വാഷിംഗ്ടണ്‍: അമേരിക്കയിലെ ഓക്ലഹോമ നഗരത്തില്‍ വീണ്ടും ചുഴലിക്കൊടുങ്കാറ്റ് നാശം വിതച്ചു. വെള്ളിയാഴ്ച നഗരത്തില്‍ വീശിയടിച്ച കാറ്റില്‍ ഒരു അമ്മയും കുഞ്ഞും ഉള്‍പ്പെടെ അഞ്ചു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദേശീയ പാതയോട് ചേര്‍ന്ന് തകര്‍ന്ന ഒരു വാഹനത്തില്‍ നിന്നുമാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെടുത്തത്.
ഒക്ലഹോമയുടെ പടിഞ്ഞാറ് ഭാഗത്തെത്തിയ അതിശക്തമായ ചുഴലിക്കാറ്റാണ് നഗരത്തില്‍ വ്യാപക നാശം വിതച്ചത്. കാറ്റില്‍ നിരവധി വാഹനങ്ങള്‍ തകരുകയും വാഹന യാത്രക്കാരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയും പെയ്തത് രക്ഷാ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.
വില്‍ റോജെര്സ് വേള്‍ഡ് എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെടേണ്ട വിമാനങ്ങളും വിമാനത്താവളത്തിലേക്ക് എത്തേണ്ട വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. കൊടുങ്കാറ്റിന് മുന്നോടിയായി കാലാവസ്ഥാ കേന്ദ്രം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഓക്ലഹോമയിലെ വില്‍ റോഗേഴ്സ് വിമാനത്താവളം അടച്ചിട്ടു. താല്‍ക്കാലിക രക്ഷാകേന്ദ്രമാക്കി മാറ്റിയ ഇവിടെ 1200 പേര്‍ക്ക് അഭയം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.
ഓക്ലഹോമയില്‍ അടുത്തിടെ വീശിയ ചുഴലിക്കാറ്റില്‍ 24 പേര് മരിക്കുകയും 13,000 ത്തോളം വീടുകള്‍ക്ക് കേടുപാട് പറ്റുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: