മഹാബോധത്തില്‍ നിന്നും എന്തിന് തിരിച്ചുവരണം? ഈ സംശയത്തിന് മറുപടി പറയണമെങ്കില്‍ സൃഷ്ടിയുടെ പുറകിലുള്ള പ്രകൃതിയുടെ ഉദ്ദേശ്യത്തെക്കുറിച്ച് നാം കൂടുതല്‍ വ്യക്തമായി മനസ്സിലാക്കേണ്ടിവരും. സൃഷ്ടിക്കുപുറകിലുള്ള പ്രകൃതിയുടെ ഉദ്ദേശ്യത്തെ പൂര്‍ണമാക്കാതെ നമ്മുടെ ജീവിതയാത്ര അവസാനിക്കുകയില്ല. മഹാബോധത്തില്‍ വിലയം പ്രാപിച്ച ജീവന്മാര്പോലും ഒരുഘട്ടം കഴിഞ്ഞാല്‍ അതില്‍ നിന്ന് വേര്‍പെട്ട് ഭൂമിയില്‍ തന്നെ തിരിച്ചെത്തേണ്ടിവരും. പ്രകൃതിയുടെ ഉദ്ദേശ്യത്തെ പ്രാപിക്കാതെ ആര്‍ക്കും ഈ പ്രപഞ്ചത്തില്‍ നിന്ന് ശാശ്വതമായി രക്ഷപ്പെടാന്‍ സാധ്യമല്ല. അപ്പോള്‍ പിന്നെ പ്രകൃതിയുടെ ലക്ഷ്യം എന്ത് എന്ന ചോദ്യത്തിന് ഉത്തരം കാണണം. അതാണല്ലോ ധര്‍മസൂത്രത്തില്‍ നാലാമത്തെ സൂത്രംകൊണ്ട് വ്യക്തമാക്കിത്തന്നിരിക്കുന്നത്. ഓര്‍ക്കാന്‍വേണ്ടി ആ സൂത്രത്തെ വീണ്ടും ഉദ്ധരിക്കാം.
‘ദിവ്യം പൂര്ണത്വമേവ പ്രകൃതേര്‍ ലക്ഷ്യം’
അതെ, ദിവ്യമായ പൂര്‍ണതയാണ് പ്രകൃതിയുടെ ലക്ഷ്യം. ജീവന് തത്പദം പ്രാപിച്ചതുകൊണ്ട് മാത്രം ദിവ്യമായ പൂര്‍ണത നമുക്ക് സിദ്ധിക്കുന്നില്ല. ദിവ്യമായ പൂര്‍ണത കൈവരണമെങ്കില്‍ പരമബോധത്തില്‍ താദാത്മ്യം പ്രാപിച്ച ജീവന് അതില്‍ നിന്നും ദിവ്യമായ പുനര്ജന്മം നേടുകയും ജീവബോധത്തിന്റെ സമസ്ത മണ്ഡലങ്ങളെയും ചലനങ്ങളെയും ദിവ്യത്വത്തിലേക്ക് ഉയര്‍ത്തുകയും വേണം. അതിനുള്ള ഉപായങ്ങളാണ് തുടര്‍ന്നുവരുന്ന സൂത്രങ്ങളില്‍ വിസ്തരിച്ചിട്ടുള്ളത്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: