പാലക്കാട്: സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനം കെ. കൃഷ്ണന്‍കുട്ടി രാജി വച്ചു. എം.പി വീരേന്ദ്രകുമാറുമായുള്ള അഭിപ്രായഭിന്നതയാണ് രാജിക്ക് കാരണം. രാജിക്കത്ത് ഇന്ന് രാവിലെ വീരേന്ദ്രകുമാറിന് ഫാക്സ് വഴി കൈമാറി. എന്നാല്‍ പാര്‍ട്ടി അംഗത്വം തല്ക്കാലം കൃഷ്ണന്‍കുട്ടി രാജിവച്ചിട്ടില്ല.
കേന്ദ്ര കാര്‍ഷിക നയങ്ങളോടുള്ള വിയോജിപ്പ് കാരണമാണ് രാജിയെന്നാണ് രാജിക്കത്തില്‍ പറഞ്ഞിട്ടുള്ളതെങ്കിലും ഏറെ നാളായി അദ്ദേഹം സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകമായി തുടരുമെന്ന് അറിയിച്ച അദ്ദേഹം കാര്‍ഷിക മേഖലയില്‍ ശ്രദ്ധ കേന്ദ്രീ കരിക്കാനാണ് വൈസ് പ്രസിഡന്റ് സ്ഥാനം രാജി വച്ചതെന്ന് അറിയിച്ചു.
അതേസമയം രാജി വച്ചില്ലായിരുന്നെങ്കില്‍ കൃഷ്ണന്‍കുട്ടിയെ മാറ്റുമായിരുന്നുവെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ ചിറ്റൂര്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ കൃഷ്ണന്‍കുട്ടി യു. ഡി. എഫുമായി അകന്ന് നില്‍ക്കുകയായിരുന്നു. അടുത്ത കാലത്തായി ഇടത് മുന്നണിയുമായി സഹകരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.
ജില്ലാ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സഖ്യത്തിനൊപ്പമാണ് സോഷ്യലിസ്റ്റ് ജനത ജില്ലയില്‍ മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: