ലണ്ടന്‍: പാര്‍ലമെന്റ് അംഗങ്ങളുമായി ബന്ധപ്പെട്ട കോഴ വിവാദങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിനെ പിടിച്ചുലയ്ക്കുന്നു.
നെവാര്‍ക്ക് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന പാട്രിക് മെര്ക്കര്ക്കു പിന്നാലെ മൂന്ന് ബ്രിട്ടീഷ് എംപിമാര്‍കൂടി കോഴവാങ്ങിയെന്ന് തെളിഞ്ഞു. ഉപരിസഭയായ ഹൗസ് ഒഫ് ലോര്‍ഡ്സിലെ അംഗങ്ങളായ ബ്രയാന്‍ മക്കെന്‍സി, ജാക് കണ്ണിങ്ന്‍ഘാം, ജോണ്‍ ലെയര്‍ഡ് എന്നിവരാണ് ഒരു സോളാര്‍ കമ്പനിയുടെ ഇടനിലക്കാരെന്ന വ്യാജേന സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ടര്‍മാര്‍ നടത്തിയ വ്യത്യസ്ത ഒളിക്യാമറ ഓപ്പറേഷനുകളില്‍ കുടുങ്ങിയത്.
കമ്പനിക്കുവേണ്ടി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനും മന്ത്രിമാരെ സ്വാധീനിക്കുന്നതിനും ഹൗസ് ഓഫ് ലോര്‍ഡ്സിന്റെ പരിസരത്ത് ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ അവസരമൊരുക്കുന്നതിനും, ഇവര്‍ പണം വാങ്ങുകയായിരുന്നു. ഇതില്‍ മക്കന്‍സിയും കണ്ണിങ്ന്ഘാമും പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ പ്രതിനിധികളാണ്. ലെയര്‍ഡ് ഉള്‍സ്റ്റര്‍ യൂണിയനിസ്റ്റ് പാര്‍ട്ടി അംഗവും.
ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മക്കന്‍സിയെയും കണ്ണിങ്ന്ഘാമിനെയും പാര്‍ട്ടി പുറത്താക്കി. ലെയര്‍ഡ് പാര്‍ട്ടി അംഗത്വം രാജിവച്ചിട്ടുണ്ട്. പാര്‍ലമെന്റ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ലേബര്‍ പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: