കണ്ണൂര്‍: നാറാത്ത് ആയുധപരിശീലനത്തിനിടെ 21 മതഭീകരവാദികള്‍ അറസ്റ്റിലായ സംഭവത്തില്‍ പോലീസ് അന്വേഷണം വഴിമുട്ടുന്നു. ഏപ്രില്‍ 23നാണ് ഇവര്‍ പോലീസിന്റെ വലയിലായത്. ഭീകരവിരുദ്ധ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വത്തെത്തന്നെ ബാധിക്കുന്ന കേസെന്ന നിലയ്ക്ക് സംഭവം ദേശീയശ്രദ്ധയാകര്ഷിച്ചിരുന്നു. പോലീസിന് ലഭിച്ച തെളിവുകളും കണ്ടെത്തലുകളും ഞെട്ടിക്കുന്നതായിരുന്നു. 21 മൊബെയില്‍ ഫോണുകള്‍, എടിഎം കാര്‍ഡുകള്‍, വിദേശബന്ധം തെളിയിക്കുന്ന നിരവധി രേഖകള്‍, ഉഗ്രസ്ഫോടക ശേഷിയുള്ള ബോംബുകള്‍ തുടങ്ങിയവ പരിശീലന കേന്ദ്രത്തില്‍ നിന്നും ലഭിച്ചിരുന്നു. ആയുധ പരിശീലനത്തിന് വേണ്ട ചില സാമഗ്രികള്‍, ഉന്നം തെറ്റാതെ വെടിയുണ്ട കൊള്ളിക്കാനുള്ള പരിശീലനത്തിന് മരത്തില്‍ തീര്‍ത്ത ആള്‍രൂപം എന്നിവയും പോലീസ് കണ്ടെത്തിയിരുന്നു. പ്രമുഖ രാഷ്ട്രീയനേതാക്കളുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയ ഡയറിയും ഭീകരവാദം പ്രചരിപ്പിക്കുന്നതിനുള്ള ലഘുലേഖകളും പോലീസിന് ലഭിച്ചിരുന്നു.
കണ്ണൂര്‍ ഡി.വൈ.എസ്.പി പി. സുകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണത്തിന്റെ ചുമതല. തുടക്കത്തില്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ ഭരണപക്ഷത്തെ ചില ഉന്നതര്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. പോലീസ് സാന്നിധ്യം തിരിച്ചറിഞ്ഞ് ഇവിടെനിന്നും നാലുപേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇതില്‍ പ്രധാനിയായ കമറുദ്ദീനാണ് തീവ്രവാദ കേന്ദ്രത്തിലെ പ്രമുഖനെന്നും പോലീസിന് വ്യക്തമായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്താല്‍ ആയുധപരിശീലനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും എന്നറിഞ്ഞിട്ടും അതിനുള്ള ഊര്‍ജിത നീക്കം അന്വേഷണസംഘത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. കമറുദ്ദീന് വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്. അറസ്റ്റിലായ 21 പേരും ഇപ്പോള്‍ റിമാന്റിലാണ്. തെളിവ് ശേഖരിക്കുന്നതിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിനോട് ഇവര്‍ സഹകരിക്കാത്തതിനാല്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചില്ലെന്നും സൂചനയുണ്ട്. അറസ്റ്റിലായ പ്രതികള്‍ക്ക് വിഐപി പരിഗണനയാണ് ജയിലിലും പുറത്തും ലഭിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
കേസിന്റെ രാജ്യാന്തരബന്ധം കണക്കിലെടുത്ത് ദേശീയ അന്വേഷണ ഏജന്‍സി തുടരന്വേഷണം ഏറ്റെടുക്കും എന്നായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. എന്‍ഐഎ ഉദ്യോഗസ്ഥര്‍ കണ്ണൂരിലെത്തി പ്രാരംഭവിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്ന് അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണ് സൂചന. കേരളത്തിനകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെട്ട കേസിന്റെ അന്വേഷണം വഴിമുട്ടി നില്‍ക്കുന്നുവെന്നാണ് നിലവിലെ സംഭവവികാസങ്ങള്‍ നല്കുന്ന സൂചന.
കെ.സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: