ അതിര്‍ത്തി അടച്ചിരുന്നു.
1952ലാണ് പദ്ധതിയെക്കുറിച്ചുള്ള ആദ്യ ചര്‍ച്ച വരുന്നത്. പില്ക്കാലങ്ങളില് മന്ത്രിമാരായ ടി.കെ.ദിവാകരനും പങ്കജാക്ഷനുമടക്കമുള്ളവര് പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചുവെങ്കിലും വനം വകുപ്പ് പദ്ധതിയെ എതിര്‍ത്തു. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകുമെന്ന നിലപാടിലായിരുന്നു ഇത്. എന്നാല്‍ തിരുവനന്തപുരത്തുനിന്നും കോട്ടൂര്വരെയും വണ്ടിപ്പേട്ട നിന്ന് പാണ്ടിപത്ത് വരെയും റോഡ് നിലവിലുണ്ടായിരുന്നു. ഇടയ്ക്കുള്ള 10 കിലോമീറ്ററില്‍ രണ്ടോ മൂന്നോ തുരങ്കങ്ങള്‍ നിര്‍മിച്ചാല്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് ചൂണ്ടിക്കാട്ടി ക്യാപ്റ്റന്‍ കെ.എ. പിള്ള പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി നല്കി. 3,500 കോടിരൂപയുടെ പദ്ധതിയാണ് വിഭാവന ചെയ്തത്.
ബിഒടി വ്യവസ്ഥയില്‍ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതി മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി എം.കെ. മുനീറിന്റെ ശ്രദ്ധയില്‍ എ. സമ്പത്ത് എംപി കൊണ്ടുവന്നിരുന്നു. മുനീര്‍ പദ്ധതിയില്‍ ആദ്യം താത്പര്യമെടുത്തുവെങ്കിലും പിന്നീട് ഫയല്‍ ചുവപ്പുനാടയില്‍ കുടുങ്ങി. തുടര്‍ന്നുള്ള പല എംപി തല അവലോകനയോഗങ്ങളിലും പദ്ധതി നിര്‍ദ്ദേശം ഉയര്‍ന്നുവെങ്കിലും പൊതുമരാമത്ത് വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ല.
പാര്‍ലമെന്റില്‍ പദ്ധതി അവതരിപ്പിച്ചപ്പോള്‍ നടപ്പാക്കാന്‍ തമിഴ്നാട് സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മുന്കയ്യെടുക്കാന് കേന്ദ്രമന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇപ്പോള്‍ തമിഴ്നാട് സര്‍ക്കാര്‍ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നും തികഞ്ഞ നിസംഗതയാണുള്ളത്.
വിഴിഞ്ഞംപദ്ധതി യാഥാര്‍ഥ്യമായാല്‍ ചരക്കുഗതാഗതം സുഗമമാക്കാന്‍ കോട്ടൂര്‍- അംബാസമുദ്രം റോഡ് വളരെയേറെ ഉപകരിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: