പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തിലെ കുറ്റിപ്പാടം കുന്നുംചിറങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ അമ്പലക്കുളം കയ്യേറി നീന്തല്‍ക്കുളം നിര്‍മ്മിക്കുവാന്‍ പഞ്ചായത്ത് അധികൃതര്‍ ഗൂഢനീക്കം നടത്തുന്നു. ഈ നടപടിക്കെതിരെ നാട്ടില്‍ ശക്തമായി പ്രതിഷേധവുമുയരുന്നുണ്ട്. ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഒരേക്കറോളം വരുന്ന കുളം ക്ഷേത്ര ആവശ്യങ്ങള്‍ക്ക് മാത്രമായിട്ടാണ് ഭക്തജനങ്ങള്‍ ഉപയോഗിച്ചുവരുന്നത്. ക്ഷേത്രത്തെയും വിശ്വാസത്തേയും തകര്‍ക്കുന്നതിനുള്ള ഗൂഢനീക്കമാണ് പഞ്ചായത്ത് ഭരണാധികാരികള്‍ നടത്തുന്നതെന്നും ഭക്തജനങ്ങള്‍ ആരോപിക്കുന്നു.
കുന്നുംചിറങ്ങര ക്ഷേത്രത്തിലെ പ്രതിഷ്ഠിച്ചിട്ടുള്ള ഭദ്രകാളി വിഗ്രഹം കാലങ്ങള്‍ക്ക് മുമ്പ് ഇതേ കുളത്തില്‍ നിന്നുതന്നെ ലഭ്യമായതാണെന്നും പറയുന്നു. മൂന്നുവശവും കൈതക്കാടുകള്‍ നിറഞ്ഞ കുളത്തിലേക്ക് ക്ഷേത്രത്തില്‍നിന്ന് മാത്രമേ പ്രവേശിക്കുവാന്‍ സാധിക്കുകയുള്ളൂ. ഇത് നീന്തല്ക്കുളമാക്കുന്നതിനായി ചുറ്റുമുള്ള സ്ഥലം മണ്ണിട്ട് നികത്തണമെന്നും ഇതിന്റെ മറവില്‍ ചില സ്വകാര്യ വ്യക്തികളുടെയും പാടങ്ങള്‍ നികത്തുന്നതിനുള്ള ശ്രമവും ഇതിന്റെ പിന്നിലുണ്ടെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
ക്ഷേത്രക്കുളം അനധികൃതമായി കയ്യേറുന്നത് ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അനുവദിക്കാവുന്നതല്ലെന്നും ക്ഷേത്ര ഭരണസമിതി പറഞ്ഞു. പഞ്ചായത്തിന്റെ നീക്കത്തിനെതിരെ കളക്ടര്‍, തഹസില്‍ദാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ക്ക് കമ്മറ്റി പരാതി നല്‍കിയിട്ടുണ്ട്. ക്ഷേത്രങ്ങള്‍ക്കെതിരെയുള്ള കയ്യേറ്റം അവസാനിപ്പിച്ചില്ലെങ്കില്‍ മുഴുവന്‍ ഭക്തജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ക്ഷേത്രസമിതി സെക്രട്ടറി എ.എന്‍.പ്രതാപ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: