ആലപ്പുഴ: കെഎസ്ആര്‍ടിസിക്ക് പിന്നാലെ ജലഗതാഗത വകുപ്പും നഷ്ടങ്ങളുടെ ആഴക്കയങ്ങളിലേക്ക്. 12 കോടി രൂപയാണ് പ്രതിവര്‍ഷം വകുപ്പിന് നഷ്ടം സംഭവിക്കുന്നത്. റോഡ് ഗതാഗത സൗകര്യം ഇല്ലാത്ത പ്രദേശങ്ങളിലെ ഏകാശ്രയമാണ് ജലഗതാഗത വകുപ്പിന്റെ സര്‍വീസുകള്‍. നഷ്ടം വര്‍ധിച്ച് സര്‍വീസുകള്‍ നിര്‍ത്തലാക്കിയാല്‍ ഇത് പ്രദേശവാസികളെ ബാധിക്കുമെന്ന് തീര്‍ച്ചയാണ്.
ടിക്കറ്റ് ചാര്‍ജ് കൂട്ടിയാല്‍ ഒരു പരിധിവരെ നഷ്ടം നികത്താനാകാന് സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം ടിക്കറ്റ് നിരക്ക് മിനിമംചാര്‍ജ് അഞ്ച് രൂപയാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇത് പ്രാബല്യത്തില്‍ വന്നിട്ടില്ല. ടിക്കറ്റ്നിരക്ക് അഞ്ചുരൂപയാക്കി ഉയര്‍ത്തിയാലും ആറുകോടിരൂപയുടെ നഷ്ടമേ നികത്താന്‍ സാധിക്കുകയുള്ളൂ. ഇപ്പോള്‍ സംസ്ഥാനത്താകെ 50 ബോട്ടുകളാണ് സര്‍വ്വീസ് നടത്തുന്നത് ഇതില്‍ 48 എണ്ണം മാത്രമെ ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നുള്ളു. രണ്ട് ബോട്ടുകള്‍ കട്ടപുറത്തായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. 48 എണ്ണത്തില്‍ 12 എണ്ണം സ്റ്റീല്‍ ബോട്ടുകളാണ്. ബാക്കിയുള്ളത് തടി കൊണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതാണ് ഇതിന് കേടുപാടുകള്‍ ഉണ്ടായാല്‍ പോലും അറ്റകുറ്റപണി നടത്താന്‍ ആളെ കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് അധികൃതര്‍ പറയുന്നു.
ഡീസലിന്റെ വിലവര്‍ധനവും സര്‍വീസ് നടത്തുന്ന പ്രദേശങ്ങളില്‍ ജലഗതാഗതവകുപ്പിന്റെ കീഴില്‍ ഡീസല്‍ പമ്പുകളില്ലാത്തതും വകുപ്പിനെ ഏറെ വലയ്ക്കുന്നുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ മാത്രമാണ് ജലഗതാഗതവകുപ്പിന് പമ്പുകളുള്ളത്. മറ്റു സ്ഥലങ്ങളില്‍ സ്വകാര്യപമ്പുകളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. രണ്ട് ഡ്രൈവര്‍മാര്‍, രണ്ട് ഗാര്‍ഡുകള്‍, ബോട്ട് മാസ്റ്റര്‍ എന്നീ അഞ്ച് ജീവനക്കാരുമാണ് ഒരു സര്വീസിനാവശ്യമുള്ളത്. ഇവരുടെ ശമ്പളവും കൂടിയാകുമ്പോള്‍ നഷ്ടക്കണക്ക് വര്‍ധിക്കുകയാണ്.
ബോട്ടിലേക്കാവശ്യമായ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയി തുടങ്ങിയ സുരക്ഷഉപകരണങ്ങള് ഓരോവര്‍ഷവും വാങ്ങുന്നത് വന്‍ വിലയ്ക്കാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇതെല്ലാം തന്നെ ജലഗതാഗതവകുപ്പിനെ നഷ്ടത്തിലാക്കാന്‍ പ്രധാനകാരണങ്ങളായി നിലനില്ക്കുന്നു. മറ്റ് സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകളൊന്നും മുടക്കമില്ലാതെ നടക്കുന്നുണ്ട്. അതേസമയം നഷ്ടം നേരിടുകയാണെങ്കിലും ജലഗതാഗതവകുപ്പ് ബോട്ടുചാലുകള് ആഴം കൂട്ടുന്നതിനും മണ്‍തിട്ടകള്‍ കണ്ടെത്തുന്നതിനുമായി ഹൈഡ്രോഗ്രാഫിക് സര്‍വേ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
റോഡ് ഗതാഗത സൗകര്യങ്ങള്‍ ഏറെ വര്‍ധിച്ചെങ്കിലും കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ഏകാശ്രയം ഇന്നും ജലഗതാഗത വകുപ്പിന്റെ സര്‍വീസുകള്‍ മാത്രമാണ്.
കെ.പി.അനിജമോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: